ദോഹ: ഒളിമ്പിക്സിലേക്ക് രണ്ടുമാസവും ഏതാനും ദിവസങ്ങളും ബാക്കിനിൽക്കെ അരങ്ങേറിയ ദോഹ ഡയമണ്ട് ലീഗ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ താരങ്ങളായി ഒളിമ്പിക്സ് മെഡൽ ജേതാക്കൾ. ഫുട്ബാളും ടെന്നിസും ഉൾപ്പെടെ ഹരമായ ഖത്തറിന്റെ മണ്ണിൽ ആഫ്രിക്കൻ, ഇന്ത്യൻ കായിക പ്രേമികൾക്ക് ആവേശം പകരുന്നതായിരുന്നു വെള്ളിയാഴ്ച രാത്രിയിൽ നടന്ന ഡയമണ്ട് ലീഗ് മത്സരങ്ങൾ. ട്രാക്കിലും ഫീൽഡിലുമായി തെരഞ്ഞെടുക്കപ്പെട്ട 14 ഇനങ്ങൾ മാത്രമായിരുന്നു അരങ്ങേറിയത്. ഓരോ ഇനത്തിലും മത്സരിക്കാനെത്തിയത് ലോകത്തിലെ പ്രഗത്ഭരായ എട്ടു പേർ വീതവും.
പുരുഷ വിഭാഗം 200 മീറ്ററിൽ മിന്നൽ പിണർ വേഗത്തിൽ കുതിച്ചുപാഞ്ഞ അമേരിക്കയുടെ കെന്നി ബെഡ്നാർകായിരുന്നു വെള്ളിയാഴ്ച താരമായവരിൽ ഒരാൾ. സീസണിലെയും കരിയറിലെയും ഏറ്റവും മികച്ച സമയമായ 19.67 സെക്കൻഡിലാണ് ബെഡ്നാർകിന്റെ ഫിനിഷ്. നിലവിലെ ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാവ് കൂടിയാണ് കെന്നി ബെഡ്നാർക്. മുൻനിര താര കട്നി ലിൻഡ്സെയെ പിന്തള്ളിയായിരുന്നു കെന്നി ബെഡ്നാർക് സ്വർണത്തിലേക്ക് ഫിനിഷ് ചെയ്തത്. രണ്ടുതവണ ഒളിമ്പിക്സ് ചാമ്പ്യനായ ആരോൺ ബ്രൗണു, ലൈബീരിയൻ സൂപ്പർതാരം ജോസഫ് ഫാൻബുലയും അവസാനനിരയിലേക്ക് പിന്തള്ളപ്പെട്ടു.
400 മീറ്റർ പുരുഷ വിഭാഗം ഹർഡ്ൽസിൽ കടമ്പകൾതാണ്ടി കുതിച്ച ബ്രസീലിന്റെ അലിസൺ ഡോസ് സാന്റോസിന്റെ വിജയമാണ് ലോക അത്ലറ്റിക്സിൽ വാർത്തയായത്. 23കാരനായ ബ്രസീൽ താരത്തിന്റെ വിജയം നിലവിലെ ഒളിമ്പിക്സ് ചാമ്പ്യൻ നോർവെയുടെ കാഴ്സ്റ്റൻ വാർഹോമിന് കനത്ത വെല്ലുവിളിയാകുമെന്ന് ആരാധകർ വിലയിരുത്തുന്നു. നിലവിലെ വേൾഡ് ലീഡിങ്, മീറ്റ് റെക്കോഡ് പ്രകടനമായ 46.86 സെക്കൻഡിലായിരുന്നു ബ്രസീലുകാരൻ ഒന്നാമതെത്തിയത്. പുരുഷന്മാരുടെ നാന്നൂറ് മീറ്ററില്‍ ഒളിമ്പിക്സ് സ്വര്‍ണം നിലനിര്‍ത്തുമെന്ന സൂചനയുമായാണ് ബഹാമസിന്റെ സ്റ്റീവന്‍ ഗാര്‍ഡിനര്‍ ഖത്തറില്‍നിന്ന് മടങ്ങിയത്. 44.76 സെക്കൻഡിലാണ് അദ്ദേഹം ഫിനിഷ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.