ദോഹ: ലോകകപ്പ് കഴിഞ്ഞാലും ഖത്തറിന്റെ പുതുതലമുറയിൽ ഫുട്ബാൾ വളർച്ചയും ശാക്തീകരണവും ലക്ഷ്യമിട്ട് ഖത്തർ ഫൗണ്ടേഷനും ജനറേഷൻ അമേസിങ്ങും ഫിഫയുമായി കൈകോർക്കുന്നു. ലോകകപ്പിനപ്പുറം രാജ്യത്തെ യുവതലമുറയിൽ ഫുട്ബാളിനെ നിലനിർത്താനായി ഇതുസംബന്ധിച്ച കരാറിൽ ദോഹ ഫോറത്തിന്റെ ഭാഗമായി ഒപ്പുവെച്ചു. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ, ഖത്തർ ഫൗണ്ടേഷൻ വൈസ് ചെയർപേഴ്സൻ ശൈഖ ഹിന്ദ് ബിൻത് ഹമദ് ആൽഥാനി, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഫിഫയും യുനസ്കോയും ചേർന്ന് ലോകവ്യാപകമായി സംഘടിപ്പിക്കുന്ന ഫുട്ബാൾ ഫോർ സ്കൂൾ പദ്ധതി ഖത്തറിലും നടപ്പാക്കും. കുട്ടികളുടെ വിദ്യാഭ്യാസം, വികസനം, ശാക്തീകരണം എന്നിവ ലക്ഷ്യമിട്ട് ഫുട്ബാളിനൊപ്പം പഠനവും എന്ന രീതിയിൽ 700 ദശലക്ഷം വിദ്യാർഥികൾക്കായി നടപ്പാക്കുന്ന പദ്ധതിയാണ് ഫുട്ബാൾ ഫോർ സ്കൂൾസ്.
ഖത്തർ ഫൗണ്ടേഷനും ജനറേഷൻ അമേസിങ്ങുമായി ചേർന്ന് ഖത്തറിലെ ഫുട്ബാൾ വളർച്ചയിൽ പങ്കാളികളാവുന്നതിൽ സന്തോഷമുണ്ടെന്ന് ഫിഫ പ്രസിഡന്റ് വ്യക്തമാക്കി. ഫുട്ബാളിലൂടെ സമൂഹത്തെ ക്രിയാത്കമായി സ്വാധീനിക്കുക എന്നതാണ് ഈ കൂട്ടായ പ്രവർത്തനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അതിനായി വരുംമാസങ്ങളിൽ പ്രവർത്തിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്ധതിയുടെ മുന്നോടിയായി ലുസൈൽ സ്റ്റേഡിയത്തോട് ചേർന്ന് ജനറേഷൻ അമേസിങ് കമ്യൂണിറ്റി ക്ലബിന് അടുത്തിടെ തുടക്കം കുറിച്ചിരുന്നു. ഫിഫ ഫൗണ്ടേഷൻ സി.ഇ.ഒയും മുൻ താരവുമായ യൂറി ദ്യോർകയെഫ്, ടിം കാഹിൽ, നിജെൽ ഡി. ജോങ് എന്നിവർക്കു കീഴിൽ 80ഓളം കുട്ടികൾ പങ്കെടുത്തിരുന്നു. ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയും ഫുട്ബാൾ ഫോർ സ്കൂൾ പദ്ധതി ലഭ്യമാവുന്നുണ്ട്. േപ്ലസ്റ്റോറിൽ ലഭ്യമാവുന്ന 'എഫ് 4 എസ്' മൊബൈൽ ആപ്ലിക്കേഷൻ വഴി പരിശീലന മൊഡ്യൂളുകൾ, ഫിസിക്കൽ എജുക്കേഷൻ അധ്യാപകരുടെയും കോച്ചുമാരുടെയും മേൽനോട്ടം തുടങ്ങിയവയും വിദ്യാർഥികൾക്ക് ലഭ്യമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.