ദോഹ: പ്രവാസികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നായ അനിയന്ത്രിതമായ വിമാനടിക്കറ്റ് വർധനക്ക് ശാശ്വത പരിഹാരം കാണാൻ മാറിമാറി വരുന്ന സംസ്ഥാന-കേന്ദ്ര സർക്കാറുകൾ ശ്രമിക്കുന്നില്ലെന്നത് സങ്കടകരമാണെന്ന് ഹൈകോടതിയിലെ ഹരജിക്കാരൻ സഫാരി ഗ്രൂപ് മാനേജിങ് ഡയറക്ടർ സൈനുൽ ആബിദീൻ പറഞ്ഞു.
‘രാജ്യത്തിന് വിദേശനാണ്യം നേടിത്തരുന്നതിലും വികസനത്തിലും പ്രധാന പങ്കുവഹിക്കുന്ന പ്രവാസികളുടെ ഏറ്റവും വലിയ പ്രശ്നത്തിന് ആരും ചെവികൊടുക്കുന്നില്ല. വിവിധ വിഷയങ്ങളിൽ പ്രവാസികളെ ആശ്രയിക്കുന്നവരും അവരുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നവരുമാണ് പിന്നീട് പാർലമെൻറിലും നിയമസഭയിലുമെത്തുന്നതും, മന്ത്രിമാരും ഭരണതലത്തിൽ പ്രധാനികളുമായി മാറുന്നതും. എങ്കിലും, ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളുടെ ഏറ്റവും വലിയ പ്രശ്നത്തെ അവർ അഭിമുഖീകരിക്കുന്നില്ല. 89 ലക്ഷം ഇന്ത്യക്കാരാണ് ആറ് ഗൾഫ് രാജ്യങ്ങളിലായി തൊഴിലെടുക്കുന്നത്.
അവരിൽ 35 ലക്ഷത്തോളം പേർ മലയാളികളാണ്. പ്രവാസികളിൽ പത്തു ശതമാനത്തിൽ താഴെ മാത്രമേ ഉയർന്ന വരുമാനക്കാരായ ബിസിനസുകാരും ഉദ്യോഗസ്ഥ തലത്തിലുമുള്ളൂ. ശേഷിച്ച വലിയൊരു ശതമാനവും തൊഴിലാളികളോ മറ്റ് ഇടത്തരക്കാരോ ആയ ശരാശരി വരുമാനക്കാരാണ്.
അവരുടെ യാത്രാപ്രശ്നം എന്നത് പരിഹാരം ആവശ്യമായ ഒന്നാണ്. കേന്ദ്രവും സംസ്ഥാനവും ഈ ആവശ്യത്തിൽനിന്നും കൈയൊഴിയുമ്പോൾ നിയമ വഴിയിലൂടെ പ്രവാസികളുടെ ഗുരുതര പ്രശ്നം അധികൃതരിലെത്തിക്കുകയും പരിഹാരം കണ്ടെത്തുകയുമാണ് നിയമ നടപടിയിലൂടെ ലക്ഷ്യമിടുന്നത്’-സൈനുൽ ആബിദീൻ ‘ഗൾഫ് മാധ്യമ’ത്തോട് പ്രതികരിച്ചു. എല്ലാവരും കക്ഷിരാഷ്ട്രീയ ഭേദമന്യേ ഒന്നിച്ചുനിന്ന് ആവശ്യമുന്നയിച്ച് പരിഹാരം കാണേണ്ട വിഷയമാണിത്. ശരാശരി വരുമാനക്കാരായ പ്രവാസികളാണ് അനിയന്ത്രിതമായ വിമാനനിരക്ക് വർധനക്ക് എപ്പോഴും ഇരകളായി മാറുന്നത് -40 വർഷത്തോളമായി പ്രവാസിയായ, വിവിധ സാമൂഹിക സേവന പ്രവർത്തനങ്ങളിൽ സജീവമായ സൈനുൽ ആബിദീൻ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.