ദോഹ: ‘മാങ്കോസ്റ്റിൻ ചുവട്ടിൽ’ തലക്കെട്ടിൽ തനിമ ഖത്തർ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. ഭാഷയുടെ ചിട്ടവട്ടങ്ങൾക്കപ്പുറം കഥാപാത്രങ്ങളുടെ ഭാഷയും നന്മയുമാണ് ബഷീറിയൻ എഴുത്തിന്റെ അടിത്തറയെന്നും അതിനാൽ ബഷീറും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും കാലത്തെ അതിജീവിക്കുമെന്നും പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. സി.ഐ.സി വൈസ് പ്രസിഡന്റ് ഹബീബ്റഹ്മാന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സദസ്സ് ഐ.സി.സി പ്രസിഡന്റ് ശ്രീ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ഭൂമിയുടെ അവകാശികൾ മനുഷ്യർ മാത്രമല്ലെന്നും ദൈവം പടച്ചുവിട്ട എല്ലാ ജീവജാലങ്ങൾക്കും അതിൽ അവകാശമുണ്ടെന്നുമുള്ള ബഷീറിയൻ ചിന്തക്ക് പ്രസക്തിയേറുകയാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. ബഷീറിന്റെ എഴുത്ത് തത്ത്വചിന്താപരം എന്നതിനൊപ്പം കരുണയുടേതുമാണെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ എം.ടി. നിലമ്പൂർ അഭിപ്രായപ്പെട്ടു. ഹാരിസ് എടവന, അസീസ് മഞ്ഞിയിൽ എന്നിവർ ബഷീർ കൃതികളുടെ വായനാനുഭവവും റഫീഖ് മേച്ചേരി, അനീസ് കൊടിഞ്ഞി എന്നിവർ ബഷീർ അനുഭവവും പങ്കുവെച്ചു. ലത്തീഫും സംഘവും അവതരിപ്പിച്ച ബഷീർമാല, ഷജീറിന്റെ ബഷീറിയൻ കഥാവിഷ്കാരം എന്നിവ ശ്രദ്ധേയമായി. ഡോ. സൽമാൻ എഴുതി സാലിം വേളം എഡിറ്റിങ് നിർവഹിച്ച ബഷീർ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. ലത്തീഫ് വടക്കേകാട് ഡോക്യുമെന്ററിക്ക് ശബ്ദം നൽകി. മൻസൂറ സി.ഐ.സി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ തനിമ ഡയറക്ടർ ഡോ. സൽമാൻ സ്വാഗതവും അസോസിയേറ്റ് ഡയറക്ടർ സി.കെ. ജസീം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.