തണുപ്പാണ്...ആരോഗ്യത്തോടെയിരിക്കാൻ പി.എച്ച്.സി.സി

ദോഹ: ഖത്തറിന്റെ വിവിധ മേഖലകളിൽ തണുപ്പ് കൂടുന്നതിനിടെ പൊതുജനങ്ങൾക്ക് ആരോഗ്യ നിർദേശവുമായി പ്രാഥമികാരോഗ്യ കേന്ദ്രം (പി.എച്ച്.സി.സി). കാലാവസ്ഥയിലെ മാറ്റങ്ങൾ കാരണമുണ്ടാകുന്ന രോഗങ്ങൾ ഒഴിവാക്കാൻ ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്ന് പി.എച്ച്.സി.സി വ്യക്തമാക്കി.

കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ടനുസരിച്ച് അബൂസംറയിൽ കുറഞ്ഞ താപനില മൂന്ന് ഡിഗ്രി വരെയും ദോഹയിൽ 13 ഡിഗ്രി വരെയുമെത്തി.‘സുരക്ഷിതമായിരിക്കുക, ആരോഗ്യത്തോടെ തുടരുക’ എന്ന തലക്കെട്ടിന് കീഴിൽ നടക്കുന്ന കാമ്പയിൻ ഭാഗമായി പൊതുജനങ്ങൾക്കായി പി.എച്ച്.സി.സി മുൻകരുതൽ നിർദേശങ്ങൾ നൽകി. പകർച്ചപ്പനിക്കെതിരെ പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ച് രോഗപ്രതിരോധം ശക്തമാക്കാം, ചുമക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും മറയ്ക്കണം തുടങ്ങിയ നിർദേശങ്ങൾ സമൂഹ മാധ്യമങ്ങളിലെ കാമ്പയിനിലൂടെ ആവശ്യപ്പെട്ടു.

കുറഞ്ഞത് 20 സെക്കൻഡ് സോപ്പും നേർത്ത ചൂടു വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകാനും കോർപറേഷൻ നിർദേശിക്കുന്നു. സീസണൽ ഇൻഫ്ളുവൻസ തടയുന്നതിനും പ്രതിരോധിക്കുന്നതിനും ആരോഗ്യ കേന്ദ്രങ്ങളും ക്ലിനിക്കുകളും സന്ദർശിച്ച് അവ സ്വീകരിക്കണമെന്നും പി.എച്ച്.സി.സി ശിപാർശ ചെയ്തു.

തണുപ്പിനെ അകറ്റാൻ തീകായുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പി.എച്ച്.സി.സി ഉണർത്തി. അടുപ്പ് ഉപയോഗിക്കുമ്പോഴോ ഔട്ട്‌ഡോറിൽ വിറക് കത്തിക്കുമ്പോഴോ മതിയായ വായുസഞ്ചാരം ആവശ്യമാണെന്നും, കുട്ടികളും പ്രായമായവരും ദീർഘനേരം പുക ശ്വസിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ പറഞ്ഞു. തണുത്ത കാലാവസ്ഥ ആസ്വദിക്കാൻ ജോഗിങ് പോലുള്ള ഔട്ട്‌ഡോർ ആക്ടിവിറ്റികളെയും പി.എച്ച്.സി.സി പ്രോത്സാഹിപ്പിക്കുന്നു. 

Tags:    
News Summary - cold-PHCC to stay healthy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.