ദോഹ: ലോകകപ്പ് ഫുട്ബാൾ വേളയിൽ വിദേശങ്ങളിൽ നിന്നെത്തിയ സന്ദർശകരെ ആദ്യം സ്വാഗതം ചെയ്ത അൽ മതാർ സ്ട്രീറ്റിലെ ദോഹ ഇന്റർ നാഷനൽ എയർപോർട്ട് പാർക്കിൽ കഴിഞ്ഞ കുറെ മാസങ്ങളായി ഉയർന്നു തുടങ്ങിയ ചുമരുകൾ ഒടുവിൽ മനോഹര ചിത്രങ്ങളായി തലയുയർത്തി.
ലോകപ്രശസ്ത കലാകാരൻ റാഷിദ് ജോൺസൺ മാസങ്ങളെടുത്ത് പൂർത്തിയാക്കിയ ‘വില്ലേജ് ഓഫ് ദി സൺ’ പൊതുകലാസൃഷ്ടി ഇനി കാഴ്ചക്കാർക്ക് സ്വന്തം. ഖത്തർ മ്യൂസിയത്തിനു കീഴിൽ തയാറാക്കിയ കലാസൃഷ്ടി കഴിഞ്ഞ ദിവസം ഖത്തർ മ്യൂസിയം ചെയർപേഴ്സൻ ശൈഖ അൽ മയാസ ബിൻത് ഹമദ് ബിൻ ഖലീഫ ആൽഥാനി തന്നെ സന്ദർശകർക്കായി തുറന്നു നൽകി.
കലാകാരൻ റാഷിദ് ജോൺസണിനൊപ്പമാണ് നാല് മതിലുകളിലായി മീറ്ററുകൾ നീളമുള്ള ‘വില്ലേജ് ഓഫ് ദി സൺ’ എന്ന സൃഷ്ടി ഉദ്ഘാടനം നിർവഹിച്ചത്. വിവിധ വർണങ്ങളിലെ ചെറിയ ചെറിയ മൊസൈക് കഷണങ്ങൾ ചേർത്തുവെച്ച്, വർണവൈവിധ്യങ്ങളുടെ കൂറ്റൻ കാൻവാസ് തന്നെയാണ് അമേരിക്കൻ ആർടിസ്റ്റായ റാഷിദ് ജോൺസൺ തീർത്തത്.
ഇദ്ദേഹത്തിന്റെ 2013ൽ ആരംഭിച്ച ‘ബ്രോക്കൺ മെൻ’ സീരീസിന്റെ തുടർച്ചയായാണ് ഖത്തറിന്റെ മണ്ണിലേക്കുള്ള അന്താരാഷ്ട്ര കവാടത്തിലെ അതുല്യ സൃഷ്ടി. ആയിരക്കണക്കിന് വർഷങ്ങളായി കലാരൂപമായും അലങ്കാരമായും ഉപയോഗിക്കുന്ന മൊസൈക്കിന്റെ നൂതനമായ കരകൗശല മികവാണ് റാഷിദ് ജോൺസന്റെ പ്രമേയങ്ങൾ. അടുക്കും ചിട്ടയുമില്ലാത്ത വർണങ്ങളിൽ പതിച്ചുവെച്ച് തീർത്തെടുത്ത ‘വില്ലേജ് ഓഫ് സൺ’ ഖത്തറിലെത്തുന്ന കാഴ്ചക്കാർക്ക് പുതിയൊരു ഐക്കൺ ആയി മാറും.
ഖത്തറിന്റെ പൊതുകലാസൃഷ്ടികളെന്ന ശ്രേണിയിലേക്ക് പുതിയൊരു പതിപ്പായി ദോഹ വിമാനത്താവള പാർക്കിലെ ‘വില്ലേജ് ഓഫ് സൺ’ മാറുമെന്ന് ഖത്തർ മ്യൂസിയം പറഞ്ഞു.
സ്വത്വവും മാനവികതയും അടയാളപ്പെടുത്തുന്നതാണ് റാഷിദ് ജോൺസന്റെ അതുല്യമായ മൊസൈക്ക് കല. ലോകപ്രശസ്ത കലാകാരനുമായി ചേർന്ന് പൊതു ഇടങ്ങളെ കലാസ്വാദന കേന്ദ്രങ്ങളാക്കുന്നതിൽ ഖത്തർ മ്യൂസിയം അഭിമാനിക്കുന്നു- പ്രസ്താവനയിൽ പറഞ്ഞു. 1996 മുതൽ കാലാരംഗത്ത് സജീവമായുള്ള റാഷിദ് ജോൺസൺ, പെയിൻറിങ്, ശിൽപം, സിനിമൽ, ഇൻസ്റ്റലേഷൻ തുടങ്ങിയ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.