ദോഹ: ഒമിക്രോൺ വകഭേദത്തിന് പിന്നാലെ കുതിച്ചുയർന്ന കോവിഡ് കേസുകൾ വരും ദിനങ്ങളിൽ കുറഞ്ഞ് പഴയ പൂർവസ്ഥിതിയിലെത്തുമെന്ന് ആരോഗ്യ വിദഗ്ധർ. ഖത്തറിലും മറ്റു രാജ്യങ്ങളിലും ഒമിേക്രാൺ മൂലമുണ്ടായ കേസുകളിലെ വർധനക്ക് ഉടൻ ശമനമുണ്ടാകുമെന്നും നേരത്തേ കോവിഡ് ബാധിച്ചതും വാക്സിൻ സ്വീകരിച്ചതും ഒമിക്രോൺ വകഭേദത്തിൽനിന്നും സംരക്ഷണം ഉറപ്പ് നൽകിയെന്നും വെയ്ൽ കോർണൽ മെഡിസിൻ ഖത്തർ സാംക്രമികരോഗ വിഭാഗം പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ. ലെയ്ഥ് ജമാൽ അബൂ റദ്ദാദ് പറഞ്ഞു. വളരെ വേഗത്തിലാണ് ഒമിക്രോൺ വ്യാപിക്കുന്നത്. എന്നാൽ, അതു ദീർഘകാലം നിലനിൽക്കില്ലെന്നാണ് പ്രതീക്ഷിയെന്നും ഡോ. ലെയ്ഥ് അബൂ റദ്ദാദ് കൂട്ടിച്ചേർത്തു. വളരെ വേഗത്തിൽ പടരുന്നതും കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതലാളുകളിലേക്ക് വ്യാപിക്കുന്നതുമായ പ്രകൃതമാണ് ഒമിേക്രാൺ വകഭേദത്തിനുള്ളത്. ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്ത എല്ലാവരും ഉടൻ ബൂസ്റ്റർ ഡോസിനായി സമീപിക്കണമെന്നും അപ്പോയിൻറ്മെൻറ് എടുക്കണമെന്നും അതിലൂടെ നമ്മുടെ പ്രതിരോധശേഷി നിലനിർത്തുകയാണ് രോഗവ്യാപനത്തിനെതിരെ നമുക്ക് ചെയ്യാനുള്ളതെന്നും അദ്ദേഹം അഭ്യാർഥിച്ചു.
ചൈനയിൽ ആദ്യം കണ്ടെത്തിയ കോവിഡിൽനിന്നും ഏറെ മാറിയ വൈറസ് വകഭേദമാണ് നിലവിലുള്ളത്. ഓരോ രണ്ടോ മൂന്നോ മാസത്തിനുള്ളിലും നാം വ്യത്യസ്തമായ വകഭേദങ്ങൾക്ക് സാക്ഷ്യം വഹിച്ചു. അതിൽനിന്നെല്ലാം വ്യത്യസ്തമാണ് ഒമിക്രോൺ. വളരെ വേഗത്തിൽ പടരുന്നതാണെങ്കിലും രോഗിയിൽ ഗുരുതര രോഗലക്ഷണങ്ങളുണ്ടാക്കുന്നില്ല. നേരത്തേ കോവിഡ് ബാധിച്ചവർക്ക് ഒമിക്രോൺ ബാധിക്കാനുള്ള ചാൻസ് 56 ശതമാനത്തിലും താഴെയാണെന്ന് വെയ്ൽ കോർണൽ മെഡിസിൻ ഖത്തർ നടത്തിയ പഠനത്തിൽ കണ്ടെത്തിയതായും ഡോ. ലെയ്ഥ് അബൂറദ്ദാദ് ചൂണ്ടിക്കാട്ടി. ഒമിക്രോൺ ബാധിച്ചാലും വളരെ നേരിയ രോഗലക്ഷണങ്ങളായിരിക്കും അനുഭവപ്പെടുകയെന്നും ആശുപത്രിയിലെത്താനുള്ള സാധ്യത വളരെ കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡിനെതിരായി ഖത്തർ സർക്കാറും അനുബന്ധ ഏജൻസികളും സ്വീകരിച്ച നയങ്ങളും നടപടികളും കാരണം വളരെ കുറവ് ആളുകൾ മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നതെന്നും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് മരണനിരക്ക് കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.