കോവിഡില്ലാരാജ്യം നേട്ടത്തിലേക്ക്​ ഖത്തർ കുതിക്കുന്നു

ദോഹ: കോവിഡ്-19 പരിശോധനക്ക് വിധേയമാകുന്നവരിൽ രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം ഓരോ ആഴ്ചയും കുറഞ്ഞുവരുന്നതായി പുതിയ കണക്കുകൾ. രോഗവ്യാപനം ആരംഭിച്ചതിനു ശേഷമുള്ള ഓരോ 100 പരിശോധനയിലും രോഗം സ്ഥിരീകരിക്കുന്ന കേസുകൾ കുറഞ്ഞുവരുകയാണെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.

ഖത്തർ പ്ലാനിങ് ആൻഡ് സ്​റ്റാറ്റിസ്​റ്റിക്സ്​ അതോറിറ്റി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ഒക്ടോബർ 20നും 26നും ഇടയിൽ ഒരാഴ്ചത്തെ ശരാശരി പോസിറ്റിവ് കേസുകൾ കേവലം മൂന്നു മാത്രമാണ്. അതിനു തൊട്ടുമുമ്പുള്ള ആഴ്ചയിലും സ്ഥിതി ഇതുതന്നെയായിരുന്നു.

അതേസമയം, രാജ്യത്ത് കോവിഡ്-19 വ്യാപനം ഉയർന്ന ഘട്ടത്തിലെത്തിയ മേയ് 26നും ജൂൺ ഒന്നിനും ഇടയിൽ ഒരാഴ്ചയിൽ 100 പരിശോധനയിൽ ശരാശരി 38.8 പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ശേഷമുള്ള ശരാശരി പോസിറ്റിവ് കേസുകളുടെ എണ്ണത്തിലാണ് ഗണ്യമായ കുറവ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.

ഒക്ടോബർ 27ലെ കണക്കുകൾ പ്രകാരം 2842 പേരാണ് ചികിത്സയിലുള്ളത്. 257 പുതിയ കേസുകൾ സ്ഥിരീകരിച്ചപ്പോൾ 274 പേർക്ക് രോഗം ഭേദമായി. ഇതുവരെ 1,28,617 പേരാണ് കോവിഡ്-19 രോഗമുക്തി നേടിയത്. കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 230.

മറ്റു പലരാജ്യങ്ങളിലും സംഭവിച്ച പോലെ ഖത്തറിൽ കോവിഡ്-19‍െൻറ രണ്ടാം വരവ് ഉണ്ടാകുകയില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. രാജ്യത്ത്​ നിലവിൽ കോവിഡ്ബാധ സ്ഥിരത കൈവരിച്ചിട്ടുണ്ട്​. ആഴ്ചയിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 15 ശതമാനത്തിെൻറ കുറവുണ്ടായിട്ടുണ്ട്​. ഇനിയൊരു രണ്ടാം വരവ് ഉണ്ടാകുകയില്ല.

മേയ് അവസാനത്തിലും ജൂൺ ആദ്യത്തിലും രാജ്യത്തെ കോവിഡ്-19 കേസുകളിൽ ഗണ്യമായ വർധന രേഖപ്പെടുത്തിയിരുന്നു. ശേഷം വന്ന ബലിപെരുന്നാളിൽ വീണ്ടും രോഗവ്യാപനം റിപ്പോർട്ട് ചെയ്യപ്പെടുകയായിരുന്നു. അത്തവണ രാജ്യത്തെ പൗരന്മാർക്കിടയിലും വൈറ്റ്​കോളർ ജീവനക്കാർക്കുമിടയിലാണ് രോഗവ്യാപനമുണ്ടായത്. മുന്നറിയിപ്പുകൾ അവഗണിച്ച് ഒത്തുചേരലുകളും പാർട്ടികളും നടത്തിയത് രോഗവ്യാപനത്തിന് ആക്കം കൂട്ടി. എന്നാൽ, കഴിഞ്ഞ ഏറെ ആഴ്ചകളായി പുതിയ രോഗികളുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഫെബ്രുവരി 28ന് ഇറാനിൽനിന്നും തിരിച്ചെത്തിയ ഖത്തരി യുവാവിനാണ് രാജ്യത്താദ്യമായി രോഗം സ്ഥിരീകരിച്ചത്. മാർച്ച് എട്ടിന് രാജ്യത്ത് കോവിഡ്-19െൻറ സാമൂഹിക വ്യാപനം റിപ്പോർട്ട് ചെയ്തു.

രാജ്യം നടപ്പാക്കിയ കർശന നിയന്ത്രണങ്ങളും മുൻകരുതൽ നടപടികളും രോഗവ്യാപനം തടയുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. പകർച്ചവ്യാധിയെ നേരിടുന്നതിൽ സർക്കാറിെൻറ കൃത്യമായ മുന്നൊരുക്കം, സർക്കാർ നടപടികൾ, പൊതുജനാരോഗ്യ വകുപ്പിൽനിന്നുള്ള നിയന്ത്രണങ്ങൾ, പൊതുജനങ്ങളുടെ സഹകരണം, രോഗവ്യാപനത്തോട് അതിവേഗത്തിലുള്ള ആരോഗ്യ സംവിധാനത്തിെൻറ പ്രതികരണം എന്നിവയെല്ലാം ഇതിലുൾപ്പെടും.

പ്രതിദിനം നൂറുകണക്കിന്​ പരിശോധനയാണ് ഖത്തറിൽ നടത്തിവരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,044 പേർക്കാണ്​ പരിശോധന നടത്തിയത്​. ആവശ്യമെങ്കിൽ പ്രതിദിനം 25,000 പരിശോധന നടത്താൻ സൗകര്യവുമുണ്ട്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.