ദോഹ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ മരുന്നായ കോവാക്സിന് ഖത്തർ അംഗീകാരം നൽകിയത് മലയാളികൾ ഉൾപ്പെടെ പ്രവാസികൾക്ക് ആശ്വാസമേകുന്നു.
ഇന്ത്യ കൂടുതലായി ഉൽപാദിപ്പിക്കുന്ന വാക്സിൻ എന്നനിലയിൽ പ്രവാസികളും ബന്ധുക്കളുമായി ഏറെപേർ കോവാക്സിനാണ് സ്വീകരിച്ചത്. പ്രവാസികളിൽ വലിയൊരു പങ്കും, ഖത്തർ നേരത്തേതന്നെ അംഗീകരിച്ച ആസ്ട്രാസെനക കോവിഷീൽഡാണ് എടുത്തത്. ഈ പ്രതിരോധ മരുന്നിന് ഉപാധികളൊന്നുമില്ലാതെതന്നെ അംഗീകാരവുമുണ്ട്. കോവിഷീൽഡ് വാക്സിൻ ഖത്തറിലും ലഭ്യവുമാണ്. എന്നാൽ, ഇന്ത്യൻ മരുന്ന് എന്നനിലയിൽ നാട്ടിൽ സുലഭമായതിനാൽ പ്രവാസികളുടെ ബന്ധുക്കളിൽ ഏറെ പേരും കോവാക്സിനാണ് എടുത്തത്.
അതേസമയം, കുടുംബത്തെ സന്ദർശക വിസയിലും മറ്റും ഖത്തറിലേക്ക് െകാണ്ടുവരാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് കോവാക്സിന് അംഗീകാരമില്ലാത്തത് തടസ്സമായി. ഈ പ്രതിസന്ധിയാണ് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറ പുതിയ തീരുമാനത്തോടെ ഒഴിവാകുന്നത്. ഇന്ത്യയില്‍നിന്ന് കോവാക്സിന് എടുത്ത് ഖത്തറിലേക്ക് വരാനിരിക്കുന്ന പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമാണ് മന്ത്രാലയത്തിെൻറ ഈ തീരുമാനം.
ഗൾഫ് മേഖലയിൽ ഒമാനും, ബഹ്റൈനുമാണ് നിലവിൽ കോവാക്സിന് അംഗീകാരം നൽകിയത്. യു.എ.ഇ, സൗദി, കുവൈത്ത് രാജ്യങ്ങളിൽ ഇതുവരെ അംഗീകാരം ലഭ്യമായിട്ടില്ല. 2021 ജനുവരിയിലാണ് ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിൻ ഉപയോഗിക്കാൻ ഇന്ത്യ അംഗീകാരം നൽകിയത്. കോവിഷീൽഡിനൊപ്പം, രാജ്യത്ത് വ്യാപകമായി കുത്തിവെപ്പ് എടുക്കുകയും ചെയ്തു.
വിവിധ ലോകരാജ്യങ്ങളുടെ അംഗീകാരം ഇതിനകം കോവാക്സിന് ലഭിച്ചുകഴിഞ്ഞു. നവംബറിലാണ് ലോകാരോഗ്യ സംഘടന കോവാക്സിന് അംഗീകാരം നൽകിയത്. അടിയന്തര ഉപയോഗത്തിനുള്ള വാക്സിനുകളുടെ പട്ടികയിലാണ് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ) ഉൾപ്പെടുത്തിയിരിക്കുന്നത്. ഡബ്ല്യു.എച്ച്.ഒയുടെ അംഗീകാരത്തിനായി കഴിഞ്ഞ ഏപ്രിലിൽ ഭാരത് ബയോടെക് അപേക്ഷ നൽകിയിരുന്നു.
വാക്സിൻ പരീക്ഷണത്തിെൻറയും ഫലപ്രാപ്തിയുടെയും വിശദവിവരങ്ങൾ പരിശോധിച്ചതിെൻറ അടിസ്ഥാനത്തിലാണ് പച്ചക്കൊടി ഉയർത്തിയത്. അതിെൻറ തുടർച്ചയെന്നനിലയിലാണ് ഖത്തർ ഉൾപ്പെടെ വിവിധ രാജ്യങ്ങളുടെയും അംഗീകാരം.
•അംഗീകാരമുള്ളവ: മൊഡേണ, ഫൈസർ, ആസ്ട്രാസെനക (കോവിഷീൽഡ്, ഓക്സ്ഫോഡ്, വാക്സ്ഫെറിയ), ജോൺസൺ ആൻറ് ജോൺസൺ.
•ഉപാധികളോടെ അംഗീകാരം: സിനോഫാം, സിനോവാക്, സ്പുട്നിക്, കോവാക്സിൻ.
• ഉപാധികളോടെ അംഗീകരിച്ച വാക്സിനുകൾ സ്വീകരിച്ച് വരുന്ന യാത്രക്കാർ, രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസം പൂർത്തിയാവുകയും, യാത്രക്ക് മുമ്പ് സിറോളജി ആൻറിബോഡി ടെസ്റ്റ് നടത്തി പോസിറ്റീവ് പരിശോധനാ ഫലം കൈയിൽ കരുതുകയും വേണം. എങ്കിൽ മാത്രമേ യാത്രക്കാരനെ വാക്സിനേറ്റഡായതായി പരിഗണിക്കൂ.
•ഇവയിൽ രണ്ട് ഡോസ് എടുത്തയാൾ, മൂന്നാം ഡോസായി ഫൈസർ/ മൊഡേണ വാക്സിൻ കൂടി എടുത്താൽ വാക്സിനേറ്റഡായി പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.