ദോഹ: ഇലക്ട്രോണിക് സിഗരറ്റുകളുടെ ഉപയോഗത്തിനെതിരെ ഖത്തർ ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ ആരോഗ്യ അപകടങ്ങളെക്കുറിച്ച് മന്ത്രാലയം വിഡിയോ സന്ദേശം പുറത്തിറക്കി. ഇ-സിഗരറ്റിൽ വിഷ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് മുന്നറിയിപ്പു നൽകിയ മന്ത്രാലയം ഇത് വലിക്കുന്നത് നിർത്താൻ ജനങ്ങളോട് ആവശ്യപ്പെട്ടു.
ഹൃദ്രോഗം, പക്ഷാഘാതം, കാൻസർ, മോണ - വായ - തൊണ്ട എന്നിവയിലെ വ്രണങ്ങൾ, നിക്കോട്ടിൻ ആസക്തി, ക്രോണിക് ഒബ്സ്ട്രക്ടിവ് പൾമണറി ഡിസീസ് (സി.ഒ.പി.ഡി) എന്നിവയുൾപ്പെടെയുള്ള ആരോഗ്യ അപകടങ്ങൾക്ക് ഇവ കാരണമാകും. പുകവലിക്കാരിൽ ഹൃദ്രോഗം വരാനുള്ള സാധ്യത ഇരട്ടിയാണ്. ഇലക്ട്രോണിക് ശീഷ വലിക്കെതിരെയും മന്ത്രാലയത്തിന്റെ മുന്നറിയിപ്പുണ്ട്. സാധാരണ പുകവലി നിർത്തുന്നതിനുള്ള മാർഗമല്ല ഇ -സിഗരറ്റ്. പുകവലി നിർത്താൻ ആഗ്രഹിക്കുന്നവർക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ മെഡിക്കൽ, കൗൺസലിങ് സേവനം ലഭ്യമാണ്. ഹമദ് മെഡിക്കൽ കോർപറേഷനും പ്രൈമറി ഹെൽത്ത് കെയർ കോർപറേഷനും ഈ സേവനം നൽകിവരുന്നു. പി.എച്ച്.സി.സിയുടെ 15 ആരോഗ്യ കേന്ദ്രങ്ങളിൽ പുകവലി നിർത്താനുള്ള ചികിത്സയും പരിചരണവും ലഭിക്കും. പുകയില ഉപഭോഗം കുറക്കാനും യുവാക്കൾക്കിടയിൽ പുകവലി വർധിക്കുന്നത് തടയാനും ലക്ഷ്യമിട്ട് രാജ്യത്ത് പുകയില ഉൽപന്നങ്ങളുടെ പരസ്യത്തിനും സ്പോൺസർഷിപ്പിനും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മന്ത്രാലയവും സന്നദ്ധ സംഘടനകളും ബോധവത്കരണ കാമ്പയിനുകൾ നടത്തുന്നു.
ഇ- സിഗരറ്റുകളുടെ വിൽപനയും വിതരണവും പരസ്യവും രാജ്യത്ത് നിരോധിച്ചിട്ടുണ്ട്. അതേസമയം, രാജ്യത്ത് പുകവലിക്കാരിൽ 11 ശതമാനം ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗിക്കുന്നവരാണെന്നും റിപ്പോർട്ടുണ്ട്. ലോകത്ത് 3.7 കോടി യുവാക്കൾ ഇ -സിഗരറ്റ് വലിക്കുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.