ദോഹ: ആറു മാസം നീളുന്ന ദോഹ അന്താരാഷ്ട്ര ഹോർട്ടി കൾചറൽ പ്രദർശനത്തിന് അൽ ബിദ പാർക്കിൽ ഉജ്ജ്വല തുടക്കമായപ്പോൾ രാജ്യാന്തര യാത്രക്കാർക്കും ഇവിടം സന്ദർശിച്ച് പോകാൻ അവസരമുണ്ട്. ഖത്തർ എയർവേസുമായും ടൂറിസം അതോറിറ്റിയുമായും സഹകരിച്ച് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന ട്രാൻസിറ്റ് യാത്രക്കാർക്ക് എക്സ്പോ സന്ദർശിക്കാൻ അനുവദിക്കുമെന്ന് സംഘാടകസമിതി സെക്രട്ടറി ജനറൽ എഞ്ചി. മുഹമ്മദ് അൽ ഖൂരി വിശദീകരിക്കുന്നു. വിമാനത്താവളത്തിൽ ദീർഘനേരം കാത്തിരിക്കുന്നതിന് പകരം എക്സ്പോ സന്ദർശിച്ച് മടങ്ങുകയെന്നത് മികച്ച അനുഭവമായിരിക്കും.
കോർണിഷ്, അൽബിദ പാർക്ക് എന്നീ രണ്ട് മെട്രോ സ്റ്റേഷനുകൾ എക്സ്പോ വേദിയോട് ചേർന്ന് പ്രവർത്തിക്കുന്നതിനാൽ ട്രാൻസിറ്റ് യാത്രക്കാർക്ക് 10 മിനിറ്റിനുള്ളിൽ എത്താനും മണിക്കൂറുകളോളം സമയം ചെലവഴിച്ച് സുരക്ഷിതമായി മടങ്ങാനും സാധിക്കുമെന്ന് പ്രാദേശിക അറബി ദിനപത്രമായ അശ്ശർഖിന് നൽകിയ അഭിമുഖത്തിൽ അൽ ഖൂരി പറഞ്ഞു.
എക്സ്പോയിലെ പരിപാടികളുടെ വിവരങ്ങളും സമയക്രമവുമെല്ലാം സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ പൊതുജനങ്ങൾക്ക് ലഭ്യമാണെന്നും, അക്കൗണ്ടുകൾ ഫോളോ ചെയ്യണമെന്നും അദ്ദേഹം സന്ദർശകരോട് നിർദേശിച്ചു. മികച്ച ജനപങ്കാളിത്തമാണ് ആദ്യ ദിനങ്ങളിൽ തന്നെ എക്സ്പോയിലുള്ളത്. രാജ്യങ്ങളുടെ പങ്കാളിത്തത്തിലും പവിലിയനുകളുടെ എണ്ണത്തിലും മികച്ച തുടക്കമായിരുന്നു. എക്സ്പോയിൽ പൊതുജനങ്ങളുടെ സന്ദർശനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ, കലാ, സാംസ്കാരിക പരിപാടികൾ തുടരും. ഓരോ ദിവസങ്ങളിലും കുട്ടികളുടെ സാന്നിധ്യം ഏറെ ശ്രദ്ധേയമാണ് -അദ്ദേഹം ചൂണ്ടിക്കാട്ടി. കൃഷി, പരിസ്ഥിതി, സുസ്ഥിരത എന്നിവയുമായി ബന്ധപ്പെട്ട ആഴത്തിലുള്ള അറിവ് പകരുകയാണ് എക്സ്പോയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്നും സെക്രട്ടറി ജനറൽ സൂചിപ്പിച്ചു.
അന്തരീക്ഷ താപനില കുറയുന്നതോടെ കൂടുതൽ പരിപാടികളും സന്ദർശകരുടെ ബാഹുല്യവും കാരണം എക്സ്പോ സമൃദ്ധമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.