ദോഹ: കോവിഡ് വാക്സിൻ സ്വീകരിച്ച് ആറു മാസം പിന്നിട്ടവർ കാലതാമസമില്ലാതെ ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന് നാഷനൽ ഹെൽത്ത് സ്ട്രാറ്റജിക് ഗ്രൂപ് അധ്യക്ഷനും സാംക്രമികരോഗ വിഭാഗം മേധാവിയുമായ ഡോ. അബ്ദുല്ലത്തീഫ് അൽ ഖാൽ ആവശ്യപ്പെട്ടു. മഹാമാരിയിൽനിന്ന് സംരക്ഷണം തുടരുന്നതിനും നിയന്ത്രണങ്ങൾക്ക് ശേഷം സാധാരണഗതിയിലായിക്കൊണ്ടിരിക്കുന്ന ജീവിതം ആസ്വദിക്കുന്നതിനും ബൂസ്റ്റർ ഡോസ് അനിവാര്യമാണെന്ന് ഡോ. അബ്ദുല്ലത്തീഫ് അൽ ഖാൽ വ്യക്തമാക്കി.
കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവരിൽ നേരിയ തോതിൽ രോഗം കണ്ടെത്തിയതായും കോവിഡിനെതിരായ പോരാട്ടം അവസാനിച്ചിട്ടില്ലെന്ന ഓർമപ്പെടുത്തലാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തുനിന്നും കോവിഡിനെ നിയന്ത്രിക്കുന്നതിൽ മഹാമാരിക്കെതിരായ നമ്മുടെ നയനിലപാടുകളും നിയന്ത്രണങ്ങളും നിർണായക ഘടകങ്ങളായിരുന്നു. രോഗവ്യാപനം കുറക്കാനും ആശുപത്രിയിൽ അഡ്മിറ്റാകുന്ന രോഗികളുടെ എണ്ണം ചുരുക്കുന്നതിനും ഇതു കാരണമായി.
എങ്കിലും കഴിഞ്ഞ ആഴ്ചകളിൽ പുതിയ കേസുകളിൽ വർധനവുണ്ടായിട്ടുണ്ട്. അതിൽ തന്നെ വാക്സിനെടുത്തവരും ഉൾപ്പെടും. രണ്ടാം ഡോസ് വാക്സിനെടുത്ത ആറു മാസം കഴിഞ്ഞവർ ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിന് ആരോഗ്യവകുപ്പുമായി ബന്ധപ്പെടേണ്ടതാണ്. അദ്ദേഹം വിശദീകരിച്ചു.
രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസം പിന്നിട്ടവരിൽ കോവിഡ് രോഗം കണ്ടെത്തുന്നുവെന്ന് ഏറ്റവും പുതിയ ക്ലിനിക്കൽ പരിശോധനകളിലും പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ യോഗ്യരായവർ നിർബന്ധമായും മുന്നോട്ടു വരണമെന്നും വൈകിപ്പിക്കരുതെന്നും ദേശീയ സാംക്രമികരോഗ മുന്നൊരുക്ക സമിതി സഹാധ്യക്ഷനും ഹെൽത്ത് െപ്രാട്ടക്ഷൻ ആൻഡ് കമ്യൂണിക്കബിൾ ഡിസീസ് തലവനുമായ ഡോ. ഹമദ് ഈദ് അൽ റുമൈഹി പറഞ്ഞു. വാക്സിനെടുക്കാൻ മുന്നോട്ടു വന്നവർക്ക് നന്ദി അറിയിക്കുകയാണെന്നും എന്നിരുന്നാലും കോവിഡ് വൈറസ് നമ്മുടെ ആരോഗ്യത്തിന് ഭീഷണിയായി നമ്മുടെ ഇടയിലുണ്ടെന്നും നാം സാധ്യമാകുന്ന രീതിയിലെല്ലാം ജാഗ്രത പുലർത്തണമെന്നും ഡോ. ഹമദ് അൽ റുമൈഹി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
രാജ്യത്തെ പി.എച്ച്.സി.സി ഹെൽത്ത് സെൻററുകളിൽ ഫൈസർ- ബയോൻടെക്, മൊഡേണ വാക്സിനുകളുടെ ബൂസ്റ്റർ ഡോസ് നൽകുന്നത് തുടരുകയാണെന്നും കൂടുതൽ രോഗ പ്രതിരോധശേഷി കൈവരിക്കുന്നതിന് യോഗ്യരായവർ ബൂസ്റ്റർ ഡോസ് എടുക്കണമെന്നും സമൂഹത്തിെൻറയും സ്വന്തത്തിെൻറയും സുരക്ഷക്ക് അത് അനിവാര്യമാണെന്നും പി.എച്ച്.സി.സി മാനേജിങ് ഡയറക്ടർ ഡോ. മറിയം അബ്ദുൽ മലിക് പറഞ്ഞു. എല്ലാ പി.എച്ച്.സി.സികളിലും വാക്സിനുകളുടെ ബൂസ്റ്റർ ഡോസ് ലഭ്യമാണ്. രണ്ട് ഡോസ് വാക്സിനെടുത്ത് ആറു മാസം പിന്നിട്ടവരും യോഗ്യരായ മറ്റുള്ളവരും ബൂസ്റ്റർ ഡോസിനായി 40277077 നമ്പറിൽ ബന്ധപ്പെട്ട് അപ്പോയിൻമെൻറ് കരസ്ഥമാക്കണം. പി.എച്ച്.സി.സി മൊബൈൽ ആപ് വഴിയും അപ്പോയിൻമെൻറ് എടുക്കാം - ഡോ. മറിയം അബ്ദുൽ മലിക് വ്യക്തമാക്കി.
ഖത്തറിൽ കോവിഡ് വാക്സിൻ വിതരണം വൻ വിജയമായിരുന്നു. ലോകത്തിൽ തന്നെ ഉയർന്ന വാക്സിനേഷൻ നിരക്കുള്ള ഒരു രാജ്യങ്ങളിലൊന്നാണ് ഖത്തർ. എങ്കിലും കോവിഡ് ഭീഷണി ഒഴിഞ്ഞിട്ടില്ല -സാംക്രമികരോഗ പ്രതിരോധ കേന്ദ്രം മെഡിക്കൽ ഡയറക്ടർ ഡോ. മുന അൽ മസ്ലമാനി പറഞ്ഞു. വാക്സിൻ സ്വീകരിച്ചവരിൽ ആറ് മാസങ്ങൾക്ക് ശേഷം പ്രതിരോധശേഷി കുറഞ്ഞു വരുന്നതായി പുതിയ പഠനങ്ങൾ തെളിയിക്കുന്നുണ്ടെന്നും യോഗ്യരായവർ ഉടൻ അത് സ്വീകരിക്കണമെന്നും ഡോ. അൽ മസ്ലമാനി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.