ദോഹ: ലോകത്തിലെ മുൻനിര അത്ലറ്റുകൾ മാറ്റുരക്കുന്ന ഡയമണ്ട് ലീഗ് പോരാട്ടത്തിനൊരുങ്ങി ദോഹ. സീസണിലെ മൂന്നാമത്തെ ഡയമണ്ട് ലീഗിന് വെള്ളിയാഴ്ച സുഹൈം ബിൻ ഹമദ് സ്റ്റേഡിയമാണ് വേദിയാകുന്നത്. ജൂലൈ 26ന് തുടക്കം കുറിക്കുന്ന പാരിസ് ഒളിമ്പിക്സിന് മുന്നോടിയായി നടക്കുന്ന ലീഗ് എന്ന നിലയിൽ ചാമ്പ്യൻ താരങ്ങൾ യോഗ്യത തേടിയും, നേരത്തേ ഒളിമ്പിക് ടിക്കറ്റുറപ്പിച്ചവർ തങ്ങളുടെ പ്രകടനം തേച്ച് മിനുക്കാനും ലക്ഷ്യമിട്ടാണ് ദോഹയിലേക്ക് വിമാനം കയറുന്നത്. പുരുഷ വനിതാ വിഭാഗങ്ങളിലായി 154 അത്ലറ്റുകൾ മാറ്റുരക്കും. പങ്കെടുക്കുന്നവരിൽ ഏറെയും ഒളിമ്പിക്സ്, വേൾഡ് ചാമ്പ്യൻഷിപ് മെഡലിസ്റ്റുകളാണ്. ട്രാക്കിലും ഫീൽഡിലുമായി 14 ഇനങ്ങളിലാണ് വെള്ളിയാഴ്ച മത്സരങ്ങൾ നടക്കുന്നത്.
ഇന്ത്യയുടെ ഒളിമ്പിക്സ്, ലോകചാമ്പ്യൻ നീരജ് ചോപ്രയാണ് മീറ്റിലെ സൂപ്പർ താരങ്ങളിൽ ഒരാൾ. കഴിഞ്ഞവർഷം ഖത്തറിൽ മെഡലടിച്ച ചോപ്ര, പിന്നാലെ ലോകചാമ്പ്യൻഷിപ്പിലും പൊന്നണിഞ്ഞിരുന്നു. പുരുഷ വിഭാഗത്തിൽ ലോങ്ജംപ്, ജാവലിൻ ത്രോ, 400 മീറ്റർ, 200 മീറ്റർ, 1500 മീറ്റർ, 400 മീറ്റർ ഹർഡ്ൽസ്, 3000 സ്റ്റീപ്പ്ൾ ചേസ് എന്നിവയും വനിതകളിൽ പോൾവാൾട്ട്, ഹൈജംപ്, 800 മീറ്റർ, 1500 മീറ്റർ, 5000 മീറ്റർ, 100 മീറ്റർ ഹർഡിൽസ്, 100 മീറ്റർ എന്നിവയുമാണ് ലോകതാരങ്ങൾ മാറ്റുരക്കുന്ന ഇനങ്ങൾ.
ഒളിമ്പിക്സിന് മുമ്പായി ഫോമിലേക്കുയരാൻ ലക്ഷ്യമിടുന്നു നീരജ് ചോപ്ര തന്നെ ഇത്തവണ ദോഹ ഡയമണ്ട് ലീഗിന്റെ ഐകൺ. ചാമ്പ്യൻഷിപ്പിന്റെ പ്രചാരണ ഹോർഡിങ്ങുകൾ മുതൽ ഇന്ത്യൻ താരത്തിന്റെ ചിത്രങ്ങൾ ഇടം നേടിക്കഴിഞ്ഞു. ഒളിമ്പിക്സ് സ്വർണം നിലനിർത്തുകയാണ് ഇത്തവണ തന്റെ ലക്ഷ്യമെന്നു പ്രഖ്യാപിച്ചാണ് നീരജ് ദോഹയിലേക്ക് പുറപ്പെടുന്നത്. 90 മീറ്റർ എന്ന കടമ്പ കടക്കാമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെക്കുന്നു. ടോക്യോയിൽ വെള്ളി നേടിയ ജാകുബ് വാൽഡെക്, 2019 ലോകചാമ്പ്യൻഷിപ് ജേതാവ് ആൻഡേഴ്സൺ പീറ്റേഴ്സ് എന്നിവർ ചോപ്രക്ക് വെല്ലുവിളിയാകാൻ ഖത്തറിലെത്തുന്നുണ്ട്. ഖത്തറിന്റെ 400 മീറ്റർ ഹർഡിൽസിലെ താരം അബ്ദുറഹ്മാൻ സാംബ ഇത്തവണ മത്സരിക്കും. മുൻവർഷങ്ങളിൽ പരിക്ക് കാരണം സാംബക്ക് ഡയമണ്ട് ലീഗ് മത്സരങ്ങൾ നഷ്ടമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.