ദോഹ: ഖത്തർ സ്പോർട്സ് ക്ലബിലെ സുഹൈം ബിൻ ഹമദ് സ്റ്റേഡിയത്തിലെ ഗലാറി ഫുട്ബാൾ മത്സരത്തിന്റെ ആവേശംപോലെ നിറഞ്ഞുകവിഞ്ഞ ദിനമായിരുന്നു വെള്ളിയാഴ്ച രാത്രി. ആഞ്ഞുവീശിയ പൊടിക്കാറ്റിലും ആവേശത്തിന് ഒരുതരിമ്പും കുറവില്ലാതെ ആയിരങ്ങൾ ആരവംമുഴക്കി. ലോക അത്ലറ്റിക്സിലെ സൂപ്പർതാരങ്ങൾ മാറ്റുരച്ച ദോഹ ഡയമണ്ട് ലീഗിന്റെ പോരാട്ടങ്ങൾ നിറകൈയടികളോടെ തന്നെ ഖത്തറിലെ സ്വദേശികളും പ്രവാസികളും ഉൾപ്പെടുന്ന കാണികൾക്ക് പിന്തുണ നൽകി.
ഖത്തർ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന ഹൈജംപ് പിറ്റിൽ ഒളിമ്പിക്സ് ചാമ്പ്യന്മാരായ മുഅതസ് ബർഷിമിന്റെയും ഇറ്റലിയുടെ ജിയാൻമാർകോ ടാംബേരിയുടെയും സ്വപ്നങ്ങൾക്കുമേൽ പറന്നിറങ്ങിക്കൊണ്ടാണ് കൊറിയക്കാരൻ വു സാങ്യോകെ ഒന്നമനായത്. ലോക ഇൻഡോർ ചാമ്പ്യൻകൂടിയായ സാങ്യോക് 2.33 മീറ്റർ ചാടിയപ്പോൾ ബർഷിമും ടാംബേരിയും കാനഡയുടെ ഡാങ്കോ ലോവെറ്റോയും പിന്നിലായി.
2.20 മീറ്റർ മാത്രം ചാടിയ ടാംബേരി ഏഴാമനായി പിന്തള്ളപ്പെട്ടപ്പോൾ ബർഷിം 2.30 മീ. ചാടി രണ്ടാം സ്ഥാനക്കാരനായി. കാനഡക്കാരൻ 2.27 മീറ്ററാണ് ചാടിയത്. ആദ്യ ഉയരങ്ങൾ ബർഷിം അനായാസം മുന്നേറിയെങ്കിലും പിന്നീട് ഓരോ ചുവടും കടക്കാൻ രണ്ടും മൂന്നും ശ്രമങ്ങൾ വേണ്ടിവന്നു. എന്നാൽ, സാങ്യോക് അതിവേഗത്തിൽ തന്നെ 2.33ഉം കടന്ന് ഒന്നാം സ്ഥാനം ഉറപ്പാക്കി.
ഏറെനാളത്തെ ഇടവേളക്കുശേഷം സുപ്രധാന മത്സരത്തിലൂടെ സീസൺ തുടങ്ങിയ ബർഷിം തന്റെ പ്രകടനത്തിൽ സംതൃപ്തനായിരുന്നു. 'സാധാരണ ഓരോ മത്സരത്തിനുമുമ്പും എന്റെ പ്രകടനം എവിടെവരെ എത്തുമെന്ന് കൃത്യമായ ധാരണയുണ്ടാവും. എന്നാൽ, ഒരു തയാറെടുപ്പുമില്ലാതെയാണ് ഡയമണ്ട് ലീഗിൽ ഞാൻ ചാടിയത്. ടോക്യോ ഒളിമ്പിക്സിന് ശേഷം, തീരെ മത്സരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ 2.30 മീറ്റർ മികച്ച ഉയരം തന്നെയാണ്.
