ദോഹ: തിമിർത്തു പെയ്യുന്ന മഴ വെള്ളപ്പൊക്കമായി മാറാതിരിക്കാനുള്ള നടപടികളുടെ ഭാഗമായി ഡ്രെയിനേജ് നിർമാണത്തിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം കുറിച്ച് പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ. ഖത്തറിന്റെ വെള്ളപ്പൊക്ക പ്രതിരോധ പദ്ധതിയുടെ ഭാഗമായായാണ് ദോഹ സൗത്ത് നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ശക്തമായി മഴപെയ്യുന്ന വേളയിൽ വെള്ളം തടസ്സങ്ങളില്ലാതെ ഒഴുകിപ്പോകാനുള്ള വഴിയൊരുക്കുകയാണ് ലക്ഷ്യം. വലിയ തുരങ്കഓടകളുടെ നിർമാണത്തിലൂടെ അപ്രതീക്ഷിതമായെത്തുന്ന മഴയിൽ വെള്ളമുയരുന്നത് തടയുക, പൊതുമുതലുകൾ സംരക്ഷിക്കുക, ആളുകളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകുക എന്നിവ സാധ്യമാകുമെന്ന് അഷ്ഗാൽ ഡ്രെയിനേജ് നെറ്റ്വർക്സ് പ്രോജക്ട് വിഭാഗം മാനേജർ എൻജി. ഖാലിദ് സൈഫ് അൽ ഖയറീൻ അറിയിച്ചു. മുഹമ്മദ് ബിൻ ഥാനി സ്ട്രീറ്റ്, അഹമ്മദ് ബിൻ അലി സ്ട്രീറ്റ്, ഹമദ് ആശുപത്രി ടണൽ, സമീപ പ്രദേശങ്ങൾ എന്നിവയാണ് ദോഹ സൗത്ത് മേഖലയിൽ ഉൾപ്പെടുന്നത്. നിരവധി സർക്കാർ ഓഫിസുകൾ, ആഭ്യന്തര മന്ത്രാലയം കാര്യാലയം, ശൂറാ കൗൺസിൽ, ഫയർ സ്റ്റേഷൻ, മ്യൂസിയം ഉൾപ്പെടെ നിരവധി തന്ത്രപ്രധാന സ്ഥലങ്ങളും ഇവയിൽ ഉൾപ്പെടുന്നു.
സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കും പരിസ്ഥിതിക്കും കാലാവസ്ഥാ വ്യതിയാനത്തിനുമുള്ള ഖത്തർ ദേശീയ വിഷനും അനുസൃതമായി ദീർഘകാല പദ്ധതിയാണ് ഇതുവഴി നടപ്പാക്കുന്നത്. ശക്തമായ മഴപെയ്യുമ്പോൾ കെട്ടിക്കിടക്കുന്ന വെള്ളം പമ്പ് ചെയ്ത് കളയുന്ന താൽക്കാലിക നടപടികൾക്ക് ഇതുവഴി ശാശ്വത പരിഹാരവുമാവും. ഇത്തരത്തിലുള്ള താൽക്കാലിക പരിഹാര നടപടികൾ റോഡ് സുരക്ഷയും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും വെല്ലുവിളിയാകുമെന്നും, ഡ്രെയ്നേജ് ടണൽ നിർമാണം പൂർത്തിയാകുന്നതോടെ നഗരത്തിലെ തിരക്കേറിയ ഭാഗങ്ങൾ മഴവെള്ള ഭീഷണിയിൽനിന്ന് മോചിതമാവുമെന്നും എൻജി. ഖാലിദ് സൈഫ് പറഞ്ഞു. 1.7 കിലോമീറ്റർ ദൈർഘ്യത്തിലാണ് പദ്ധതി. ഭൗമനിരപ്പിൽനിന്ന് ഏഴ് മുതൽ ഒമ്പത് മീറ്റർവരെ താഴ്ചയിലായിരിക്കും പൈപ്പുകൾ സ്ഥാപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.