ദോഹ: ഒരാഴ്ചക്കിടെ ലോകവേദിയിൽ മിന്നുംപ്രകടനം ആവർത്തിച്ച് ഖത്തറിന്റെ മുഅ്തസ് ബർഷിം. കഴിഞ്ഞയാഴ്ച പോളണ്ടിലെ സിലേസിയയിൽ നടന്ന ഡയമണ്ട് ലീഗ് അത്ലറ്റിക്സിൽ 2.36 മീറ്റർ ചാടി സ്വർണം നേടിയ ബർഷിം, ഞായറാഴ്ച ലണ്ടൻ ഡയമണ്ട് ലീഗിൽ 2.33 മീറ്റർ ചാടി രണ്ടാം സ്ഥാനത്തെത്തി. അമേരിക്കയുടെ യുവോൺ ഹാരിസൺ (2.35മീറ്റർ) ജേതാവായി. സീസണിലെ ആദ്യ മത്സരമായി ദോഹയിൽ നടന്ന ആദ്യ ഡയമണ്ട് ലീഗ് മത്സരത്തിലും യുവോൺ ഹാരിസണിനായിരുന്നു ഒന്നാംസ്ഥാനം.
ഒളിമ്പിക്സ്, ലോകചാമ്പ്യനായി പുതു സീസണിൽ കുതിപ്പിന് തുടക്കം കുറിക്കുന്ന ബർഷിമിന് പ്രതീക്ഷിച്ച തുടക്കമാണ് സീസണിൽ ലഭിക്കുന്നത്. പോളണ്ടിൽ ഉജ്ജ്വല പ്രകടനം നടത്തിയ താരം, ലണ്ടനിൽ 2.20 മീറ്റർ ആദ്യ ശ്രമത്തിൽ മറികടന്നു. 2.27ഉം 2.30ഉം ചാടിയ ശേഷം 2.33ആയിരുന്നു അടുത്ത ലക്ഷ്യം. ആദ്യ ശ്രമം പിഴച്ചെങ്കിലും രണ്ടാം ശ്രമത്തിൽ മറികടന്നു. എന്നാൽ, 2.35ഉം 2.37ഉം ചാടാനുള്ള ശ്രമം പിഴച്ചപ്പോൾ എതിരാളി ലക്ഷ്യം മറികടന്ന് ഒന്നാംസ്ഥാനം സ്വന്തമാക്കി.
സ്വർണം നേടാൻ കഴിഞ്ഞില്ലെങ്കിലും പ്രകടനത്തിൽ സന്തുഷ്ടനാണെന്നായിരുന്നു ബർഷിമിന്റെ പ്രതികരണം. 2.35 മീറ്റർ ചാടാൻ കഴിഞ്ഞില്ലെങ്കിലും സന്തോഷവാനാണ്. അടുത്ത ലക്ഷ്യം ആഗസ്റ്റിലെ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പാണ്- ബർഷിം പറഞ്ഞു. 2017 ലണ്ടൻ, 2019 ദോഹ, 2022 യൂജീൻ ലോകചാമ്പ്യൻഷിപ്പുകളിലെ ചാമ്പ്യനായ ഖത്തർ താരം ആഗസ്റ്റിൽ ബുഡാപെസ്റ്റിലും നേട്ടം ആവർത്തിക്കാനുള്ള ഒരുക്കത്തിലാണ്.ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിനു പിന്നാലെ, സെപ്റ്റംബർ-ഒക്ടോബറിൽ ഏഷ്യൻ ഗെയിംസ്, അടുത്ത വർഷം ജൂണിൽ നടക്കുന്ന പാരിസ് ഒളിമ്പിക്സ് ഉൾപ്പെടെ വമ്പൻ മേളകളുടെ സീസണിലേക്കാണ് അത്ലറ്റിക്സ് ലോകം ഉണരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.