ദോഹ: കോവിഡ്-19 പോലെയുള്ള ശ്വാസകോശ സംബന്ധമായ രോഗബാധയെ പ്രതിരോധിക്കുന്നതിൽ മെഡിക്കൽ മാസ്ക്കുകൾ കാര്യക്ഷമമായി ഉപയോഗിക്കുന്നത് വളരെ നിർണായകമാണെന്ന് പഠനം. രോഗവ്യാപനം തടയുന്നതിനായി മറ്റു പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുന്ന പൊതുജനങ്ങൾ മാസ്ക് ധരിക്കുന്നതിൽ വിമുഖത കാണിക്കരുതെന്നും വെയിൽ കോർണെൽ മെഡിസിൻ-ഖത്തർ പുറത്തിറക്കിയ പഠനത്തിൽ വ്യക്തമാക്കുന്നു.
വെയിൽ കോർണെൽ മെഡിസിൻ കോളജ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് പോപ്പുലേഷൻ ഹെൽത്ത് ഫാക്കൽറ്റി പുറത്തിറക്കിയ പഠനം ഇൻഫക്ഷ്യസ് ഡിസീസ് ഇൻറർനാഷനൽ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാസ്ക് ധരിക്കുന്നതിലെ ജാഗ്രത നിരവധി രോഗങ്ങളിൽ നിന്നും പ്രതിരോധിക്കുന്നതായും ഫ്ലൂ പോലെയുള്ള മറ്റു പകർച്ചവ്യാധികൾ, സാർസ്, കോവിഡ്-19 പോലെയുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങൾ എന്നിവയെയെല്ലാം മാസ്ക് ധരിക്കുന്നതിലൂടെ അകറ്റിനിർത്താനാകുമെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഐ.പി.എച്ച് പോപ്പുലേഷൻ ഹെൽത്ത് ആൻഡ് കമ്യൂണിക്കേഷൻ സ്പെഷലിസ്റ്റും പോപ്പുലേഷൻ ഹെൽത്ത് സയൻസിൽ ഇൻസ്ട്രക്ടറുമായ ഡോ. കരീമ ഷഅബന, ഐ.പി.എച്ച് അസി. ഡയറക്ടറായ ഡോ. സത്യനാരായണൻ ദുരൈസ്വാമി, സ്റ്റുഡൻറ് അഫയേഴ്സ്-അഡ്മിഷൻ വൈസ് ഡീനും പോപ്പുലേഷൻ ഹെൽത്ത് സയൻസ് പ്രഫസറുമായ ഡോ. രവീന്ദർ മംതാനി, ഐ.പി.എച്ച് അസി. ഡീനും പോപ്പുലേഷൻ ഹെൽത്ത് സയൻസ് അസി. പ്രഫസറുമായ ഡോ. സൊഹൈലിയ ചീമ തുടങ്ങിയവരുൾപ്പെടുന്ന സംഘമാണ് പഠനത്തിന് നേതൃത്വം നൽകിയത്.
കോവിഡ്-19 ബാധിച്ച വ്യക്തിയുമായി നേരിട്ട് ഇടപഴകുന്നതിലൂടെയോ രോഗാണുക്കളുള്ള പ്രതലങ്ങളുമായി സമ്പർക്കം പുലർത്തിലൂടെയോ രോഗം പകരാനുള്ള സാധ്യത ഏറെയുണ്ടാകുമ്പോഴും ഫേസ് മാസ്ക് ഉപയോഗിക്കുന്നതിലൂടെ അതിനെ പ്രതിരോധിക്കാനാകുമെന്നും പഠനം രേഖപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.