ദോഹ: രാജ്യത്തിനകത്തെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെയും അർഹരായ വിഭാഗങ്ങളുടെ കണ്ണീരൊപ്പിയും വിശപ്പടക്കിയും ഖത്തറിന്റെ റമദാൻ കാരുണ്യം. ഖത്തർ ചാരിറ്റി, ഖത്തർ റെഡ് ക്രസന്റ് ഉൾപ്പെടെ ചാരിറ്റി സംഘടനകളുടെയും ഔഖാഫ് ഉൾപ്പെടെ മന്ത്രാലയങ്ങളുടെയും നേതൃത്വത്തിലാണ് സഹായങ്ങളൊഴുകുന്നത്. ദരിദ്രരിലേക്കും അഗതികളിലേക്കും സംഘർഷ ബാധിതരിലേക്കും പ്രത്യേകിച്ച് ഫലസ്തീനിലെ ദുരിതബാധിതരിലേക്കും സഹായമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര തലത്തിൽ വലിയ തോതിലുള്ള സംരംഭങ്ങൾക്കും തുടക്കം കുറിച്ചിട്ടുണ്ട്. ബംഗ്ലാദേശിയ റോഹിങ്ക്യൻ അഭയാർഥികൾ, സിറിയ, സോമാലിയ, യമൻ എന്നീ രാജ്യങ്ങളിലേക്കും കാമ്പയിൻ വ്യാപിപ്പിച്ചിട്ടുണ്ട്.
19 രാജ്യങ്ങളിലെ അർഹരായവർക്ക് സഹായമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ ‘അവരെ സഹായിക്കുക നമ്മുടെ കടമയാകുന്നു’ എന്ന തലക്കെട്ടിൽ ഖത്തർ റെഡ്ക്രസന്റ് കാമ്പയിൻ തുടരുകയാണ്. പ്രതിദിനം ഖത്തറിലെ നാലായിരത്തിലധികം പേർക്ക് ഇഫ്താർ ഭക്ഷണം നൽകിക്കൊണ്ടുള്ള ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയത്തിന്റെ ഇഫ്താർ ഫോർ ദി ഫാസ്റ്റിങ് കാമ്പയിനും വളരെ സജീവമായി തുടരുന്നു.
ഖത്തർ ചാരിറ്റിക്ക് കീഴിൽ ഖത്തറിനകത്തും പുറത്തുമായി ദശലക്ഷക്കണക്കിനാളുകൾക്കാണ് റമദാൻ കാമ്പയിനിലൂടെ സഹായവിതരണം നടത്തുന്നത്. കാരുണ്യത്തിന്റെയും ദാനധർമങ്ങളുടെയും മാസത്തിൽ അഗതികളെയും ദരിദ്രരെയും പിന്തുണക്കുന്നതിന്റെ ഖത്തറിന്റെ ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് റമദാനിലെ ചാരിറ്റി സംഘടനകളുടെ കാമ്പയിനുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.