ദോഹ: ഏഷ്യൻ ഒളിമ്പിക് കൗൺസിൽ (ഒ.സി.എ) ഭരണ നേതൃത്വത്തിലേക്ക് ഖത്തറിൽനിന്നും മൂന്നു പേർ. ഖത്തർ ഒളിമ്പിക് കമ്മിറ്റി സെക്രട്ടറി ജനറൽ ജാസിം ബിൻ റാഷിദ് അൽ ബുഐനൈൻ, ക്യു.ഒ.സി സെക്കൻഡ് വൈസ് പ്രസിഡന്റ് ഡോ. ഥാനി ബിൻ അബ്ദുൽ റഹ്മാൻ അൽ കുവാരി, മാർക്കറ്റിങ് ആൻഡ് ഇന്റർനാഷനൽ കോ-ഓപറേഷൻ ഡയറക്ടർ ശൈഖ അസ്മ ബിൻത് ഥാനി ആൽഥാനി എന്നിവരാണ് ഏഷ്യൻ ഒളിമ്പിക് കൗൺസിലിന്റെ ഭരണ തലപ്പത്തെത്തുന്നത്.
ഏഷ്യൻ ഒളിമ്പിക് കൗൺസിലിന്റെ 2030 ഏഷ്യൻ ഗെയിംസ് വൈസ് പ്രസിഡന്റായാണ് ജാസിം ബിൻ റാഷിദിനെ നിയമിച്ചത്. ഥാനി ബിൻ അബ്ദുൽറഹ്മാൻ അൽ കുവാരിയെ ഒ.സി.എയുടെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. ഖത്തറിൽ പർവതാരോഹക കൂടിയായ ശൈഖ അസ്മയെ ഒ.സി.എ ജെൻഡർ ഈക്വാലിറ്റി കമ്മിറ്റി വൈസ് ചെയർപേഴ്സനായി തെരഞ്ഞെടുത്തു.
ന്യൂഡൽഹിയിൽ ചേർന്ന ഏഷ്യൻ ഒളിമ്പിക് കൗൺസിലിന്റെ 44ാമത് ജനറൽ ബോഡിയിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഏഷ്യൻ അത്ലറ്റിക് അസോസിയേഷൻ പ്രസിഡന്റ് കൂടിയായ ഖത്തറിൽനിന്നുള്ള ദഹ്ലാൻ അൽ ഹമദിനെ ഇന്റർനാഷനൽ ഫെഡറേഷൻസ് വൈസ് ചെയർമാനായി തെരഞ്ഞെടുത്തിരുന്നു. മുൻ ഇന്ത്യൻ ഷൂട്ടിങ് താരം രൺധീർ സിങ് ആണ് പുതിയ ഒ.സി.എ പ്രസിഡന്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.