ദോഹ: തങ്ങൾ അംഗീകരിച്ച കോവിഡ് വാക്സിൻ സ്വീകരിച്ച് എത്തുന്ന വിദേശികൾക്ക് വിവിധ ഗൾഫ് രാജ്യങ്ങൾ ക്വാറൻറീൻ ഇളവുകളടക്കം നൽകുന്നുണ്ടെങ്കിലും ഇന്ത്യക്കാർക്ക് ആനുകൂല്യം ലഭിക്കുന്നില്ല. നിലവിൽ മിക്ക വിദേശരാജ്യങ്ങളും എല്ലാ ഗൾഫ് രാജ്യങ്ങളും ആസ്ട്രസെനക വാക്സിൻ അംഗീകരിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയുടെ കോവിഷീൽഡ് ആ രൂപത്തിൽ അംഗീകരിച്ചിട്ടില്ല. വാസ്തവത്തിൽ ആസ്ട്രസെനക പോലെത്തന്നെ ഓകസ്ഫഡ് യൂനിവേഴ്സിറ്റിയുടെ സഹകരണത്തോടെ ഇന്ത്യയിൽ നിർമിക്കുന്നതാണ് കോവിഷീൽഡ്. രണ്ടും ഒരുവാക്സിൻ തന്നെയാണ്. പേര് മാത്രം വ്യത്യസ്തം. പക്ഷേ, നിലവിൽ ഇന്ത്യയിൽനിന്ന് കോവിഷീൽഡ് എടുത്ത് വരുന്നവർക്ക് ഗൾഫിലെ ഇളവുകൾ ലഭ്യമാകുന്നില്ല. കോവിഷീൽഡും ആസ്ട്രസെനകയും ഒന്നാണെന്ന് ഗൾഫിലെ അധികൃതരെ ബോധ്യപ്പെടുത്തിയാൽ ഈ പ്രശ്നം തീരും.
നിലവിൽ ഖത്തർ, കുവൈത്ത്, സൗദി, അബൂദബി എന്നിവ വാക്സിൻ എടുത്തവർക്ക് ക്വാറൻറീനിൽ ഇളവ് നൽകുന്നുണ്ട്. ഫൈസർ, ആസ്ട്രസെനക, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ വാക്സിനുകൾക്കാണ് സൗദി അംഗീകാരം നൽകിയിരിക്കുന്നത്. കുവൈത്ത് ഇവക്കുപുറമേ മൊഡേണ വാക്സിനും അംഗീകരിച്ചിട്ടുണ്ട്. ഖത്തറാകട്ടെ ഇവക്കുപുറമേ കോവിഷീല്‍ഡിനും അംഗീകാരം നൽകിയിട്ടുണ്ട്. ഖത്തർ മാത്രമാണ് കോവിഷീൽഡ് എന്ന് പ്രത്യേകമായി പറഞ്ഞിരിക്കുന്നത്. എന്നാൽ മറ്റ് രാജ്യങ്ങൾ കോവിഷീൽഡ് എന്ന് പ്രത്യേകം പറയാതിരിക്കുകയും ആസ്ട്രസെനക എന്ന് പറയുകയും ചെയ്യുന്നുണ്ട്. ഇത് രണ്ടും ഒന്നാണെന്ന് ഇന്ത്യൻ അധികൃതർ വിദേശരാജ്യങ്ങളെ ബോധ്യപ്പെടുത്തിയാൽ ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികൾക്ക് അത് ഉപകാരമാകും. വാക്സിനേഷൻ സാക്ഷ്യപത്രത്തിൽ അത് രേഖപ്പെടുത്തുകയും വേണം.
അതേസമയം, ഇന്ത്യയിൽ ഉപയോഗിക്കുന്ന എല്ലാതരം വാക്സിനും അംഗീകാരം ലഭിക്കുന്നതിന് കുവൈത്ത് അധികൃതരുമായി ബന്ധെപ്പടുന്നുണ്ടെന്ന് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി മാത്യു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ത്യയിൽ നിർമിച്ച കോവിഷീൽഡ് വാക്സിെൻറ രണ്ടുലക്ഷം ഡോസ് കുവൈത്തിൽ നേരത്തേ ഇറക്കുമതി ചെയ്തിരുന്നു. രണ്ട് വാക്സിനും ഒന്നാണെന്ന് സൗദി അധികൃതരെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദും പറയുന്നു. വാക്സിൻ സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പർ കൂടി ഉൾപ്പെടുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.