സുപ്രധാനമായ മേളയിൽ ഈ നേട്ടം വിശേഷപ്പെടതാണ്' -മത്സരശേഷം ബർഷിം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, 200 മീ, 800 മീ, 1500 മീ, 400 മീ ഹർഡ്ൽസ് എന്നിവയിൽ മറ്റ് ഖത്തരി അത്ലറ്റുകൾ നിരാശപ്പെടുത്തി. 200 മീറ്ററിൽ ഫെമി ഒഗുനോഡെ സ്റ്റാർട്ട് ചെയ്തെങ്കിലും പേശീവലിവിനെ തുടർന്ന് മത്സരം പൂർത്തിയാക്കാതെ പിൻവാങ്ങി. 400 മീറ്ററിൽ അബ്ദുറഹ്മാന സാംബ പേശീവേദനയെ തുടർന്ന് മത്സരിക്കാൻ കഴിഞ്ഞില്ല.
2021 ആഗസ്റ്റിൽ ടോക്യോ ഒളിമ്പിക്സിലെ 200 മീറ്റർ ട്രാക്കിൽ ചാമ്പ്യനായ കാനഡയുടെ ആന്ദ്രെ ഡി ഗ്രാസിനെ നിലംതൊടീക്കാതെയായിരുന്നു സ്പ്രിന്റ് ട്രാക്കിലെ ഫിനിഷിങ്. ഒളിമ്പിക്സിൽ വെള്ളി നേടിയ അമേരിക്കയുടെ നോഹ് ലെയ്ലസ് 19.72 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഒളിമ്പിക്സ് ചാമ്പ്യനെയും മറ്റും അട്ടിമറിച്ചത്. അമേരിക്കയുടെ തന്നെ ഫ്രെഡ് കെർലി രണ്ടാമതായി. ഡിഗ്രാസാവട്ടെ നാലാം സ്ഥാനത്തായി.
400 മീറ്റർ ഹർഡ്ൽസിൽ ബ്രസീലിന്റെ അലിസൺ ഡോസ് സാന്റോസ് (47.24സെ) ഒന്നാമതെത്തി. ജാവലിൻത്രോയിലെ പ്രകടനമായിരുന്നു ശ്രദ്ധേയം. മുൻനിരയിലെത്തിയ രണ്ടുപേരുടെയും ഏറ് 90 മീറ്ററും കടന്ന് കുതിച്ചു. ഒളിമ്പിക്സിൽ ഇന്ത്യയുടെ സ്വർണജേതാവ് നീരജ് ചോപ്രക്ക് പിന്നിലായി വെള്ളി നേടിയ ചെക് റിപ്പബ്ലിക്കിന്റെ ജാകുബ് വാഡ്ലെഷിനെയും പിന്തള്ളിയാണ് ഗ്രനഡയുടെ ആൻഡേഴ്സൺ ഒന്നമനായി. 93.07 മീറ്ററായിരുന്നു ഗ്രനഡ താരം കണ്ടെത്തിയ ദൂരം. ഡയമണ്ട് ലീഗിലെ വേൾഡ് ലീഡിങ്ങും ഏരിയ റെക്കോഡും പേഴ്സണൽ ബെസ്റ്റുമായി ഈ പ്രകടനം.
ജാകുബ് രണ്ടും (90.88 മീ), ജർമനിയുടെ ജൂലിയൻ വെബർ (86.09) മൂന്നും സ്ഥാനത്തായി. വനിതകളുടെ 200 മീറ്ററിൽ മുൻ ലോകചാമ്പ്യൻ ഡിന ആഷർ സ്മിത്തിനെ പിന്തള്ളി അമേരിക്കയുശട ഗബ്രിയേല തോമസ് (21.98 സെ) ഒന്നാമതെത്തി. ജമൈക്കയുടെ ഷെറിക ജാക്സൺ (22.07) രണ്ടാം സ്ഥാനത്തെത്തി. 100 മീ ഹർഡ്ൽസിൽ അമേരിക്കയുടെ കെൻഡ്ര ഹാരിസൺ (12.43 സെ) ആണ് ഒന്നാമതായത്. 400 മീ ഡൊമിനികൻ റിപ്പബ്ലികിന്റെ മരിൽഡേ പൗളിനോ (51.20 സെ) ഒന്നാം സ്ഥാനക്കാരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.