ദോഹ: വെനീസ് രാജ്യാന്തര ചലച്ചിത്രമേളയുടെ 81ാം പതിപ്പിൽ ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഡി.എഫ്.ഐ) പിന്തുണയുള്ള 12 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഈജിപ്ത്, ജോർഡൻ, ലബനാൻ, മൊറോക്കോ, ഫലസ്തീൻ, തുനീഷ്യ, യമൻ എന്നിവിടങ്ങളിൽനിന്നുള്ള ചിത്രങ്ങളും തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളിൽ ഉൾപ്പെടുമെന്ന് ഡി.എഫ്.ഐ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
ചലച്ചിത്ര മേഖലയിലെ സ്വതന്ത്ര പ്രവർത്തകർക്ക് പിന്തുണ നൽകുക എന്ന ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലക്ഷ്യത്തിന്റെ ഭാഗമായി നിർമാണ പങ്കാളിത്തം നിർവഹിച്ചതാണ് വെനീസ് മേളയിൽ തിരഞ്ഞെടുത്ത 12 ചിത്രങ്ങൾ.
അതിരുകൾക്കതീതമായ കഥകളിലേക്ക് വെളിച്ചം വീശാനും അതുല്യമായ കാഴ്ചപ്പാടുകൾ അവതരിപ്പിക്കാനുമുള്ള ഡി.എഫ്.ഐയുടെ ശ്രമങ്ങൾക്കുള്ള അംഗീകാരമാണ് അന്താരാഷ്ട്ര മേളയിലേക്കുള്ള ചിത്രങ്ങളുടെ തിരഞ്ഞെടുപ്പ് എന്നും സി.ഇ.ഒ ഫത്മ ഹസൻ അൽ റെമൈഹി പറഞ്ഞു.
മെഹ്ദി ബർസൗയിയുടെ അയ്ഷ, സ്കാൻഡർ കോപ്റ്റിയുടെ ഹാപ്പി ഹോളിഡേസ്, റാൻഡ് ബെയ്റൂത്തിയുടെ ഷാഡോസ്, ഹിന്ദ് മെദ്ദെബിന്റെ സുഡാൻ-റിമെംബർ അസ്, മുഹമ്മദ് ഹംദിയുടെ പെർഫ്യൂംഡ് വിത്ത് മിൻഡ്, മുറാദ് മുസ്തഫയുടെ ആഷിയ കാന്റ് ൈഫ്ല, നദീം ഥാബിത്തിന്റെ ഇൻ ദി ഡാർക്ക്നെസ് ഐ സീ യു, മുഹമ്മദ് സിയാമിന്റെ മൈ ഫാദേഴ്സ് സെന്റ്,
കരീമ സെയ്ദിയുടെ ദോസ് ഹു വാച്ച് ഓവർ, എറിഗെ സെഹിരിയുടെ മേരി ആൻഡ് ജോളി, സാറ ഇസ്ഹാഖിന്റെ ദി സ്റ്റേഷൻ, അമർ ഷോമലിയുടെ തെഫ്റ്റ് ഓഫ് ഫയർ എന്നീ ചിത്രങ്ങളാണ് വെനീസ് ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ചലച്ചിത്രമേളയുടെ വിവിധ സെഷനുകളിലായി ചിത്രങ്ങൾ പ്രദർശിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.