ദോഹ: ഭരണഘടന ഭേദഗതി നിർദേശത്തിൽ ആവേശത്തോടെ വോട്ട് രേഖപ്പെടുത്തി ഖത്തറിലെ സ്വദേശി പൗരന്മാർ. ചൊവ്വാഴ്ച രാവിലെ ഏഴിന് ആരംഭിച്ച ഹിതപരിശോധനയിൽ രാവിലെ 11 മണിയോടെ തന്നെ 51 ശതമാനം രേഖപ്പെടുത്തി. ഉച്ച മൂന്ന് മണിയോടെ ആകെ വോട്ടിങ് 72 ശതമാനം പൂർത്തിയായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി റെഫറൻഡം കമ്മിറ്റി അസ്ഥാനമായ മുശൈരിബിലെ പോളിംഗ് സ്റ്റേഷനിലെത്തി വോട്ട് രേഖപ്പെടുത്തി. പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി ഹമദ് ബിൻ അലി സ്റ്റേഡിയത്തിലെ പോളിങ് സ്റ്റേഷനിലാണ് വോട്ട് രേഖപ്പെടുത്തിയത്.
പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി ബർഹാത് മുശൈരിബിലെ 15ാം കമ്മിറ്റി പോളിങ് സ്റ്റേഷനിലും, ഖത്തർ അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി ഹമദ് ബിൻ അലി സ്റ്റേഡിയത്തിലെ പോളിങ് സ്റ്റേഷനിനും വോട്ട് ചെയ്തു. അൽ ദുഹൈൽ സ്‌പോർട്‌സ് ക്ലബ്ബിലെ പോളിങ് സ്റ്റേഷനിൽ എത്തിയാണ് ഖത്തർ ആഭ്യന്തര മന്ത്രിയും റഫറണ്ടം ജനറൽ കമ്മിറ്റി ചെയർമാനുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി വോട്ട് രേഖപ്പെടുത്തിയത്.
ഹിതപരിശോധനയുടെഭാഗമായി സ്കൂളുകൾക്ക് ചൊവ്വാഴ്ച അവധി നൽകിയിരുന്നു. സർക്കാർ ഓഫീസുകളിലും വോട്ടിങ്ങിന് അനുസരിച്ച് പ്രവൃത്തി സമയം ക്രമീകരിച്ചു. പേപ്പർ ബാലറ്റിലും ഇലക്ട്രോണിക് വോട്ടിങ് വഴിയും വോട്ട് രേഖപ്പെടുത്താൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ, ആശുപത്രികളിൽ കഴിയുന്നവരും രോഗികളും ഉൾപ്പെടെയുള്ളവർക്കായി ആഭ്യന്തര മന്ത്രാലയം നേതൃത്വത്തിൽ മൊബൈൽ വോട്ടിങ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. മെട്രാഷ് ആപ്പ് ഉപയോഗിച്ച് ഓൺലൈൻ ആയും വോട്ട് ചെയ്യാം.
ശൂറാ കൗൺസിലിലേക്കുള്ള തെരഞ്ഞെടുപ്പ് സംവിധാനം ഉൾപ്പെടെ ഭരണഘടനാ നിർദേശങ്ങളിൽ ഭേദഗതി വരുത്തുന്ന കരടിന് പൊതുജനങ്ങളുടെ അഭിപ്രായം തേടി കൊണ്ടാണ് ജനഹിത പരിശോധന നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.