ദോഹ: ഏറ്റവും ശക്തമായ 100 അറബ് ബാങ്കുകളുടെ പട്ടികയിൽ ഇടം പിടിച്ച് ഖത്തറിൽ നിന്നുള്ള ഒമ്പത് ബാങ്കുകളും. ഈവർഷത്തെ ഏറ്റവും പുതിയ പട്ടികയിലാണ് ഖത്തറിലെ മുൻനിര ബാങ്കുകളും ഇടം നേടിയതായി അറബ് ബാങ്കുകളുടെ യൂനിയൻ സെക്രട്ടറി ജനറൽ ഡോ. വിസാം ഫത്തൂഹ് അറിയിച്ചത്. ഖത്തർ നാഷനൽ ബാങ്ക്, ഖത്തർ ഇസ് ലാമിക് ബാങ്ക്, മസ്റഫ് അൽ റയാൻ, കമേഴ്സ്യൽ ബാങ്ക്, ദോഹ ബാങ്ക്, ദുഖാൻ ബാങ്ക്, ഖത്തർ ഇന്റർനാഷനൽ ഇസ്ലാമിക് ബാങ്ക്, അഹ്ലി ബാങ്ക്, ലെഷ ബാങ്ക് എന്നീ ബാങ്കുകളാണ് മികച്ച ബാങ്കുകളുടെ പട്ടികയിലിടം നേടിയത്. ഖത്തറിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഒമ്പത് ബാങ്കുകളുടെ ആകെ മൂലധന മൂല്യം 5800 കോടി ഡോളറും ആസ്തി 55,600 കോടി ഡോളറുമാണ്.
മൂലധനത്തിന്റെ കരുത്തിൽ ക്യു.എൻ.ബി പ്രാദേശികാടിസ്ഥാനത്തിൽ ഒന്നാമതെത്തിയപ്പോൾ അറബ് ലോകത്തെ ഏറ്റവും ശക്തമായ ബാങ്കുകളിൽ രണ്ടാം സ്ഥാനം നേടി. ഖത്തർ ഇസ് ലാമിക് ബാങ്ക് പ്രാദേശികമായി രണ്ടാം സ്ഥാനത്തും അറബ് ലോകത്ത് 15-ാം സ്ഥാനത്തുമാണ്. കമേഴ്സ്യൽ ബാങ്ക് നാലും ദോഹ ബാങ്ക് അഞ്ചും ദുഖാൻ ബാങ്ക് ആറും ക്യൂ.ഐ.ബി ഏഴും അഹ്ലി ബാങ്ക് എട്ടും ലെഷ ബാങ്ക് ഒമ്പതും സ്ഥാനത്താണ്.
ആസ്തിയുടെ അടിസ്ഥാനത്തിൽ ഖത്തർ നാഷനൽ ബാങ്ക് അറബ് ലോകത്തുതന്നെ ഒന്നാം നമ്പറായി. ക്യു.ഐ.ബി പ്രാദേശികമായി രണ്ടും അറബ് ലോകത്ത് 18ഉം സ്ഥാനക്കാരായി. കമേഴ്സ്യൽ ബാങ്ക് പ്രാദേശികമായി മൂന്നും മസ്റഫ് അൽ റയ്യാൻ നാലും സ്ഥാനത്താണ്. ഏറ്റവും ശക്തമായ 100 ബാങ്കുകളുടെ പട്ടികയിൽ ഏറ്റവും കൂടുതൽ അറബ് ബാങ്കുകൾ യു.എ.ഇയിൽ നിന്നാണ്. 18 എണ്ണം. ഈജിപ്തിൽ നിന്ന് 11ഉം സൗദി, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്ന് 10 ബാങ്കുകളും പട്ടികയിലിടം നേടി. ഫലസ്തീനിൽ നിന്ന് ഒരു ബാങ്കും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.