നാട്ടിലുള്ള പ്രവാസികൾക്ക് രണ്ടു ഡോസും തമ്മിലുള്ള കാലദൈർഘ്യം കുറക്കാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്. നിലവിൽ കേരളത്തിൽ കോവിഷീൽഡ് വാക്സിെൻറ ആദ്യഡോസ് സ്വീകരിച്ചുകഴിഞ്ഞ് 84 ദിവസം കഴിഞ്ഞാലാണ് രണ്ടാം ഡോസ് നൽകുന്നത്. ഇത് പ്രവാസികൾക്ക് ഏറെ പ്രയാസങ്ങളാണ് ഉണ്ടാക്കുന്നത്. വാക്സിൻ ലഭ്യത അടക്കം പരിഗണിച്ചാണ് ഇത്രയധികം കാലയളവ്. നേരത്തേ ഇത് 28 ദിവസമായിരുന്നു. പിന്നീട് ആദ്യ ഡോസ് കഴിഞ്ഞ് 42 ദിവസം കഴിഞ്ഞും 56 ദിവസത്തിനുള്ളിലും സെക്കൻഡ് ഡോസ് എടുത്താൽ മതിയെന്നായി. എന്നാൽ ഇപ്പോൾ 84 ദിവസമാക്കി. മിക്ക പ്രവാസികളും ചെറിയ അവധിക്കാണ് നാട്ടിൽ എത്തുന്നത്. കോവിഡ് കാരണം ദീർഘകാലമായി നാട്ടിൽ കുടുങ്ങുകയും ആദ്യഡോസ് എടുക്കുകയും ചെയ്തവർക്കാണ് 84 ദിവസം എന്ന കാലയളവ് കൂടുതൽ പ്രയാസം സൃഷ്ടിക്കുക.
ഗൾഫിലുള്ളവർ ആസ്ട്രസെനകയോ ഫൈസറോ സ്വീകരിക്കുന്നതാണ് നല്ലത്
ഗൾഫിൽനിന്നാണ് വാക്സിൻ സ്വീകരിക്കുന്നതെങ്കിൽ ആസ്ട്രസെനക, ഫൈസർ എന്നീ വാക്സിനുകൾ സ്വീകരിക്കുന്നതാണ് നല്ലതെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. ഈ രണ്ട് വാക്സിനുകളും പൊതുവായി എല്ലാ ഗൾഫ് നാടുകളും അംഗീകരിച്ചതിനാലാണ് ഈ നിർദേശം മുന്നോട്ടുവെക്കുന്നതെന്ന് ഖത്തറിലെ പ്രവാസി സാമൂഹികപ്രവർത്തകനും ലോകകേരള സഭ അംഗവുമായ അബ്ദുൽ റഊഫ് കൊണ്ടോട്ടി പറയുന്നു. മറ്റു വാക്സിനുകൾ ചില രാജ്യങ്ങൾ അംഗീകരിക്കുേമ്പാൾ മറ്റു ചില രാജ്യങ്ങൾ അംഗീകരിക്കുന്നില്ല. സിനോഫാം, സ്പുട്നിക് വാക്സിനുകൾ യു.എ.ഇയും ബഹ്റൈനും അംഗീകരിക്കുമ്പോൾ മറ്റു ജി.സി.സി രാജ്യങ്ങളിൽ അംഗീകൃതമല്ല.
ഇതിനാൽ ഹജജ്, ഉംറ പോലുള്ള തീർഥാടനം ഉദ്ദേശിക്കുന്നവർ ആസ്ട്രസെനകയോ ഫൈസറോ സ്വീകരിക്കുന്നതാണ് ഉചിതം. ബിസിനസ്, കുടുംബ സന്ദർശനം തുടങ്ങിയ ആവശ്യാർഥം വിവിധ രാജ്യങ്ങൾ സന്ദർശിക്കേണ്ടവർ, ജോലി മാറി മറ്റു രാജ്യങ്ങളിൽ പുതിയ തൊഴിൽ തേടേണ്ടിവരുന്നവർ എന്നിവരും ഇവ എടുക്കാൻ ശ്രമിക്കണം. ഇതിലൂടെ വിദേശരാജ്യങ്ങളിലെ നടപടികൾ കൂടുതൽ എളുപ്പമാകുമെന്നും അബ്ദുൽ റഊഫ് കൊണ്ടോട്ടി പറയുന്നു. വാക്സിൻ എടുത്തുവരുന്ന പ്രവാസികൾക്ക് വിവിധ വിദേശരാജ്യങ്ങൾ ഇളവുകൾ നൽകുന്നുണ്ട്.
വാക്സിൻ മുൻഗണന കേരളത്തിൽ പ്രവാസികൾ രജിസ്റ്റർ ചെയ്യണം
കേരളത്തിൽ കോവിഡ് വാക്സിൻ സ്വീകരിക്കാൻ പ്രവാസികൾക്ക് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ മുൻഗണന നൽകി ഉത്തരവിറക്കിയിരുന്നു. സംസ്ഥാനത്ത് 18 മുതൽ 45 വയസ്സുവരെയുള്ള കുത്തിവെപ്പ് മുൻഗണനാപട്ടികയിലാണ് പ്രവാസികളെയും ഉൾെപ്പടുത്തിയിരിക്കുന്നത്. ഇതിനായി പ്രവാസികൾ www.cowin.gov.in എന്ന ലിങ്കിൽ ആദ്യം വ്യക്തിഗത വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. തുടർന്ന് പ്രവാസി മുൻഗണന ലഭിക്കുന്നതിനായി https://covid19.kerala.gov.in/vaccine/ എന്ന ലിങ്കിലും രജിസ്റ്റർ ചെയ്യണം. നിലവിൽ കേരളത്തിൽ കോവിഷീൽഡ് വാക്സിെൻറ ആദ്യഡോസ് സ്വീകരിച്ചുകഴിഞ്ഞ് 84 ദിവസം കഴിഞ്ഞാലാണ് രണ്ടാം ഡോസ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.