ദോഹ: പുതിയ അധ്യയന വർഷത്തിലേക്ക് ഖത്തറിലെ മുഴുവൻ വിദ്യാർഥികളെയും സ്വാഗതം ചെയ്തുകൊണ്ട് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും മുവാസലാതും (കർവ) സംയുക്തമായി സംഘടിപ്പിച്ച ബാക് ടു സ്കൂൾ കാമ്പയിൻ സമാപിച്ചു. ആഗസ്റ്റ് 25 മുതൽ 31 വരെയായിരുന്നു ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്, മുനിസിപ്പാലിറ്റി മന്ത്രാലയം, ഗതാഗത മന്ത്രാലയം എന്നിവരുടെ നേതൃത്വത്തിൽ ബാക് ടു സ്കൂൾ കാമ്പയിൻ സംഘടിപ്പിച്ചത്.
വിവിധ ഇടങ്ങളിൽ സജ്ജീകരിച്ച പവലിയനുകൾ വഴി രക്ഷിതാക്കളെയും കുട്ടികളെയും പഠന വഴിയിലേക്ക് വരവേൽക്കുകയിരുന്നു ലക്ഷ്യം. കളിയും പഠനപ്രവർത്തനങ്ങളും വിനോദ പരിപാടികളും ട്രാഫിക്, ആരോഗ്യ ബോധവത്കരണവും ഉൾപ്പെടെ വൈവിധ്യമാർന്ന ഉള്ളടക്കത്താൽ ബാക് ടു സ്കൂൾ സജീവമായി.
ദോഹ ഫെസ്റ്റിവൽ സിറ്റി, മാൾ ഓഫ് ഖത്തർ, മുശൈരിബ് ഗലേറിയ തുടങ്ങിയ കാമ്പയിൻ വേദിയിലെത്തുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി വിവിധ പരിപാടികൾ ഒരുക്കിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
ഗതാഗത നിയമങ്ങൾ പാലിച്ച് ഡ്രൈവിങ് എങ്ങനെ, അക്കാദമിക് പോളിസികൾ എന്തെല്ലാം, വിവിധ വിഷയങ്ങളിൽ ബോധവത്കരണ പരിപാടികൾ, ഉപഭോഗ വസ്തുക്കളുടെ പുനരുപയോഗം സംബന്ധിച്ച ശിൽപശാല, ശുചിത്വ മാർഗനിർദേശങ്ങൾ, ഡ്രോയിങ് പെയിന്റിങ്, കഥപറച്ചിൽ, പപ്പറ്റ് തിയറ്റർ, മെന്റൽ ഗെയിമുകൾ, കായിക പരിപാടികൾ എന്നിവ അരങ്ങേറി. ഒരാഴ്ചയോളം നീണ്ടുനിന്ന കാമ്പയിനിലൂടെ 4,000ത്തോളം സുവനീർ ഗിഫ്റ്റുകൾ വിവിധ കേന്ദ്രങ്ങളിൽ സമ്മാനിച്ചതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.