ദോഹ: ദുബൈയിൽ നടന്ന വേൾഡ് ഗവൺമെന്റ് സമ്മിറ്റിൽ ഏറ്റവും മികച്ച മന്ത്രിക്കുള്ള പുരസ്കാരം ഖത്തർ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരിക്ക്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മന്ത്രിമാരിൽനിന്ന് അവസാന പത്തിൽ ഇടംനേടിയാണ് ഖത്തറിന്റെ ആരോഗ്യ മന്ത്രി വേൾഡ് ഗവ. സമ്മിറ്റ് ബെസ്റ്റ് മിനിസ്റ്റർ പുരസ്കാരം സ്വന്തമാക്കിയത്. രാജ്യത്തെ ആരോഗ്യ സംവിധാനം കൂടുതൽ ജനകീയവും അന്താരാഷ്ട്രതലത്തിലെ മികച്ച നിലവാരത്തിലുള്ളതാക്കി മാറ്റിയും എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിച്ചും നടത്തിയ ജനകീയ ഇടപെടലാണ് ഡോ. ഹനാൻ മുഹമ്മദ് കുവാരിയെ ബെസ്റ്റ് മിനിസ്റ്റർ അവാർഡിന് അർഹയാക്കിയത്. ലോകോത്തര നിലവാരത്തിലേക്ക് സൗകര്യങ്ങൾ വികസിപ്പിക്കുക എന്നത് രാജ്യത്തിന്റെ വിവിധ മേഖലകളിലെ വളർച്ചയുടെ ഭാഗം മാത്രമാണെന്ന് വേദിയിൽ പ്രദർശിപ്പിച്ച വിഡിയോയിൽ അവർ പറഞ്ഞു. ആരോഗ്യ മേഖലകളിൽ നേരിടുന്ന വെല്ലുവിളികളെ തരണം ചെയ്തു, അത്യാധുനിക സൗകര്യങ്ങളും വിദഗ്ധരും മികച്ചതുമായ സംഘത്തെ വാർത്തെടുത്തും രാജ്യത്തെ എല്ലാവരിലേക്ക് ആരോഗ്യ സംവിധാനം എത്തിക്കുകയാണെന്ന് അവർ പറഞ്ഞു. പ്രവർത്തന മേഖലയിലെ മികവും സമൂഹമാധ്യമങ്ങൾ വഴിയുള്ള പൊതുജന പിന്തുണയുമെല്ലാം മാനദണ്ഡമാക്കിയാണ് അവാർഡ് പ്രഖ്യാപനം.
യു.എ.ഇ ഉപ പ്രധാനമന്ത്രിയും ദുബൈ ഉപഭരണാധികാരിയുമായ ശൈഖ് മക്തും ബിൻ റാഷിദ് അൽ മക്തൂമിൽനിന്ന് മന്ത്രി ഡോ. ഹനാൻ അവാർഡ് ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.