ദോഹ: ലോകത്തെ ഗ്രസിച്ചിരിക്കുന്ന കോവിഡ് -19 മഹാമാരിയിൽനിന്ന് മുക്തി നേടുന്നതിനുള്ള പ്രതിരോധ വാക്സിൻ കണ്ടെത്തുന്നതിനായി ആഗോളതലത്തിൽ പരിശ്രമങ്ങൾ തുടരുകയാണ്.സുരക്ഷിതവും ഫലപ്രദവുമായ വാക്സിൻ നിർമിക്കാൻ രാജ്യാന്തര ഗവേഷണ കൺസോർട്ട്യവുമായി ചേർന്ന് സിദ്റ മെഡിസിനും രംഗത്ത്. അമേരിക്കയിലെ ഹാർവാർഡ് മെഡിക്കൽ സ്കൂൾ, തുലേൻ യൂനിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിൻ എന്നീ സ്ഥാപനങ്ങളിൽ നിന്നുള്ള ഗവേഷകരുമായി ചേർന്ന് സിദ്റ മെഡിസിനിലെ ഹ്യൂമൻ ജെനിറ്റിക്സ് ഡിപ്പാർട്മെൻറിലെ സ്റ്റാഫ് സയൻറിസ്റ്റ് ഡോ. ഉസാമ അബ്ദുൽ മുഅ്താലിെൻറ നേതൃത്വത്തിലാണ് വാക്സിൻ കണ്ടെത്തുന്നതിലുള്ള പരീക്ഷണം ആരംഭിച്ചിരിക്കുന്നത്.
വാക്സിൻ പരീക്ഷണത്തിെൻറ ഭാഗമായി ഹ്യൂമനൈസ്ഡ് മൗസ് മാതൃകകൾ രാജ്യാന്തര ഗവേഷക സംഘം ഇതിനകം വികസിപ്പിച്ചെടുത്തിട്ടുണ്ട്. തങ്ങൾ രാജ്യാന്തരതലത്തിൽ നടക്കുന്ന എല്ലാ കോവിഡ് വിരുദ്ധ ഗവേഷണങ്ങളെയും പിന്തുണക്കുന്നുവെന്നും അവയുമായി സഹകരിക്കുന്നുവെന്നും സിദ്റ മെഡിസിൻ ആക്റ്റിങ് ചീഫ് റിസർച്ച് ഓഫിസർ ഡോ. ഖാലിദ് ഫഖ്റു പറഞ്ഞു.
നിലവിൽ 160ലധികം കോവിഡ് -19 വാക്സിനുകളാണ് പരീക്ഷണത്തിലുള്ളത്.സുരക്ഷിതവും കാര്യക്ഷമവുമായ വാക്സിനുകൾക്കായിരിക്കും സ്വീകാര്യത ലഭിക്കുകയെന്നും ഗവേഷണത്തിന് നേതൃത്വം വഹിക്കുന്ന ഡോ. ഉസാമ അബ്ദുൽ മുഅ്താൽ പറഞ്ഞു. മനുഷ്യ പ്രതിരോധ സംവിധാനങ്ങളുമായി ബന്ധപ്പെട്ട പ്രതികരണങ്ങൾ അനുകരിക്കുന്ന ഹ്യൂമനൈസ്ഡ് മൗസ് മോഡലുകൾ ഗവേഷകർ പരീക്ഷണത്തിനായി വികസിപ്പിച്ചിട്ടുണ്ട്.
വാക്സിെൻറ ക്ഷമതയും പ്രാപ്തിയും പരിശോധിക്കുന്നതിന് ഇതേറെ ഗുണം ചെയ്യുമെന്നും ഡോ. അബ്ദുൽ മുഅ്താൽ വ്യക്തമാക്കി. മനുഷ്യ ശരീരത്തിന് ഹാനികരമാകാത്ത എന്നാൽ ഫലപ്രദവും കാര്യക്ഷമമവുമായ വാക്സിൻ വികസിപ്പിക്കുകയാണ് ലക്ഷ്യം വെച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാക്സിൻ വികസിപ്പിച്ചെടുക്കുന്നതിൽ മൗസ് മോഡലുകൾ വലിയ പങ്കാണ് വഹിക്കുന്നത്. മനുഷ്യശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തെ തകരാറിലാക്കുന്ന എല്ലാ ഘടകങ്ങൾക്കെതിരെയും പ്രതികരിക്കുന്നതിെൻറ അവസ്ഥകൾ കണക്കാക്കുന്ന പ്രധാന ഉപകരണങ്ങളായാണ് മൗസ് മോഡലുകളെ ഉപയോഗിക്കുന്നത്. ബയോമെഡിക്കൽ റിസർച്ചിലൂടെയാണ് ഇവയെ വികസിപ്പിച്ചെടുക്കുന്നത്.
കോവിഡ് -19നെതിരായ ആൻറിബോഡികളും വാക്സിനും വികസിപ്പിക്കുന്ന ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ പ്രഫ. വെയ്ൻ മറാസ്കോ പറഞ്ഞു. വികസിപ്പിച്ചെടുത്ത വാക്സിൻ ഹ്യൂമനൈസ്ഡ് മൗസ് മോഡലുകളിൽ കുത്തിവെക്കുന്നതോടെ എലികളിലെ ഹ്യൂമൻ ഗാൽ ആൻറിബോഡികൾ വാക്സിനുമായി പ്രതികരിക്കുകയും ആൻറിബോഡികൾ വികസിപ്പിക്കുകയും ചെയ്യും.
ഡോ. അബ്ദുൽ മുഅ്താലിെൻറ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത ഹ്യൂമനൈസ്ഡ് മൗസ് മോഡൽ കോവിഡ് -19 വാക്സിൻ വികസിപ്പിച്ചെടുക്കുന്നതിൽ നിർണായക ഘടകമാകുമെന്ന് തുലേൻ യൂനിവേഴ്സിറ്റി ഓഫ് മെഡിസിനിലെ ഡോ. സ്റ്റീഫൻ ബ്രൗൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.