ദോഹ: ഖത്തറിൽ തിങ്കളാഴ്ച 206 പേർക്കുകൂടി പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതിൽ 29 പേർ അടുത്തിടെ വിദേശങ്ങളിൽനിന്ന് രാജ്യത്ത് തിരിച്ചെത്തിയവരാണ്. പുതിയ 198 പേർ കൂടി രോഗമുക്തരായിട്ടുണ്ട്. നിലവിലുള്ള ആകെ രോഗികൾ 2795 ആണ്. 5545 പേർക്കാണ് ഇന്നലെ പരിശോധന നടത്തിയത്. ആകെ 837486 പേരെ പരിശോധിച്ചപ്പോൾ ഇതുവരെ 128191 പേർക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. മരിച്ചവരും രോഗം ഭേദമായവരും ഉൾെപ്പടെയാണിത്. ഇന്നലെ ആരും മരിച്ചിട്ടില്ല.
220 പേരാണ് ആകെ മരിച്ചത്. ആകെ 125176 പേരാണ് രോഗമുക്തി നേടിയിരിക്കുന്നത്. നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത് 371 പേരാണ്. ഇതിൽ 40 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പ്രവേശിപ്പിച്ചതാണ്. 55 പേരാണ് തീവ്രപരിചരണ വിഭാഗത്തിലുള്ളത്. ഇതിൽ മൂന്നുപേരെ 24 മണിക്കൂറിനിടെ പ്രവേശിപ്പിച്ചതാണ്. കോവിഡ് ഭീഷണി പൂർണമായും ഇല്ലാതായിട്ടില്ല എന്നതിനാൽ എല്ലാവരും കനത്ത ജാഗ്രത തുടരണമെന്നാണ് ആരോഗ്യ മന്ത്രാലയം അധികൃതർ പറയുന്നത്. ഫലപ്രദമായ വാക്സിൻ ലഭ്യമാകുന്നതുവരെ പ്രതിരോധ നടപടികൾ തുടരുകയല്ലാതെ നിർവാഹമില്ല. വാക്സിൻ ആഗോളാടിസ്ഥാനത്തിൽ ലഭ്യമാകുന്ന മുറക്ക് ഉടൻ ഖത്തറിലെത്തിക്കുമെന്നും നാഷനൽ ഹെൽത്ത് സ്ട്രാറ്റജിക് ഗ്രൂപ് ചെയർമാനും എച്ച്.എം.സി ഇൻഫെക്ഷ്യസ് ഡിസീസ് മേധാവിയുമായ ഡോ. അബ്്ദുല്ലത്തീഫ് അൽ ഖാൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വാക്സിൻ ലഭ്യമാക്കാനായി പല കമ്പനികളുമായും ചർച്ചകൾ നടക്കുകയാണ്. ഫിസർ ആൻഡ് ബയോൻടെക് എന്ന കമ്പനിയുമായി കരാർ ഒപ്പുവെച്ചിട്ടുമുണ്ട്. അതേസമയം, രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും സൗജന്യമായാണ് കോവിഡ്-19 വാക്സിൻ വിതരണം ചെയ്യുകയെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഈ പ്രഖ്യാപനം ജനത്തിന് ഏറെ ആശ്വാസകരമാണ്. വാക്സിൻ ലഭ്യമാകുന്നതോടെ രാജ്യത്ത് വലിയ അളവിൽ മരുന്നെത്തിക്കാൻ നിരവധി കമ്പനികളുമായി ചർച്ച നടത്തുന്നുണ്ട്. വാക്സിൻ കാര്യത്തിൽ
ഇതുവരെയുള്ള ശ്രമങ്ങൾ ശുഭപ്രതീക്ഷ നൽകുന്നവയാണ്. ഒക്ടോബർ അവസാനത്തോടെയോ നവംബറിലോ വാക്സിന് അന്താരാഷ്്ട്ര അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്ലിനിക്കൽ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് അംഗീകാരം ലഭിക്കുക. നിലവിൽ വിവിധ രാജ്യങ്ങളിലായി 44000 പേരിൽ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഈ വർഷം അവസാനത്തോടെയോ അടുത്ത വർഷം ആദ്യത്തിലോ ആയിരിക്കും ഖത്തറിൽ കോവിഡ് വാക്സിൻ എത്തുക.
