ദോഹ: തസ്ബിഹ് മാലകളും മോതിരവും ആഭരണങ്ങളും മുതൽ ആംബറിൽ തീർത്ത വിവിധ ഇനം അലങ്കാര വസ്തുക്കളുമായി കതാറ കൾചറൽ വില്ലേജിൽ കഹ്റമാൻ പ്രദർശനത്തിന് തുടക്കം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും മികച്ച ഗുണനിലവാരമുള്ള ആംബർ ഉൽപന്നങ്ങളുടെ വമ്പൻ ശേഖരവുമായാണ് കതാറ ഹാളിൽ അഞ്ചാമത് പ്രദർശനത്തിന് തുടക്കം കുറിച്ചത്.
ചൊവ്വാഴ്ച ആരംഭിച്ച പ്രദർശനം വെള്ളിയാഴ്ച സമാപിക്കും. ഖത്തർ, സൗദി, കുവൈത്ത്, യു.എ.ഇ, ബഹ്റൈൻ, ഇറാഖ്, തുർക്കിയ, ലെബനാൻ, ലിത്വാനിയ, ലാത്വിയ, പോളണ്ട്, ജർമനി, സിറിയ, ചൈന തുടങ്ങിയ 14 രാജ്യങ്ങളിൽനിന്നുള്ള ഉൽപാദകരും വിതരണക്കാരുമായി 77പവിലിയനുകൾ ഇവിടെയുണ്ട്. മിഡിലീസ്റ്റിലെ ഏറ്റവും വലിയ ആംബർ ഉൽപന്നങ്ങളുടെ പ്രദർശനമേളയാണ് കഹ്റാൻ. ലോകത്തിലെ രണ്ടാമത്തെയും. പ്രദർശനത്തിനും വിൽപനക്കുമൊപ്പം ആംബർ ഉൽപന്ന നിർമാണ ശിൽപശാല, പരിശീലനം ഉൾപ്പെടെ പരിപാടികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. സാംസ്കാരിക പ്രാധാന്യം കൂടിയുള്ള ഇവയുടെ ചരിത്രവും വ്യവസായിക സാധ്യതകളും സന്ദർശകർക്കായി വിവരിക്കുകയും ചെയ്യുന്നു.
കതാറ ബിൽഡിങ് നമ്പർ 12ൽ ആരംഭിച്ച പ്രദർശനത്തിലേക്ക് ദിവസവും ഉച്ചക്ക് രണ്ട് മുതൽ രാത്രി പത്തുവരെയാണ് പ്രവേശനം. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മുതൽ രാത്രി 11 വരെയും. ഉദ്ഘാടന ചടങ്ങിൽ കതാറ ജനറൽ മാനേജർ പ്രഫ. ഡോ. ഖാലിദ് ബിൻ ഇബ്രാഹിം അൽ സുലൈതി, ഇന്ത്യൻ അംബാസഡർ വിപുൽ, സൗദി അറേബ്യ അംബാസഡർ പ്രിൻസ് മൻസൂർ ബിൻ ഖാലിദ് ബിൻ ഫർഹാൻ അൽ സൗദ്, തുർക്കിയ അംബാസഡർ ഡോ. മുസ്തഫ ഗോക്സു എന്നിവർ പങ്കെടുത്തു.
ചില പ്രത്യേകതരം മരങ്ങളില്‍നിന്ന് ഊർന്നിറങ്ങുന്ന കുന്തിരിക്കത്തിന് സമാനമായ കറയാണ് ആംബര്‍. നൂറ്റാണ്ടുകളോളം പഴക്കമുള്ള മരങ്ങളിൽനിന്നുള്ള സ്രവത്തിലൂടെയാണ് ഇവ രൂപപ്പെടുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി രത്നംപോലെ തന്നെ ഡിമാൻഡുള്ള ഉൽപന്നം കൂടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.