ദോഹ: സ്വകാര്യമേഖലയിലെ തൊഴിൽനേട്ടങ്ങൾ രാജ്യത്തെ സർവകലാശാല, സ്കൂൾ വിദ്യാർഥികൾക്ക് മുന്നിൽ അവതരിപ്പിച്ച് ഖത്തർ തൊഴിൽമന്ത്രാലയം. സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കായി വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും ഖത്തർ സർവകലാശാലയും ‘ബിസിനസിന്റെ ഭാവി ഇവിടെ ആരംഭിക്കുന്നു’എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച യൂനി എക്സ്പോ ഖത്തർ/യൂനിവേഴ്സിറ്റി മേളയിൽ തൊഴിൽ മന്ത്രാലയത്തെ പ്രതിനിധാനംചെയ്ത് നാഷനൽ മാൻപവർ എംപ്ലോയ്മെന്റ് വകുപ്പ് പങ്കെടുത്തു.
ദേശീയ ജീവനക്കാരുടെ ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനും സ്വകാര്യ മേഖലയിൽ അവർക്ക് ലഭ്യമായ തൊഴിൽ പരിശീലനവും തൊഴിലവസരങ്ങളും വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്നതിനും അതോടൊപ്പം സ്വകാര്യ മേഖലയിലെ ജോലികൾ ദേശസാൽക്കരിക്കാനുള്ള ദേശീയ പരിപാടിയും ഖത്തരി ജീവനക്കാർക്ക് സ്വകാര്യമേഖല നൽകുന്ന ആനുകൂല്യങ്ങൾ സംബന്ധിച്ച് അവരെ ബോധ്യപ്പെടുത്തുന്നതിനുമായുള്ള മന്ത്രാലയ സംരംഭങ്ങളുടെ ചട്ടക്കൂടിനുള്ളിലാണ് മേളയിൽ തൊഴിൽ മന്ത്രാലയത്തിന്റെ പങ്കാളിത്തം.
ഖത്തർ വിഷൻ 2030 അനുസരിച്ച് ദേശീയ വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി സർവകലാശാലകൾ, വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച് തൊഴിൽ വിപണി ആവശ്യങ്ങളും വിദ്യാഭ്യാസവും തമ്മിലുള്ള അന്തരം കുറക്കാൻ മന്ത്രാലയം ശ്രമിക്കുന്നുണ്ട്.
അൽ വക്റ സെകൻഡറി സ്കൂൾ ഫോർ ഗേൾസ്, റംല ബിൻത് അബീ സുഫിയാൻ സെക്കൻഡറി സ്കൂൾ, അലി ബിൻ ജാസിം സെക്കൻഡറി സ്കൂൾ ഫോർ ബോയ്സ് എന്നിവിടങ്ങളിലെ പങ്കാളിത്തത്തിലൂടെ ഖത്തരി പൗരന്മാരെ സ്വകാര്യ സ്ഥാപനങ്ങളിൽ നിയമിക്കുന്നതിന്റെ നേട്ടങ്ങളെക്കുറിച്ച് മന്ത്രാലയത്തിലെ ജീവനക്കാർ അവലോകനം നടത്തി.
ഖത്തർ സർവകലാശാലയിലെ കോളജ് ഓഫ് ബിസിനസ് ആൻഡ് ഇക്കണോമിക്സിൽ, സ്വകാര്യ മേഖലയിലെ ജോലികൾ സ്വദേശിവത്കരിക്കുന്നതിനുള്ള ദേശീയ പരിപാടിയുടെ പ്രധാനപ്പെട്ട ഘട്ടങ്ങളും നേട്ടങ്ങളും തൊഴിൽമന്ത്രാലയം വിശകലനം ചെയ്തു. സ്വകാര്യ മേഖലയിൽ ഖത്തരി ജീവനക്കാരുടെ എണ്ണം 2022ൽ 1850 ആയി വർധിച്ചിരുന്നു. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ഖത്തരി പുരുഷന്മാരുടെയും സ്ത്രീകളുടെയും എണ്ണത്തിൽ ഈയടുത്ത വർഷങ്ങളിൽ വലിയ വർധന രേഖപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.