ദോഹ: ലോകനേതാക്കളും ചിന്തകരും സാമ്പത്തിക-രാഷ്ട്രീയ വിദഗ്ധരും ഉൾപ്പെടെ സമ്മേളിക്കുന്ന 21ാമത് ദോഹ ഫോറത്തിന് ശനിയാഴ്ച തുടക്കം. ‘കൂട്ടായ്മയുടെ ഭാവി പടുത്തുയർത്താം’ എന്ന പ്രമേയത്തിൽ നടക്കുന്ന ദ്വിദിന ഫോറം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഉദ്ഘാടനം ചെയ്യും.
ദോഹ ഷെറാട്ടൺ ഹോട്ടലിലാണ് ശ്രദ്ധേയമായ ചർച്ചകളാൽ സമ്പന്നമാകുന്ന ഫോറം ചേരുന്നത്. ഗസ്സയിലെ ഇസ്രായേൽ ആക്രമണം രണ്ടു മാസം പിന്നിടുകയും മരണ സംഖ്യ 16,000 കവിയുകയും ചെയ്ത സാഹചര്യത്തിൽ മേഖല നേരിടുന്ന രാഷ്ട്രീയ വെല്ലുവിളികളും ഭാവിയും ഫോറത്തിൽ ചർച്ച ചെയ്യും. ഇതിനു പുറമെ, നിലവിലെ അന്താരാഷ്ട്ര സാഹചര്യങ്ങളും ലോകം നേരിടുന്ന രാഷ്ട്രീയ, കാലാവസ്ഥാ വെല്ലുവിളികൾ സംബന്ധിച്ചും ഫോറം ചർച്ച നടത്തും.
വിവിധ രാജ്യങ്ങളുടെ തലവന്മാർ, രാഷ്ട്രീയ നേതാക്കൾ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, മന്ത്രിമാർ, വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധർ, ബിസിനസ് തലവന്മാർ ഉൾപ്പെടെ വലിയൊരു നിര അതിഥികളായി എത്തുന്നുണ്ട്. അന്താരാഷ്ട്ര സഹകരണം, സുരക്ഷ, സാമ്പത്തിക നയം, വികസനം, സൈബർ സെക്യൂരിറ്റി, ഡാറ്റ പ്രൈവസി, നിർമിത ബുദ്ധി, സസ്റ്റയ്നബിലിറ്റി തുടങ്ങിയ വിഷയങ്ങളിലായിരിക്കും രണ്ടു ദിവസത്തെ പ്രധാന ചർച്ചകൾ. 18 പ്രധാന സെഷനുകളാണ് ഇത്തവണ നടക്കുന്നത്.
35ഓളം അനുബന്ധ സെഷനുകൾ, വട്ടമേശ സമ്മേളനങ്ങൾ, ശിൽപ ശാല എന്നിവയും ഫോറത്തിന്റെ ഭാഗമായുണ്ട്. രാവിലെ പത്ത് മണിക്ക് നടക്കുന്ന ഉദ്ഘാടന സെഷനു പിന്നാലെ, ‘മിഡിൽ ഈസ്റ്റിന് ഇപ്പോൾ’ എന്ന വിഷയത്തോടെയാവും സെഷനുകൾക്ക് തുടക്കം കുറിക്കുന്നത്.
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി, ഫലസ്തീൻ പ്രധാനമന്ത്രി ഡോ. മുഹമ്മദ് ഷതയ്യ്, ജോർഡൻ ഉപപ്രധാനമന്ത്രി അയ്മൻ അൽ സഫാദി, യു.എൻ ജനറൽ അസംബ്ലി പ്രസിഡന്റ് ഡെനിസ് ഫ്രാൻസിസ് എന്നിവർ സംസാരിക്കും. തുടർന്ന് ഫലസ്തീൻ രാഷ്ട്രീയ അനിവാര്യത, അഫ്ഗാനിലെ സ്ത്രീ വിദ്യാഭ്യാസം, ഊർജ വിഷയങ്ങൾ, ഏഷ്യ-ജി.സി.സി പങ്കാളിത്തം, സിറിയ പ്രതിസന്ധി തുടങ്ങി വിവിധ വിഷയങ്ങളിൽ ലോകോത്തര വ്യക്തിത്വങ്ങൾ അണിനിരക്കുന്ന സെഷനുകളാണ് നടക്കുന്നത്.
വിവിധ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാർ, മന്ത്രിമാർ, അക്കാദമിക് വിദഗ്ധർ, നയതന്ത്രജ്ഞർ ഉൾപ്പെടെ വലിയൊരു നിരയെയാണ് പാനലുകളിൽ ഉൾപ്പെടുത്തിയത്. ഫോറത്തിൽ പങ്കെടുക്കാനായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ശനിയാഴ്ച ദോഹയിലെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.