ദോഹ: ഇന്ത്യൻ സ്പോർട്സ് സെന്റർ (ഐ.എസ്.സി) ഖേൽ മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഇ-ഫുട്ബാൾ മേള ശ്രദ്ധേയമായി. ഖത്തറിലെ ഇന്ത്യക്കാരും വിദേശികൾ ഉൾപ്പെടെ പ്രഫഷനൽ ഇ ഫുട്ബാൾ താരങ്ങളും മാറ്റുരച്ച മേള പുതുമകൊണ്ട് കൈയടി നേടി. അന്താരാഷ്ട്ര തലത്തിൽ സ്വീകാര്യത നേടുന്ന വിഡിയോ ഫുട്ബാൾ ഗെയിംസിന് ഇന്ത്യൻ പ്രവാസികളിലും ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുത്താണ് ഖേൽ മഹോത്സവിൽ പുതിയ ഇനമായി ഇ ഗെയിംസ് ഉൾപ്പെടുത്തിയത്. 150ൽ ഏറെ പേർ മത്സരത്തിനായി രജിസ്റ്റർ ചെയ്തു. ഫെസ്റ്റിവൽ സിറ്റിയിലെ വെർച്വോ സിറ്റിയിൽ നടന്ന വാശിയേറിയ ഫൈനൽ റൗണ്ടുകൾക്ക് ശേഷം ബിലാൽ അൽ ബലൂഷി ഒന്നാം സ്ഥാനം നേടി.
മലയാളിയായ ഐമൻ ഹൈദർ രണ്ടാം സ്ഥാനവും മുഹമ്മദ് അൽ ഖ്ദോർ മൂന്നാം സ്ഥാനവും നേടി. ഫൈനൽ റൗണ്ടുകളിൽ എത്തിയ മുഹമ്മദ് അയ്ദിൻ, നിവ്ദിൻ അഭിലാഷ്, അർജുൻ മേനോൻ, പാർത്ഥ് സരംഗ്ദർ, ധന്വിൻ ദീപേഷ്, ഫെയ്ത് നിബൂ, ഫൈസി ഫജിൻ എന്നിവരും മെഡലുകൾ നേടി.
ടൂർണമെന്റിന്റെ മുഖ്യ സ്പോൺസറായ ഖത്തറിലെ പ്രമുഖ ഗെയിമിങ് ഔട്ട്ലെറ്റ് ആയ ഗെയിമർ സോൺ ഏരിയ മാനേജർ സൗഫിദിനെയും വെർച്വോ സിറ്റി പ്രതിനിധി ഷക്കീബ് ശൈഖിനെയും സമാപന ചടങ്ങിൽ ഐ.എസ്.സി ജനറൽ സെക്രട്ടറി നിഹാദലി, എം.സി മെംബർ ദീപേഷ് ഗോവിന്ദൻകുട്ടി എന്നിവർ ചേർന്ന് ആദരിച്ചു. വൈസ് പ്രസിഡന്റ് ജോൺ ദേശാ, മെംബർമാരായ ദീപക് ചുക്കല പുരുഷോത്തം, അപ്പാവ് പർവീന്ദർ ബുർജി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.