ദോഹ: സ്കൂളുകളെല്ലാം തുറന്ന് അധ്യയനം സജീവമായതോടെ വിദ്യാർഥികളുടെ വാക്സിനേഷനിലും ഖത്തറിന് അതിവേഗം. ആരോഗ്യ മന്ത്രാലയത്തിെൻറ ഏറ്റവും പുതിയ കണക്കുകൾപ്രകാരം രാജ്യത്തെ 12നും 15നുമിടയിൽ പ്രായമുള്ള കുട്ടികളിൽ 55 ശതമാനം പേരും കോവിഡ് വാക്സിൻ സ്വീകരിച്ചുകഴിഞ്ഞു. ഞായറാഴ്ചയോടെ രാജ്യത്തെ സർക്കാർ, സ്വകാര്യ സ്കൂളുകൾ പ്രവർത്തനസജ്ജമാവുകയും, കുട്ടികൾ കൂടുതലായി ക്ലാസുകളിലെത്താൻ താൽപര്യപ്പെടുകയും ചെയ്തതോടെ വാക്സിനേഷൻ സജീവമായതായാണ് റിപ്പോർട്ട്. പുതിയ അധ്യയനവര്‍ഷത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വാക്സിനേഷന് വിഭാഗം മേധാവി സോഹ അല്‍ ബയാത് പറഞ്ഞു.
മേയ് 16 മുതലാണ് കുട്ടികൾക്ക് വാക്സിനേഷൻ ആരംഭിച്ചത്. 'ഇതിനകം 12നും 15നുമിടയിൽ പ്രായമുള്ളവരിൽ 55 ശതമാനം കുട്ടികൾ വാക്സിെൻറ രണ്ടു ഡോസും സ്വീകരിച്ചു. ഏറ്റവും മികച്ച ശരാശരിയാണിത്. എന്നാൽ, ഇനിയും മുന്നേറാനുണ്ട്. ശേഷിക്കുന്ന കുട്ടികളുടെ വാക്സിൻ ഉറപ്പാക്കാൻ രക്ഷിതാക്കളുടെ കൂടുതൽ പങ്കാളിത്തം വേണം' -ഡോ. സോഹ അൽ ബയാത് പറഞ്ഞു. ഫൈസർ വാക്സിനാണ് രാജ്യത്ത് കുട്ടികൾക്കായി നൽകുന്നത്.
പുതിയ അധ്യയനവര്‍ഷത്തില്‍ കുട്ടികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്താന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. വാക്സിൻ എടുക്കുന്നതോടെ അവർക്ക് കൂടുതൽ ആത്മവിശ്വാസവും സുരക്ഷിത ബോധവുമുണ്ടാവുമെന്നും അവർ വ്യക്തമാക്കി.
നിലവിൽ വിദ്യാഭ്യാസ മന്ത്രാലയത്തിെൻറയും ആരോഗ്യ വകുപ്പിെൻറയും മാനദണ്ഡങ്ങളോടെയാണ് സ്കൂളുകൾ പ്രവർത്തിക്കുന്നത്. െബ്ലൻഡിഡ് ലേണിങ് സംവിധാനത്തിലെ അധ്യയനത്തിൽ 50 ശതമാനം വിദ്യാര്‍ഥികള്‍ക്കാണ് ക്ലാസില്‍ പ്രവേശനം. ഓൺലൈനും ഓഫ്ലൈനുമായി നടക്കുന്ന പഠനത്തിൽ പരമാവധി 15 പേർ മാത്രമായിരിക്കും ഒരു ക്ലാസിലുണ്ടാവുക. വിദ്യാര്‍ഥികള്‍ക്കിടയില്‍ കുറഞ്ഞത് 1.5 മീറ്റര്‍ അകലം ഉണ്ടാകുന്ന തരത്തിലാണ് ക്ലാസുകള്‍ സജ്ജീകരിച്ചിരിക്കുന്നത് -ഡോ. സോഹ പറഞ്ഞു.
കുട്ടികളുടെ വാക്സിനേഷൻ പൂർത്തിയാക്കാനുള്ള സജീവ ശ്രമത്തിലാണ് ആരോഗ്യ മന്ത്രാലയം. വാക്സിൻ എടുക്കാൻ യോഗ്യരായ വിഭാഗം വിദ്യാർഥികളും, 12ന് താഴെ പ്രായമുള്ള കുട്ടികളുമെല്ലാം ഉള്ളതിനാൽ സാമൂഹിക അകലവും ബയോ സുരക്ഷ ബബ്ളും പാലിച്ചുകൊണ്ടാണ് സ്കൂളുകൾ പ്രവർത്തിക്കുന്നത്.
'12നും 17നും ഇടയിൽ പ്രായമുള്ളവരിൽ ഒരുവിഭാഗം വാക്സിൻ സ്വന്തമാക്കിയപ്പോൾ, ഇനിയുമേറെ പേർ വാക്സിൻ സ്വീകരിക്കാനുണ്ട്. സമ്പർക്കത്തിലൂടെ രോഗവ്യാപനമുണ്ടാവാതിരിക്കാൻ എല്ലാവരും കോവിഡ് മുൻകരുതൽ നിർബന്ധമായും പാലിക്കണം.
കുട്ടികളും അധ്യാപകരും സ്കൂൾ ജീവനക്കാരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും കൂടുതൽ കരുതിയിരിക്കണം' -ഹമദ് മെഡിക്കൽ കോർപറേഷൻ സാംക്രമികരോഗ വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. ജമീല അലജ്മി പറയുന്നു.
ദോഹ: സ്കൂളുകളുടെ പ്രവർത്തനം ആരംഭിച്ച് ആദ്യ ദിനങ്ങളിൽ കുട്ടികളുടെ ഹാജർനില മതിപ്പുളവാക്കുന്നത്. ഞായറാഴ്ച അധ്യയന വർഷം ആരംഭിച്ചപ്പോൾ, ഒാരോ ക്ലാസിലും അനുവദിക്കപ്പെട്ട വിദ്യാർഥികളിൽ 80 ശതമാനത്തോളം പേർ സ്കൂളിലെത്തിയതായി അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. 'പ്രതീക്ഷ നൽകുന്നതായിരുന്നു വിദ്യാർഥികളിൽനിന്നുള്ള പ്രതികരണങ്ങൾ. ആദ്യ ദിനത്തിൽതന്നെ ആവേശത്തോടെ ബാഗും പുസ്തകങ്ങളുമായി അവർ സ്കൂളുകളിലെത്തി. ഹാജരാവാത്ത വിദ്യാർഥികളുടെ രക്ഷിതാക്കളുമായി ബന്ധപ്പെട്ടു. കോവിഡ് മുൻകരുതലുകളും കുട്ടികളുടെ സുരക്ഷക്കായി സ്വീകരിച്ച മാർഗങ്ങളും അവരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്' -സ്കൂൾ അധികൃതർ പറഞ്ഞു. കോവിഡ് മുൻകരുതൽ സംബന്ധിച്ച് കുട്ടികളെ കൃത്യമായ ഇടവേളകളിലായി ഉണർത്തുന്നുണ്ടെന്നും അറിയിച്ചു. വരും ദിവസങ്ങളിൽ ആശങ്കകളില്ലാതെ കൂടുതൽ കുട്ടികൾ എത്തുമെന്ന പ്രതീക്ഷയിലാണ് അധ്യാപകർ.
െബ്ലൻഡിഡ് ലേണിങ് സംവിധാനത്തിൽ 50 ശതമാനം ശേഷിയോടെയാണ് ഇപ്പോൾ സ്കൂളുകൾ പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.