ദോഹ: കല്യാണ വീടിന്റെ ഉത്സവ രാവുപോലെയാണ് ദോഹ കോർണിഷ്. ലോകകപ്പ് ഫുട്ബാൾ വേളയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കാണികളുടെ സംഗമവേദിയായ ദോഹ കോർണിഷ് അന്നൊന്നും കാണാത്തൊരു ദൃശ്യവിസ്മയത്തിന് ഇപ്പോൾ വേദിയാവുന്നത്.
കോർണിഷിലെ തുരങ്ക പാതകളും പാസേജുകളുമായി നീളുന്ന വഴികളുടെ ഇരുവശവും മനോഹരമായ വെളിച്ചങ്ങളും, പലനിറങ്ങളിൽ മിന്നിത്തിളങ്ങുന്ന ലൈറ്റുകളും എൽ.ഇ.ഡി പ്രദർശനങ്ങളുമായി കാഴ്ചക്കാരെ കാത്തിരിക്കുന്നത് അപൂർവമായൊരു ദൃശ്യവിസ്മയം.
റമദാനിലെ രാത്രികളെ പലനിറങ്ങളിലുള്ള വെളിച്ചംകൊണ്ട് വർണാഭമാക്കുകയാണ് ഇവിടത്തെ കാഴ്ചകൾ. അൽ സമാൻ പ്ലാസയിലും കോർണിഷ് ടണലിലുമായി ദോഹ ലൈറ്റ്സ് ഫെസ്റ്റിവൽ എന്ന പേരിലാണ് മഴവിൽ വെളിച്ചങ്ങൾകൊണ്ട് അണിഞ്ഞൊരുങ്ങിയത്. ഖത്തർ ടൂറിസവും അഷ്ഗാലിന്റെ റോഡ്സ് ആൻഡ് പബ്ലിക് േപ്ലസ് സൗന്ദര്യവത്കരണ കമ്മിറ്റിയും സംയുക്തമായാണ് റമദാൻ-ഈദുൽ ഫിതർ ആഘോഷങ്ങളുടെ ഭാഗമായി ‘ലൈറ്റ് ഫെസ്റ്റിവൽ’ ആരംഭിച്ചത്. വാട്ടർ ഷോ, അറബിക് കാലിഗ്രഫി പ്രദർശനം എന്നിവയും അരങ്ങേറുന്നുണ്ട്.
അൽ സമാൻ പാർക്ക് മുതൽ ഗ്രാൻഡ് ഹമദ് സ്ട്രീറ്റ് വരെ (ബാങ്ക് സ്ട്രീറ്റ്) നീണ്ടുനിൽക്കുന്നതാണ് ലൈറ്റ് ഫെസ്റ്റ്. സന്ദർശകർക്ക് പ്രവേശനം സൗജന്യമാണ്. ദിവസവും രാത്രി 7.30 മുതൽ പുലർച്ചെ രണ്ടു മണിവരെ വെളിച്ചങ്ങളുടെ അത്ഭുതകാഴ്ചകളാണ് സന്ദർശകരെകാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി രാത്രികാലങ്ങളിൽ സന്ദർശകരുടെ വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.