ദോഹ: കെട്ടിട നിർമാണം പൂർത്തിയാക്കിയതിന്റെ സാക്ഷ്യപത്രം നൽകുന്നതിനുള്ള നടപടിക്രമങ്ങൾ മുനിസിപ്പാലിറ്റി മന്ത്രാലയം ലഘൂകരിച്ചു. കെട്ടിട സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കാൻ സഹായിക്കുന്ന ഏകീകൃത സേവനവും മന്ത്രാലയം വാഗ്ദാനം ചെയ്തിട്ടുണ്ട്. മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ ബിൽഡിങ് പെർമിറ്റ് സംവിധാനം വഴി സർവേയർ ഓഫിസിനെ അധികാരപ്പെടുത്താതെതന്നെ കെട്ടിടം പൂർത്തിയാക്കിയതിന്റെ സാക്ഷ്യപത്രം നേടാനും റിയൽ എസ്റ്റേറ്റ് യൂനിറ്റുകൾ തരംതിരിക്കാനും പുതിയ സേവനം കെട്ടിട ഉടമകളെ പ്രാപ്തരാക്കും.
മന്ത്രാലയത്തിന്റെ സേവനങ്ങൾക്കായി സമഗ്ര ഡിജിറ്റൽ പരിവർത്തന പദ്ധതിയിൽ ഉടമകൾക്ക് നൽകുന്ന സേവനങ്ങൾ വിപുലീകരിക്കുന്നതിനുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് ഇതെന്ന് കെട്ടിട അനുമതി വിഭാഗം മേധാവി എൻജിനീയർ സഅദ് അബ്ദുൽ കരീം അൽ ഖഹ്താനി പറഞ്ഞു. ഉടമ നിയോഗിച്ച കൺസൾട്ടേഷൻ ഓഫിസിൽ കെട്ടിടം പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് എടുക്കുന്ന കാലയളവിനുള്ളിൽ തന്നെ ഈ ഏകീകൃത സേവനം ലഭ്യമാകുമെന്ന് അൽ ഖഹ്താനി ചൂണ്ടിക്കാട്ടി.
പൗരന്മാർക്കും താമസക്കാർക്കും കമ്പനികൾക്കും സ്ഥാപനങ്ങൾക്കും സർക്കാർ സേവനങ്ങൾ മികവുറ്റതാക്കുന്നതിനും ഡിജിറ്റൽ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള ദേശീയ വികസന പദ്ധതിയുടെ ഭാഗമായാണ് നടപടികൾ ലഘൂകരിക്കുന്നത്. പൗരന്മാർക്കുള്ള സേവനങ്ങൾ 90 ശതമാനവും ഓട്ടോമാറ്റ് ചെയ്യുകയും ഒൺലൈൻ വഴിയാക്കുകയും ചെയ്യുക, സേവന ഇടപാടുകളിൽ ഉപഭോക്തൃ സംതൃപ്തി 85 ശതമാനത്തിന് മുകളിലെത്തിക്കുക എന്നിവയും മന്ത്രാലയത്തിന്റെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു.
അതേസമയം, കമ്പനികൾക്കും പൊതുജനങ്ങൾക്കും സ്മാർട്ട്, ഓട്ടോമാറ്റഡ് സേവനങ്ങൾ നൽകുന്നതിനായി നാന്നൂറോളം സേവനങ്ങൾ വികസിപ്പിക്കുന്നതിനുള്ള നിരവധി പാക്കേജുകൾ മന്ത്രാലയം പൂർത്തീകരിച്ചിട്ടുണ്ട്. മുനിസിപ്പാലിറ്റികൾ, നഗരാസൂത്രണം, കൃഷി, മത്സ്യബന്ധനം, പൊതുസേവനങ്ങൾ, സംയുക്ത സേവനങ്ങൾ തുടങ്ങി എല്ലാ മേഖലകൾക്കും മന്ത്രാലയം നൽകുന്ന സേവനങ്ങൾ ഈ വികസനത്തിൽ ഉൾപ്പെടും. സേവന കേന്ദ്രങ്ങൾ സന്ദർശിക്കാതെ തന്നെ എവിടെ നിന്നും 24 മണിക്കൂറും സേവനങ്ങൾ ലഭ്യമാക്കാൻ ഇത് ഉപയോക്താക്കളെ പ്രാപ്താരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.