സ്റ്റേഷനിൽനിന്ന് സൗരോർജ സംവിധാനം വഴി ബസ് ചാർജ് ചെയ്യുന്നു
ദോഹ: രാജ്യത്തിൻെറ ഗതാഗത മേഖല പതിയെ ഹരിതവത്കരണത്തിലേക്ക് നീങ്ങുകയാണ്. ഇന്ധനം ഉപയോഗിച്ച് ഓടുന്ന വാഹനങ്ങൾക്കു പകരം സൗരോർജത്താൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ വ്യാപകമാക്കാനാണ് ഗതാഗത വാർത്ത വിനിമയ മന്ത്രാലയം ലക്ഷ്യമിടുന്നത്. ദേശീയ വിഷൻ 2030 ൻെറ ഭാഗമായി ക്ലീൻ എനർജിയിലേക്കുള്ള പരിവർത്തനം ലക്ഷ്യമിട്ടാണ് വിവിധ പദ്ധതികൾ. ഇതിൻെറ ഭാഗമായി നിരവധി വൈദ്യുത ചാർജിങ് സ്റ്റേഷനുകൾ നിലവിൽ വന്നുകഴിഞ്ഞു. പലതിെൻറയും നിർമാണം പുരോഗമിക്കുന്നു. ഇനിയിതാ, മേഖലയിലെ ഏറ്റവും വലിയ സൗരോർജ വൈദ്യുത ചാർജിങ് സ്റ്റേഷൻ ഖത്തറിൽ നിർമിക്കുകയാണ് പൊതുമരാമത്ത് അതോറിറ്റി അശ്ഗാൽ. പണി അതിവേഗം പുരോഗമിക്കുകയാണ്.
നിർമാണം അവസാനിക്കുന്നതോടെ പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന മേഖലയിലെ ഏറ്റവും വലിയ വൈദ്യുത ചാർജിങ് സ്റ്റേഷൻ ഖത്തറിലാകും. പൊതു ബസ് ഗതാഗതം കൂടുതൽ കാര്യക്ഷമമാക്കുന്നതിൻെറ ഭാഗമായും ലോകകപ്പിനോടനുബന്ധിച്ച പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിൻെറയും ഭാഗമായി 14 പുതിയ ബസ് സ്റ്റേഷനുകളുടെ നിർമാണത്തിന് 2.4 ബില്യൻ റിയാലിൻെറ നിർമാണപ്രവർത്തനങ്ങൾക്ക് അശ്ഗാൽ കരാർ നൽകിയിരുന്നു. ലുസൈൽ, അൽ വക്റ, അൽ സുഡാൻ, എജുക്കേഷൻ സിറ്റി, ഇൻഡസ്ട്രിയൽ ഏരിയ എന്നിവിടങ്ങളിലെ ടെർമിനലുകളുടെ നിർമാണം 68 ശതമാനം പൂർത്തിയായതായി ഗതാഗത മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. ഈ വർഷം മൂന്നാം പാദത്തോടെ പദ്ധതി.
പ്രതിദിനഉൽപാദനം നാല് മെഗാവാട്ട് വൈദ്യുതി
പ്രതിദിനം നാല് മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ ശേഷിയുള്ള 10720 സൗരോർജ പാനലുകളാണ് സ്റ്റേഷനിൽ സ്ഥാപിക്കുക. അത്യാധുനിക നിലവാരത്തോടെയും സവിശേഷതകളോടെയുമാണ് സ്റ്റേഷൻ നിർമിക്കുന്നത്. 150 കിലോവാട്ട് ശേഷിയിൽ ബസുകൾക്ക് ചാർജ് ചെയ്യുന്നതിനായി 217 ഡബിൾ ഗൺ ഇലക്ട്രിക് ചാർജിങ് ഉപകരണങ്ങളാണ് സ്റ്റേഷനിലുണ്ടാകുക. കൂടാതെ 300 കിലോവാട്ട് ശേഷിയിൽ വേഗത്തിൽ ചാർജ് ചെയ്യുന്നതിനായി അഞ്ച് വൈദ്യുത ചാർജിങ് പോയൻറുകളും ഇവിടെ സ്ഥാപിക്കും. സ്റ്റേഷനിൽ 474 ബസ് സ്റ്റോപ്പുകളുമുണ്ടാകും. വൈദ്യുത ചാർജിങ് സ്റ്റേഷനുകളുടെ നിർമാണവുമായി ബന്ധപ്പെട്ട് 653 ഇലക്ട്രിക് ചാർജറുകൾ സ്ഥാപിക്കുന്നതിനുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് അശ്ഗാൽ തുടക്കം കുറിച്ചു. ദോഹക്ക് അകത്തും പുറത്തുമായി 41 ചാർജിങ് സ്റ്റേഷനുകളിലായി 713 ഇൻവെർട്ടറുകൾ അശ്ഗാൽ സ്ഥാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.