ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ രക്ഷാകർതൃത്വത്തിൽ രണ്ടാമത് ഖത്തർ സാമ്പത്തിക ഫോറം ജൂൺ 20 മുതൽ 22വരെ നടക്കും. ആഗോള സാമ്പത്തിക വെല്ലുവിളികൾ മറികടക്കുന്നതിനുള്ള പരിഹാരമാർഗങ്ങൾ ഫോറത്തിൽ ചർച്ച ചെയ്യും. ബ്ലൂംബെർഗ് അവതരിപ്പിക്കുന്ന ഫോറത്തിൽ ഖത്തറിൽനിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുമായി 500ലധികം സാമ്പത്തിക വിദഗ്ധരും നയരൂപവത്കരണ വക്താക്കളും പങ്കെടുക്കും.
ഭാവിയുടെ തൊഴിലുകളും നിലവിലെ വർക്ക്ഫോഴ്സും, കെട്ടിപ്പിണഞ്ഞിരിക്കുന്ന വിതരണശൃംഖല, സാമ്പത്തികബാധ്യത പ്രതിസന്ധി, ആഗോള അസമത്വം തുടങ്ങി ലോകസാമ്പത്തിക മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും ഫോറം വിശകലനം ചെയ്യുകയും പരിഹാരമാർഗങ്ങൾ ചർച്ചചെയ്യുകയും ചെയ്യും. ആഗോള സാമ്പത്തികമേഖലയുടെ വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് വെളിച്ചംവീശുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആഗോള സാമ്പത്തിക വ്യവസ്ഥയുടെ ഭാവിസംബന്ധിച്ച് പുതിയ നയനിലപാടുകൾ സ്വീകരിക്കുകയെന്നത് സർക്കാറുകളുടെയും വ്യാപാര പ്രവർത്തനങ്ങളുടെയും പ്രഥമ പരിഗണനാ വിഷയങ്ങളിൽ പെട്ടതാണെന്ന് ഖത്തർ സാമ്പത്തിക ഫോറം സംബന്ധിച്ച് വാണിജ്യ വ്യവസായ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖാസിം ആൽഥാനി പറഞ്ഞു.
വരാനിരിക്കുന്ന ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറിന്റെ വെളിച്ചത്തിൽ സാമ്പത്തിക സഹകരണത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടുതന്നെ സാമ്പത്തിക വളർച്ചയിലേക്കുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് പിന്തുണ നൽകാനുള്ള അവസരം കൂടിയായിരിക്കും ഖത്തർ സാമ്പത്തിക ഫോറമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കോവിഡ് കാരണം മന്ദഗതിയിലായ ആഗോള സാമ്പത്തിക മേഖലയെ തിരിച്ചുകൊണ്ട് വരുന്നതിനും വളർച്ച ത്വരിതപ്പെടുത്തുന്നതിനുമുള്ള ഉത്തരവാദിത്തം വ്യാപാര പ്രമുഖരും കമ്പനികളും ഏറ്റെടുക്കണമെന്നും ദോഹയിൽ നടക്കുന്ന സുപ്രധാന സാമ്പത്തിക ഫോറത്തിെൻറ ഭാഗമാകുന്നതിൽ ബ്ലൂംബെർഗ് മീഡിയ ഏറെ അഭിമാനിക്കുന്നുവെന്നും സി.ഇ.ഒ എം സ്കോട്ട് ഹാവെൻസ് പറഞ്ഞു. ഖത്തരികളുൾപ്പെടെ മേഖലാ അന്തർദേശീയ തലത്തിലെ പ്രമുഖരായ 75ലധികം സാമ്പത്തിക വിദഗ്ധർ വിവിധ വിഷയങ്ങളിൽ വേദിയിലെത്തുമ്പോൾ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നായി 500ലധികം പ്രതിനിധികൾ ഫോറത്തിൽ പങ്കെടുക്കും.
ധനകാര്യ മന്ത്രി അലി ബിൻ അഹ്മദ് അൽ കുവാരി, വാണിജ്യ വ്യവസായ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖാസിം ആൽഥാനി, ഊർജകാര്യ സഹമന്ത്രി സഅദ് ശരീദ അൽ കഅ്ബി, ഖത്തർ സെൻട്രൽ ബാങ്ക് ഗവർണർ ശൈഖ് ബന്ദർ ബിൻ മുഹമ്മദ് ബിൻ സഈദ് ആൽഥാനി, ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒ അക്ബർ അൽ ബാകിർ, കുവൈത്ത് ഇൻവെസ്റ്റ്മെൻറ് അതോറിറ്റി മേധാവി ഗാനെം അൽ ഗനൈമാൻ, ഇസ്ലാമിക് വികസന ബാങ്ക് ചെയർമാൻ ഡോ. മുഹമ്മദ് സുലൈമാൻ അൽ ജാസിർ, ഖത്തർ ഇൻവെസ്റ്റ്മെൻറ് അതോറിറ്റി സി.ഇ.ഒ മൻസൂർ ഇബ്റാഹിം ആൽ മഹ്മൂദ് തുടങ്ങിയ പ്രമുഖർ ഫോറത്തെ അഭിസംബോധന ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.