ദോഹ: ചെറിയ പെരുന്നാളിന്റെ നാല് ദിവസങ്ങളിൽ വൈവിധ്യമാർന്ന പരിപാടികളുമായി കതാറ കൾച്ചറൽ വില്ലേജ്. വൈകുന്നേരം മൂന്ന് മുതൽ രാത്രി ഒമ്പതുവരെ നീളുന്ന വിവിധ വേദികളിൽ 50 പരിപാടികളാണ് കതാറ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് സി.ഇ.ഒ ഖാലിദ് ബിൻ ഇബ്റാഹിം അൽ സുലൈത്തി അറിയിച്ചു. കതാറ കോർണിഷ്, വിസ്ഡം സ്ക്വയർ എന്നിവിടങ്ങളിലാണ് പെരുന്നാൾ ആഘോഷ പരിപാടികൾ നടക്കുക. ഈദിനെ വരവേൽക്കാൻ കതാറയുടെ മുക്കുമൂലകളെല്ലാം ഒരുങ്ങിക്കഴിഞ്ഞതായി അധികൃതർ അറിയിച്ചു. കുടുംബ സൗഹൃദ പരിപാടികൾക്കാണ് ഊന്നൽ നൽകുന്നതെന്നും അവധി സമയങ്ങളിൽ കുടുംബങ്ങൾ വിനോദ, വിശ്രമത്തിനായി എത്തുന്ന ബീച്ചുകൾ, കുന്നുകൾ, രുചിവൈവിധ്യങ്ങളോടുകൂടിയ റസ്റ്റാറന്റുകൾ, കഫേകൾ തുടങ്ങി കതാറ സാംസ്കാരിക ഗ്രാമത്തിലെ എല്ലാ സൗകര്യങ്ങളും പെരുന്നാളിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്.
അതേസമയം, സാംസ്കാരിക മന്ത്രാലയത്തിന് കീഴിലെ ഫിലാറ്റലിക്, ന്യൂമിസ്മാറ്റിക് കേന്ദ്രവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പൈതൃകം, ചരിത്രം, ആധുനിക എന്ന തലക്കെട്ടിലുള്ള പ്രദർശനം ബുധനാഴ്ച ആരംഭിക്കും. നൂർ അൽ ഹാദിയുടെ സുഡാൻ-ലാൻഡ് ഓഫ് കളേഴ്സ് രണ്ട് പ്രദർശനം ഖത്തർ ഫൈൻ ആർട്സ് അസോസിയേഷൻ ആസ്ഥാനത്ത് ആരംഭിച്ചു. ഏപ്രിൽ 20 വരെ നീളുന്ന പ്രദർശനം ഖാലിദ് ബിൻ ഇബ്റാഹിം അൽ സുലൈതി ഉദ്ഘാടനം ചെയ്തു. നൂർ അൽ ഹാദീയുടെ പ്രദർശനത്തിന്റെ ആദ്യ പതിപ്പ് വലിയ വിജയമായതിനെ തുടർന്നാണ് വൈവിധ്യങ്ങളുടെ വെല്ലുവിളികൾക്കിടയിലും സുഡാൻ ജനതയുടെ ദേശീയ ഐക്യം വിളംബരം ചെയ്യുന്ന പ്രദർശനം വീണ്ടുമെത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.