ദോഹ: കോവിഡ് മൂന്നാം തരംഗത്തിനിടെ രോഗം ബാധിച്ച് ഭേദമായവർ മൂന്നു മാസം കഴിഞ്ഞ് ബൂസ്റ്റർ ഡോസ് സ്വീകരിച്ചാൽ മതിയെന്ന് ആരോഗ്യമന്ത്രാലയം.
അതേസമയം, അനിവാര്യമാണെങ്കിൽ ഒരു മാസത്തിനുശേഷവും ബൂസ്റ്റർ ഡോസ് സ്വീകരിക്കാം. കോവിഡ് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും പി.സി.ആർ - റാപിഡ് ആന്‍റിജെൻ പരിശോധനകൾ വഴി സ്ഥിരീകരിക്കുകയും ചെയ്തവർ ലക്ഷണം പ്രകടിപ്പിച്ച നാൾ മൂതൽ മൂന്ന് മാസത്തിനു ശേഷം മൂന്നാം ഡോസ് കുത്തിവെച്ചാൽ മതിയെന്നാണ് വ്യക്തമാക്കിയത്.
അതേസമയം, വാക്സിൻ അനിവാര്യമാണെന്ന് തോന്നുന്നവർ ഒരു മാസമെങ്കിലും ഇടവേള നിലനിർത്തണം.
വാക്സിൻ എടുക്കും മുമ്പ് ശരീരത്തിൽനിന്ന് കൊറോണ വൈറസ് പൂർണമായും ഭേദമായെന്ന് ഉറപ്പിക്കാനാണ് ഒരുമാസത്തെയെങ്കിലും ചുരുങ്ങിയ ഇടവേള നിർദേശിക്കുന്നത്.
രോഗം ഭേദമായതായവർക്ക് പ്രതിരോധശേഷി ഉള്ളവർ എന്ന പരിഗണനയിൽ ഒമ്പത് മാസം വരെ വാക്സിൻ സ്വീകരിച്ചവരുടെ എല്ലാ അവകാശങ്ങളുമുണ്ടാവും. എന്നാൽ, മന്ത്രാലയം അംഗീകരിച്ച കേന്ദ്രങ്ങളിൽനിന്നും പി.സി.ആർ പരിശോധന നടത്തിയവർക്കായിരിക്കും ഈ ആനുകൂല്യങ്ങൾ ലഭ്യമാവുക. രോഗമുക്തി നേടിയ സ്റ്റാറ്റസ് ഇഹ്തിറാസ് ആപ്ലിക്കേഷനിൽ കാണിക്കും.
ഇതിന് ഒമ്പത് മാസം വരെ കാലാവധിയുണ്ടാവും. ഇഹ്തിറാസ് ആവശ്യമായ സ്ഥലങ്ങളിൽ ആപ്ലിക്കേഷനിലെ രോഗമുക്തി സ്റ്റാറ്റസ് കാണിച്ചാൽ മതിയാവുമെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.