കോവിഡ് പരിശോധന സൗകര്യങ്ങൾ32 കേന്ദ്രങ്ങളിൽ
ദോഹ: ഖത്തറിൽ കോവിഡ് പി.സി.ആർ പരിശോധന നടത്താനുള്ള സൗകര്യങ്ങൾ പൊതുജനാരോഗ്യമന്ത്രാലയം വർധിപ്പിച്ചു. സിദ്റ മെഡിസിന് കൂടി പരിശോധന നടത്താനുള്ള അനുമതി മന്ത്രാലയം നൽകി. ഇതോടെ ഇത്തരത്തിലുള്ള കേന്ദ്രങ്ങളുെട എണ്ണം 32 ആയി. പി.സി.ആർ പരിശോധന നടത്തുന്നതിന് അംഗീകാരം ലഭിച്ച കേന്ദ്രങ്ങൾ:
അൽ ഇമാദി ആശുപത്രി, തുർക്കിഷ് ആശുപത്രി, ദോഹ ക്ലിനിക് ആശുപത്രി, അൽ അഹ്ലി ആശുപത്രി, ക്വീൻ ആശുപത്രി, ഡോ. മൂപ്പൻസ് ആസ്റ്റർ ആശുപത്രി, മഗ്രിബി സെൻറർ ഫോർ ഐ-ഇഎൻ.ടി-ഡെൻറൽ, എലൈറ്റ് മെഡിക്കൽ സെൻറർ, വെസ്റ്റ്ബേ മെഡികെയർ, സിറിയൻ അമേരിക്കൻ മെഡിക്കൽ സെൻറർ, ഫ്യൂച്ചർ മെഡിക്കൽ സെൻറർ, ഡോ ഖാലിദ് അൽ ശൈഖ് അലിസ് മെഡിക്കൽ സെൻറർ, അൽ ജുഫൈരി ഡയഗ്നോസിസ് ആൻഡ് ട്രീറ്റ്മെൻറ്, അൽ അഹ്മദാനി മെഡിക്കൽ സെൻറർ, ഇമാറ ഹെൽത്ത് കെയർ, കിംസ് ഖത്തർ മെഡിക്കൽ സെൻറർ, അലീവിയ മെഡിക്കൽ സെൻറർ, ആസ്റ്റർ മെഡിക്കൽ സെൻറർ പ്ലസ് അൽ മുൻതസ, അൽ ജമീൽ മെഡിക്കൽ സെൻറർ, അറ്റ്ലസ് മെഡിക്കൽ സെൻറർ, അൽ തഹ്രീർ മെഡിക്കൽ സെൻറർ, നസീം അൽ റബീഹ് മെഡിക്കൽ സെൻറർ, ന്യൂ നസീം അൽ റബീഹ് മെഡിക്കൽ സെൻറർ, ആസ്റ്റർ മെഡിക്കൽ സെൻറർ അൽഖോർ, അൽ ഖയ്യാലി മെഡിക്കൽ സെൻറർ, അബീർ മെഡിക്കൽ സെൻറർ, അൽ ഇസ്റാ പോളി ക്ലിനിക്, വാല്യൂ മെഡിക്കൽ കോംപ്ലക്സ്, ഏഷ്യൻ മെഡിക്കൽ സെൻറർ എൽ.എൽ.സി, ഡോ. മാഹിർ അബ്ബാസ് പോളി ക്ലിനിക്, സിദ്റ മെഡിസിൻ.
ഇൗ കേന്ദ്രങ്ങൾ സാമ്പ്ളുകൾ ശേഖരിച്ച് ഹമദ് ലബോറട്ടറികളിലേക്ക് അയക്കും. വിവിധയിടങ്ങളിലേക്കുള്ള യാത്രക്ക് മുന്നോടിയായുള്ള കോവിഡ് 19 നെഗറ്റിവ് സർട്ടിഫിക്കറ്റിനായി വരുന്നയാളുകളുടെയും സാമ്പ്ളുകൾ ഇതോടെ സ്വകാര്യസ്ഥാപനങ്ങൾക്ക് ശേഖരിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.