ദോഹ: ഖത്തറിനെതിരായ ഉപരോധം തീർന്നതോടെ ജനുവരി അവസാനത്തോടെതന്നെ രാജ്യത്തുള്ളവർക്ക് ഉംറ നിർവഹിക്കാനാകുമെന്ന് പ്രതീക്ഷ. ഉപരോധം പ്രഖ്യാപിച്ചതിന് ശേഷം ഖത്തറിലുള്ള സ്വദേശികൾക്കോ വിദേശികൾക്കോ ഹജ്ജ് -ഉംറ തീർഥാടനത്തിന് പലവിധ തടസ്സങ്ങളുമുണ്ടായിരുന്നു. മൂന്നര വർഷങ്ങൾക്ക് ശേഷം ഖത്തറിനും സൗദിക്കുമിടയിലുള്ള കര, നാവിക, വ്യോമ അതിർത്തികൾ തുറന്നതോടെ തീർഥാടനയാത്രകൾക്കുള്ള ബുദ്ധിമുട്ടുകൂടിയാണ് ഒഴിവാകുന്നത്.
ഖത്തറിെൻറ ഏക കര അതിർത്തിയായ അബൂസംറ തുറന്ന് കഴിഞ്ഞ ദിവസം മുതൽ സൗദിയിലേക്ക് വാഹനങ്ങൾ പോകാൻ തുടങ്ങിയിരുന്നു. ജനുവരി അവസാനത്തോടെത്തന്നെ ഖത്തറിലുള്ളവർക്ക് ഉംറ നിർവഹിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടൂർ ഓപറേറ്റർമാർ പറയുന്നു. ജനുവരി അഞ്ചിന് അതിർത്തികൾ ഔദ്യോഗികമായി തുറന്നതോടെ വിവിധ ഉംറ പാക്കേജുകൾ തയാറാക്കുന്ന തിരക്കിലാണ് രാജ്യത്തെ പ്രധാന ടൂർ ഓപറേറ്റർമാർ.
ജനുവരി അവസാനത്തോടെയോ ഫെബ്രുവരി ആദ്യത്തിലോ ഖത്തറിലുള്ള വിശ്വാസികൾക്ക് ഉംറ ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രമുഖ തീർഥാടന ടൂർ ഓപറേറ്റിങ് സ്ഥാപനാധികൃതർ പറഞ്ഞു. നിരവധി പേരാണ് ഉംറ സംബന്ധിച്ച അന്വേഷണങ്ങൾക്കായി ഇത്തരം സ്ഥാപനങ്ങളിലേക്ക് വിളിക്കുന്നത്. നടപടികൾ പൂർത്തിയാകുന്നതോടെ ഉംറ നിർവഹിക്കാനായി കാത്തിരിക്കുന്നത് നിരവധിപേരാണ്. വിസ, വിമാന ടിക്കറ്റ്, മൂന്നോ നാലോ ദിവസത്തെ താമസം, മറ്റു സർവിസുകൾ എന്നിവക്കായി 4000 റിയാൽ മുതലാണ് പാക്കേജുകൾ തയാറാകുന്നത്.
ജിദ്ദയിലേക്കുള്ള വിമാന സർവിസ് ആരംഭിക്കുന്നതോടെ വിസ സേവനങ്ങളും പുനരാരംഭിക്കും. നടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും ഏജൻസികൾ പറയുന്നു. അതേസമയം, കോവിഡ് -19 കാരണം നിർത്തിവെച്ച ഉംറ സർവിസുകൾ പുനരാരംഭിച്ചതിന് ശേഷം അഞ്ച് ദശലക്ഷം തീർഥാടകർ സൗദിയിലെത്തിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഒക്ടോബർ നാലിനാണ് ഉംറ തീർഥാടനം സൗദി അറേബ്യ പുനരാരംഭിച്ചത്. പ്രതിദിനം 6000 ഉംറ തീർഥാടകർക്കാണ് ആദ്യ ഘട്ടത്തിൽ അനുമതി നൽകിയിരുന്നത്. ഒക്ടോബർ 18 മുതൽ പ്രതിദിനം 15,000 പേർക്കാണ് അനുമതി നൽകുന്നത്.
പൂർണ ശേഷിയിൽ തീർഥാടനം അനുവദിക്കുകയാണെങ്കിൽ പ്രതിദിനം 20,000 മുതൽ 60,000 തീർഥാടകർക്ക് വരെ ഉംറ നിർവഹിക്കാം. ഉപരോധത്തിന് മുമ്പ് കര അതിർത്തിയായ അബൂസംറ വഴിയാണ് സൗദിയിൽ നിന്നും അയൽരാജ്യങ്ങളിൽ നിന്നും മിക്ക സാധനങ്ങളും ഖത്തറിൽ എത്തിയിരുന്നത്. എന്നാൽ, ഉപരോധത്തിന് തൊട്ടുടനെ ഈ അതിർത്തി അടക്കപ്പെടുകയായിരുന്നു. റിയൽ എസ്റ്റേറ്റ്, വിനോദസഞ്ചാരം, ട്രാവൽസ്, വിവിധ സംരംഭങ്ങൾ തുടങ്ങിയവയിലൊക്കെ ഗുരുതരമായ പ്രതിസന്ധി ഉണ്ടാവുകയും െചയ്തു.
വലിയ മുതൽമുടക്കില്ലാതെത്തെന്ന ഖത്തറിൽ നിന്നുള്ള മലയാളികളടക്കമുള്ളവർക്ക് റോഡുമാർഗം തന്നെ ഹജ്ജിനും ഉംറക്കും പോകാമായിരുന്നു. കര അടച്ചതോടെ ഈ സൗകര്യങ്ങളൊക്കെ നിലച്ചു. ഈ രംഗത്ത് പ്രവർത്തിച്ചിരുന്ന സ് ഥാപനങ്ങൾക്കും നിലനിൽപില്ലാതായി. ഹജ്ജ് -ഉംറ സീസണിലായിരുന്നു ഇത്തരം സ്ഥാപനങ്ങളുടെ പ്രധാന ബിസിനസ്. പിടിച്ചുനിൽക്കാൻ കഴിയാത്ത ചെറുകിട ട്രാവൽസുകളൊക്കെ പൂട്ടിപ്പോയി. യൂറോപ്യൻ രാജ്യങ്ങളിലേക്കും മറ്റും യാത്രകളൊരുക്കിയ വൻകിടക്കാർ മാത്രമാണ് പിടിച്ചുനിന്നത്.
വാരാന്ത്യ അവധി ദിനങ്ങളിലും മറ്റും കരമാർഗം സൗദിയിേലക്കും ഖത്തറിലേക്കും നിരവധി പേരാണ് എത്തിയിരുന്നത്. വ്യാഴാഴ് ചകളിൽ ഇത്തരക്കാരെക്കൊണ്ട് ഖത്തറിലെ േഹാട്ടലുകൾ നിറഞ്ഞിരുന്നു. എന്നാൽ, അതിർത്തി പൂട്ടിയത് ഹോട്ടൽ വ്യവസായത്തിനും വൻ തിരിച്ചടിയായി. ഉപരോധം തീർന്നതോടെ സാമ്പത്തിക സാമൂഹിക മേഖലയിലടക്കം പുത്തനുണർവിലേക്ക് നീങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.