ദോഹ: കോവിഡ് പ്രതിസന്ധിയിലായ ഇന്ത്യക്ക് അടിയന്തര മെഡിക്കൽ സഹായം എത്തിക്കാൻ ഖത്തർ. ഇതു സംബന്ധിച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഉത്തരവിട്ടു. കഴിഞ്ഞ ദിവസം അമീറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഖത്തർ വിദേശകാര്യമന്ത്രാലയം സെക്രട്ടറി ജനറൽ ഡോ. അഹ്മദ് ബിൻ ഹസൻ അൽ ഹമ്മാദിയുമായി ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണമാണ് ചർച്ചയിൽ വിലയിരുത്തിയത്.ഇന്ത്യക്ക് ഏതൊക്കെ രൂപത്തിലുള്ള സഹായങ്ങളാണ് എത്തിക്കുകയെന്ന് വ്യക്തമല്ല.
ഖത്തറിെൻറ ദേശീയ പെട്രോളിയം കമ്പനിയായ ഖത്തർ പെട്രോളിയ(ക്യു.പി)ത്തിെൻറ അനുബന്ധ കമ്പനിയായ ഗസാൽ ക്യു.എസ്.സി ഇന്ത്യക്ക് 60 മെട്രിക് ടൺ ദ്രവീകൃത ഓക്സിജൻ കൈമാറാൻ നേരത്തേ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ഓക്സിജൻ കൊണ്ടുപോകാനുള്ള പ്രത്യേക ക്രയോജനിക് സ്റ്റോറേജ് വെസൽ, അല്ലെങ്കിൽ ഐ.എസ്.ഒ ടാങ്കുകൾ ഇന്ത്യ അയക്കണം. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഇതു കഴിയാത്തതിനാൽ കമ്പനിതന്നെ ഫ്രാൻസിൽനിന്ന് ടാങ്കറുകൾ എത്തിച്ച് ഇന്ത്യയിലേക്ക് ഓക്സിജൻ അയക്കാനുള്ള നടപടികളിലാണ്.
ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും കഴിഞ്ഞ ദിവസങ്ങളിലായി നടന്നിട്ടുണ്ട്. റാസ്ലഫാനിലെയും ഉംസെയ്ദിലെയും പ്ലാൻറുകളിലാണ് ഉൽപാദനം. ഇവിടെ നിന്ന് ഇന്ത്യക്കായി ഓക്സിജൻ നൽകാമെന്നാണ് വാഗ്ദാനം.
ഖത്തർ പെട്രോളിയം, എയർ ലിക്വിഡ്, ഖത്തർ ഇൻഡസ്ട്രിയൽ മാനുഫാക്ചറിങ് കമ്പനി എന്നിവയുടെ സംയുക്ത സംരംഭമായി 2006ൽ സ്ഥാപിതമായതാണ് ഗസാൽ ക്യു.എസ്.സി. ഖത്തറിൽ ഓയിൽ ആൻഡ് ഗ്യാസ് മേഖലക്കും മറ്റു വ്യാവസായിക ആവശ്യങ്ങൾക്കും ഓക്സിജൻ ഉൽപാദിപ്പിക്കുന്ന പ്രധാന കമ്പനിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.