ദോഹ: ഭരണഘടനാ ഭേദഗതിക്ക് അനുകൂലമായി അഭിപ്രായം രേഖപ്പെടുത്തി ഖത്തറിലെ പൗരന്മാർ. ചൊവ്വാഴ്ച നടന്ന ഹിതപരിശോധനയിൽ 90.6 ശതമാനം പേരും ഭരണഘടനാ ഭേദഗതിയെ പിന്തുണച്ച് വോട്ട് ചെയ്തതായി ജനറൽ റഫറണ്ടം കമ്മിറ്റി ചെയർമാനും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ആൽഥാനി അറിയിച്ചു.
9.2 ശതമാനം പേർ ഭേദഗതിയെ എതിർത്ത് വോട്ട് ചെയ്തു. 1.8 ശതമാനം വോട്ടുകൾ അസാധുവായി. സാധുവായ വോട്ടുകളുടെ കണക്കെടുപ്പിൽ 90.6 ശതമാനം പേർ ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പ് ഉൾപ്പെടെ നിയമങ്ങളിലെ ഭരണഘടന ഭേദഗതിയെ പിന്തുണച്ചു. രാവിലെ ഏഴ് മുതൽ രാത്രി ഏഴു വരെ നടന്ന വോട്ടെടുപ്പിൽ 84 ശതമാനമാണ് പോൾ ചെയ്തത്. ഖത്തറിലെ വിവിധ ഭാഗങ്ങളിലായി തയാറാക്കിയ 28 പോളിങ് സ്റ്റേഷനുകളിലെയും മെട്രാഷ് വഴിയുള്ള ഓൺലൈൻ വോട്ടുകളും എണ്ണിയ ശേഷം ബുധനാഴ്ച പുലർച്ചെയോടെയാണ് ഫലം പ്രസിദ്ധീകരിച്ചത്.
ഹിത പരിശോധനയിൽ സ്ത്രീകളും യുവാക്കളും മുതിർന്നവരും ഉൾപ്പെടെ സജീവമായി പങ്കെടുത്തു. പൗരന്മാരുടെ പങ്കാളിത്തത്തെ ജനറൽ റഫറണ്ടം കമ്മിറ്റി അഭിനന്ദിച്ചു.
പാർലമെൻറ് സംവിധാനമായ ശൂറാ കൗൺസിലിലേക്കുള്ള തെരഞ്ഞെടുപ്പ് പരിഷ്കരിച്ചുകൊണ്ടുള്ളതാണ് പുതിയ ഭേദഗതി. ഇതുപ്രകാരം 45 അംഗ കൗൺസിലിലെ മുഴുവൻ അംഗങ്ങളെയും ഇനി അമീറിന് നാമനിർദേശം ചെയ്യാം. 2021ലെ തെരഞ്ഞെടുപ്പിൽ 30 പേരെ വോട്ടെടുപ്പിലൂടെയായിരുന്നു തെരഞ്ഞെടുത്തത്. ശേഷിച്ച 15 പേർ നാമനിർദേശത്തിലൂടെയും.
ഇന്നും നാളെയും ഖത്തറിൽ പൊതു അവധി
ജനഹിത പരിശോധനയുടെ വിജയകരമായ സമാനപനത്തിന്റെ ആഘോഷ സൂചകമായി ബുധൻ, വ്യാഴം ദിവസങ്ങളിൽ ഖത്തറിന് പൊതു അവധി പ്രഖ്യാപിച്ച് അമീരി ദിവാൻ. സർക്കാർ ഓഫിസുകൾ ഉൾപ്പെടെയാണ് അവധി നൽകിയത്. സർക്കാർ, സ്വകാര്യ സ്കൂളുകൾക്കും രണ്ടു ദിവസങ്ങളിൽ അവധിയാണ്. വാരാന്ത്യ അവധി കൂടെ കഴിഞ്ഞ് ഞായറാഴ്ചയാവും ഇനി പ്രവൃത്തി ദിനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.