ദോഹ: ലോക രോഗിസുരക്ഷാ ദിനത്തിന്‍റെയും ഖത്തർ രോഗിസുരക്ഷാ വാരാചരണത്തിന്‍റെയും ഭാഗമായി വൈവിധ്യമാർന്ന ബോധവത്കരണ പരിപാടികളുമായി ഖത്തറിലെ പ്രമുഖ ആശുപത്രിയായ ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ. രോഗിസുരക്ഷ സംബന്ധിച്ച ആഗോളപ്രചാരണത്തിന്‍റെ ഭാഗമായി ദോഹ ആസ്റ്റർ ആശുപത്രി ഓറഞ്ച് നിറത്തിൽ അലങ്കരിച്ചു. രോഗിയുടെയും ആരോഗ്യപ്രവർത്തകരുടെയും സുരക്ഷ സംബന്ധിച്ച് ബോധവത്കരണവുമായാണ് വേൾഡ് പേഷ്യന്‍റ് സേഫ്റ്റി ദിനം ആചരിക്കുന്നത്. 'മെഡിക്കേഷൻ സേഫ്റ്റി' അഥവാ 'സുരക്ഷിത ചികിത്സ' എന്നതാണ് ഇത്തവണത്തെ ലോക രോഗിസുരക്ഷാ ദിനത്തിന്‍റെ ആപ്തവാക്യം. ചികിത്സയുടെ പ്രാധാന്യം പൊതുജനങ്ങളിൽ ബോധ്യപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം രോഗി സുരക്ഷാ വാരാചരണം നടത്തുന്നത്. സെപ്റ്റംബർ 17 മുതൽ 22 വരെ നടന്ന പ്രചാരണത്തിൽ രോഗികളിലും ആരോഗ്യപ്രവർത്തകരിലും മെഡിക്കേഷൻ സേഫ്റ്റിയുടെ പ്രാധാന്യം സംബന്ധിച്ച ബോധവത്കരണം നടത്തി. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾപ്രകാരം വൈദ്യപരിചരണത്തിലൂടെ തടയാവുന്ന രോഗാവസ്ഥകളിൽ 50 ശതമാനവും മരുന്ന് മൂലമുണ്ടാകുന്ന പ്രശ്നങ്ങളാണ്. ഈ പ്രശ്നം അംഗീകരിച്ചുകൊണ്ടും മരുന്നുകളുമായി ബന്ധപ്പെട്ടുണ്ടാകുന്ന ദോഷങ്ങൾ കുറക്കുന്നതിലെയും പ്രതിരോധിക്കുന്നതിലെയും സങ്കീർണത അംഗീകരിച്ചുകൊണ്ടുതന്നെ 2022ലെ ലോക രോഗീസുരക്ഷാദിനാചരണത്തിനായി ഹാനിയല്ലാത്ത മരുന്ന് എന്ന തലക്കെട്ടിലാണ് ഔഷധസുരക്ഷയെന്ന പ്രമേയം തിരഞ്ഞെടുത്തിരിക്കുന്നത്.
ആരോഗ്യപരിചരണത്തിലും ചികിത്സയിലും ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന വസ്തുക്കളാണ് മരുന്നുകൾ.
സുരക്ഷിതമല്ലാത്ത രോഗപരിചരണം മൂലമുണ്ടാകുന്ന ദോഷങ്ങളുടെ വലിയൊരു അനുപാതം മരുന്നുകളുമായി ബന്ധപ്പെട്ടവയാണ്.
ലോകാരോഗ്യ സംഘടനയുടെ രോഗീസുരക്ഷ വെല്ലുവിളികളെ നേരിടുന്ന ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നതിന്‍റെ ഭാഗമായാണ് ആസ്റ്റർ കാമ്പയിനെന്ന് സി.ഒ.ഒ കപിൽ ചിബ് പറഞ്ഞു. ദോഷകരമല്ലാത്ത മരുന്ന് എന്നത് മരുന്ന് നൽകുന്നതിലുണ്ടാകുന്ന വീഴ്ചകളും മെഡിക്കേഷനുമായി ബന്ധപ്പെട്ട രോഗാവസ്ഥകളും കുറക്കുന്നതിനും തടയുന്നതിനുമായി സുരക്ഷിതമായി മരുന്ന് നൽകുന്ന ഒരു സംവിധാനത്തെ സ്വീകരിക്കേണ്ടതിന്‍റെയും പ്രോത്സാഹിപ്പിക്കേണ്ടതിന്‍റെയും പ്രാധാന്യത്തെയാണ് ഉയർത്തിക്കാട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.