ദോഹ: സ്റ്റേഡിയങ്ങളുടെ നിർമാണത്തിലും അടിസ്ഥാന സൗകര്യ വികസനത്തിലും തുടങ്ങി എല്ലാ മേഖലയിലും പരിസ്ഥിതി സൗഹൃദവും സുസ്ഥിരതയും കാത്തുസൂക്ഷിച്ച ഖത്തറിന് ലോകകപ്പ് കാലത്തെ മാലിന്യ സംസ്കരണത്തിലുണ്ട് മാതൃക പ്ലാനുകൾ. നവംബർ-ഡിസംബർ മാസത്തിലായി ലോകകപ്പ് ഫുട്ബാളിന് വേദിയാവുമ്പോൾ, സന്ദർശകരായെത്തുന്ന ദശലക്ഷം കാണികളുടെ സാന്നിധ്യത്തിൽ പാഴാവുന്ന മാലിന്യങ്ങൾ മാതൃകപരമായി സംസ്കരിക്കാനുള്ള പദ്ധതികൾ തയാറാണെന്ന് അധികൃതർ. ഭൂമിയുടെ കരുതലിനെ കുറിച്ചുള്ള ഓർമപ്പെടുത്തലായ ഭൗമദിനാചരണത്തിന്റെ ഭാഗമായാണ് ലോകകപ്പിന്റെ മാലിന്യ സംസ്കരണ പദ്ധതികളെ കുറിച്ച് സംഘാടകർ വിശദീകരിച്ചത്.
കഴിഞ്ഞ വർഷാവസാനത്തിൽ വിജയകരമായി സമാപിച്ച പ്രഥമ ഫിഫ അറബ് കപ്പിൽ സുസ്ഥിരത ലക്ഷ്യംവെച്ച് സംഘാടകർ നിരവധി പുതുമയുള്ള പരിസ്ഥിതി സൗഹൃദ സംവിധാനങ്ങളാണ് നടപ്പാക്കിയത്. ഫിഫ ലോകകപ്പിന്റെ ടെസ്റ്റ് ഇവന്റ് എന്നറിയപ്പെട്ട, 19 ദിവസം നീണ്ടുനിന്ന അറബ് കപ്പിൽ 75 ടൺ ഓർഗാനിക് മാലിന്യങ്ങളാണ് ശേഖരിച്ചതും കമ്പോസ്റ്റാക്കി മാറ്റിയതും. സമഗ്ര ഓർഗാനിക് വേസ്റ്റ് മാനേജ്മെന്റ് സംവിധാനം അധികൃതർ ടൂർണമെന്റിനായി സജ്ജമാക്കിയതിന്റെ ഫലമായിരുന്നിത്. സ്റ്റേഡിയങ്ങളിലെല്ലാം കമ്പോസ്റ്റബിൾ ഭക്ഷ്യ കണ്ടെയ്നറുകളാണ് ഉപയോഗിച്ചിരുന്നത്. കൂടാതെ ജീവനക്കാർക്കിടയിലും വളന്റിയർമാർക്കിടയിലും മാലിന്യം കൃത്യമായി വേർതിരിക്കുന്നത് സംബന്ധിച്ച് പ്രത്യേക ബോധവത്കരണം നടത്തുകയും ഇതിനായി ഗ്രീൻ ബിൻ സ്ഥാപിക്കുകയും ചെയ്തിരുന്നു. മാലിന്യങ്ങൾ വേർതിരിക്കുന്നതിന് ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അഗ്രി കമ്പോസ്റ്റ് എന്ന കമ്പനിയുമായി സുപ്രീം കമ്മിറ്റി കരാറിലെത്തിയിട്ടുണ്ട്.
ഭക്ഷ്യമാലിന്യമാണ് ലോകം നേരിടുന്ന വെല്ലുവിളികളിൽ പ്രധാനപ്പെട്ടതെന്നും ഉപയോഗത്തിനായുള്ള മൂന്നിലൊന്ന് ഭാഗവും വലിച്ചെറിയുകയാണെന്നും ഓർഗാനിക് മാലിന്യങ്ങളും ഇതര മാലിന്യങ്ങളും കൂടിക്കലരുന്നത് മാലിന്യ സംസ്കരണ മേഖലയുടെ പ്രവർത്തനങ്ങൾക്ക് പ്രയാസമുണ്ടാക്കുകയാണെന്നും സുപ്രീം കമ്മിറ്റി സുസ്ഥിരത, പരിസ്ഥിതി വിഭാഗം വിദഗ്ധൻ ഓർജൻ ലുൻഡ്ബെർഗ് പറയുന്നു.
