ദോഹ: കോവിഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസം പിന്നിട്ടവർ ഒട്ടും വൈകാതെ വാക്സിൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ മുന്നോട്ട് വരണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം.
കോവിഡിനെതിരായ വാക്സിൻ കാമ്പയിൻ ഖത്തറിലെയും ലോകത്തെയും ഏറ്റവും മികച്ച കാമ്പയിനുകളിലൊന്നായിരുന്നു. മഹാമാരിക്കെതിരായ പോരാട്ടം ഇതുവരെ അവസാനിച്ചിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം ട്വിറ്ററിലൂടെ പുറത്തുവിട്ട വിഡിയോ സന്ദേശത്തിൽ വാക്സിനേഷൻ വിഭാഗം മേധാവി ഡോ. സുഹ അൽ ബയാത് പറഞ്ഞു. സമൂഹത്തിെൻറ സുരക്ഷ ഉറപ്പുവരുത്താൻ നാം ഓരോരുത്തരും ഒരുമിച്ചുനിന്ന് പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്. അതിനാൽ യോഗ്യരായവർ വൈകിക്കാതെ ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിനായി മുന്നോട്ട് വരണമെന്നും ഡോ. അൽ ബയാത് ആവശ്യപ്പെട്ടു.
കോവിഡ് വാക്സിൻ സംബന്ധിച്ച ശാസ്ത്രീയ ഗവേഷണങ്ങൾ തുടരുകയാണ്. രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസം കഴിയുന്നതോടെ വാക്സിനിലൂടെ നേടിയ പ്രതിരോധശേഷി കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നാണ് ഏറ്റവും പുതിയ ക്ലിനിക്കൽ പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സീസണൽ ഫ്ലൂ വാക്സിൻ ഇതുവരെ സ്വീകരിക്കാത്തവർ ബൂസ്റ്റർ ഡോസിനൊപ്പം അതും സ്വീകരിക്കണമെന്നാവശ്യപ്പെടുകയാണെന്നും അവർ വിഡിയോ സന്ദേശത്തിൽ പറഞ്ഞു.
പ്രായം പരിഗണിക്കാതെ എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകാനുള്ള തീരുമാനം ഏതാനും ദിവസം മുമ്പാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്. നേരത്തേ 50 കഴിഞ്ഞവർക്കായിരുന്നു ബൂസ്റ്റർ ഡോസ് എങ്കിൽ, പുതിയ നിർദേശ പ്രകാരം രണ്ടാം ഡോസ് സ്വീകരിച്ച ആറു മാസം തികഞ്ഞ എല്ലാവർക്കും ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ കഴിയും. എട്ടു മാസ ഇടവേളയിൽ നിന്നും ആറു മാസത്തിലേക്ക് കാലാവധിയും കുറച്ചു.
സെപ്റ്റംബർ 15 മുതലാണ് ഖത്തറിൽ ബൂസ്റ്റർ ഡോസ് ആരംഭിച്ചത്. ആദ്യഘട്ടത്തിൽ ഗുരുതര അസുഖങ്ങൾക്ക് ചികിത്സയിൽ കഴിയുന്നവർ, 65 വയസ്സ് പിന്നിട്ടവർ, ആരോഗ്യ പ്രവർത്തകർ എന്നിവർക്കായിരുന്നു ബൂസ്റ്റർ ഡോസ് നൽകിത്തുടങ്ങിയത്. രണ്ടാഴ്ച കഴിയുേമ്പാഴേക്കും 50 വയസ്സ് പിന്നിട്ടവർക്കും ബൂസ്റ്റർ ഡോസ് നൽകിത്തുടങ്ങി.
12 മാസത്തിനുള്ളിൽ ബൂസ്റ്റർ ഡോസ് സ്വീകരിച്ചില്ലെങ്കിൽ ഇഹ്തിറാസ് ആപ്ലിക്കേഷനിലെ വാക്സിനേഷൻ സ്റ്റാറ്റസ് നഷ്ടമാവും. രാജ്യത്തെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും വാക്സിൻ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. യോഗ്യരായവരെ പി.എച്ച്.സിയിൽനിന്ന് നേരിട്ട് വിളിച്ച് അപ്പോയ്മെൻറ് നൽകും. കാലാവധി പൂർത്തിയായിട്ടും ലഭിച്ചില്ലെങ്കിലും 40277077 നമ്പറിൽ വിളിച്ച് ഷെഡ്യൂൾ ചെയ്യാവുന്നതാണ്. പി.എച്ച്.സി.സിയുടെ മൊബൈൽ ആപ്ലിക്കേഷനായ 'നർആകും' വഴിയും അപ്പോയ്മെൻറ് ഉറപ്പിക്കാം. അതേസമയം, അപ്പോയ്മെൻറ് എടുക്കാതെ വാക്സിനായി കേന്ദ്രങ്ങളിൽ എത്തരുതെന്നും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.