ദോഹ: ബോംബർ വിമാനങ്ങളും പീരങ്കികളുംകൊണ്ട് ഫലസ്തീനികൾക്കുമേൽ മരണം പെയ്യിക്കുന്ന ഇസ്രായേലിനെതിരായിരുന്നു വെള്ളിയാഴ്ച സായാഹ്നത്തിൽ എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ഓരോ ശബ്ദവും മുഴങ്ങിയത്. ഗസ്സയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരപരാധികളെ ഇഞ്ചിഞ്ചായി കൊന്നൊടുക്കുന്ന ഇസ്രായേലിനോടുള്ള പ്രതിഷേധവുമായി അവർ ഗാലറിയിൽ സംഗമിച്ചു.
യുദ്ധക്കൊതിക്കു മേൽ, മനുഷ്യത്വവും സഹാനുഭൂതിയും വിജയിക്കുമെന്ന സാക്ഷ്യപ്പെടുത്തലായിരുന്നു ആ സംഗമം.
ഫ്ലഡ്ലിറ്റിന്റെ വെള്ളിവെളിച്ചത്തിനു കീഴെ ഇതിഹാസ താരങ്ങൾ രണ്ടു പകുതികളിലായി ഖത്തറും ഫലസ്തീനുമായി അണിനിരന്നു പന്തു തട്ടി. ഗാലറിയിൽ, ഫലസ്തീനുവേണ്ടി തൊണ്ടപൊട്ടുമാറുച്ചത്തിൽ മുദ്രാവാക്യം മുഴക്കിയും പാട്ടുപാടിയും ഐക്യപ്പെട്ടു.
ഫലസ്തീനി തലപ്പാവും ദേശീയ പതാകകളും ഷാളുകളുംകൊണ്ട് പാറിപ്പറന്ന ഗാലറി ദുരിതമുഖത്തുള്ള രാജ്യത്തിന് ഖത്തറിന്റെ സ്നേഹവും കരുതലുമായി.
18,000ത്തിലേറെ പേരെ കൊന്നൊടുക്കി ഇസ്രായേൽ തുടരുന്ന യുദ്ധത്തിനിടയിലാണ് ‘ഫലസ്തീനൊപ്പം’ എന്ന പേരിൽ ഖത്തർ ഫൗണ്ടേഷനു കീഴിലെ ദോഹ അക്കാദമി നേതൃത്വത്തിൽ പ്രത്യേക സംഗമം സംഘടിപ്പിച്ചത്.
അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും ഗാലറിയിലെത്തിയിരുന്നു. സ്വദേശികളും താമസക്കാരും ഉൾപ്പെടെ പതിനായിരങ്ങൾ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞു.
സൗഹൃദ മത്സരത്തിൽ ഖത്തറും ഫലസ്തീനും രണ്ടു ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.