ഈ വെല്ലുവിളിയെ വിജയകരമായി മറികടക്കുന്നതിന് ഫിഫ ലോകകപ്പിനെ ഒരവസരമായി എടുക്കുകയാണെന്നും ലുൻഡ്ബെർഗ് വ്യക്തമാക്കി.
സുപ്രീം കമ്മിറ്റിയും പങ്കാളികളും ചേർന്നു നടപ്പാക്കിയ പദ്ധതിയിലൂടെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് കൂടുതൽ പഠിക്കാനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൈവ മാലിന്യങ്ങളിൽനിന്ന് ചെടികൾക്ക് ആവശ്യമായ മികച്ച വളം ഉൽപാദിപ്പിക്കുകയാണ് റീസൈക്ലിങ് പ്രക്രിയയിലൂടെ ലക്ഷ്യമിടുന്നതെന്ന് അഗ്രി കമ്പോസ്റ്റ് മാനേജിങ് ഡയറക്ടർ നാസർ അൽ ഖലഫ് പറഞ്ഞു. ചില മാലിന്യങ്ങൾ സംസ്കരിച്ചെടുക്കുന്നതോടെ മൃഗങ്ങൾക്ക് ഭക്ഷണമായും ഉപയോഗിക്കാം. അടിസ്ഥാനപരമായി മരങ്ങൾ, ചെടികൾ, മൃഗങ്ങൾ എന്നിവയിൽനിന്നുള്ള ഏത് മാലിന്യങ്ങളും റീസൈക്കിൾ ചെയ്ത് പ്രകൃതിയിലേക്കുതന്നെ മടക്കാനാകുമെന്നും അൽ ഖലഫ് കൂട്ടിച്ചേർത്തു.
മാലിന്യങ്ങൾ സംസ്കരിച്ചെടുത്ത് കമ്പോസ്റ്റ് രൂപത്തിലേക്ക് മാറ്റുന്നതിന് നാലാഴ്ച എടുക്കും. ഫിഫ അറബ് കപ്പിനിടെ പ്രതിദിനം അഞ്ചു ടൺ മാലിന്യമാണ് ശേഖരിച്ചത്. ടൂർണമെന്റ് വേദികളിലെ മാലിന്യങ്ങളിൽ 70 ശതമാനവും അൽ ബെയ്ത് സ്റ്റേഡിയത്തിൽ റീസൈക്കിൾ ചെയ്തതായി സുപ്രീം കമ്മിറ്റി നേരത്തെ അറിയിച്ചിരുന്നു. ലോകകപ്പിന് മുന്നോടിയായി പരിസ്ഥിതി സുസ്ഥിരത ഊർജിതമാക്കുന്നതിന് അറബ് കപ്പിൽ ഫിഫയുമായും പ്രാദേശിക സംഘാടക സമിതിയുമായും സഹകരിച്ച് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി പ്രത്യേക പദ്ധതി രൂപവത്കരിച്ചിരുന്നു. മുനിസിപ്പാലിറ്റി മന്ത്രാലയം, പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന മന്ത്രാലയം, പ്രാദേശിക കരാറുകാർ എന്നിവരുടെ പൂർണ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സുസ്ഥിരമായ സംഭരണ രീതികൾ, മാലിന്യം ഉൽപാദിപ്പിക്കുന്ന വസ്തുക്കൾ പൂർണമായും ഒഴിവാക്കുക, കാറ്ററിങ്, ലോജിസ്റ്റിക് മേഖലകളിൽ പുനരുപയോഗിക്കാവുന്ന ഉൽപന്നങ്ങൾ ഉപയോഗിക്കുക എന്നിവയെല്ലാം പദ്ധതിക്ക് സഹായകമായി. ഖത്തർ ലോകകപ്പ് 2022ന്റെ സുസ്ഥിരത പദ്ധതിയിലെ നിർണായക ഘടകമാണ് റീസൈക്ലിങ്. ഫിഫ ലോകകപ്പ് ടൂർണമെന്റിൽ പദ്ധതി കൂടുതൽ വ്യാപ്തിയോടെ അവതരിപ്പിക്കുകയും വിജയമാക്കുകയുമാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.