ദോഹ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ആഭ്യന്തര യുദ്ധവും പ്രകൃതി ദുരന്തവും പട്ടിണിയും ഉൾപ്പെടെ വെല്ലുവിളികൾ നേരിടുന്ന സമൂഹത്തിന് വിദ്യാഭ്യാസത്തിലൂടെ വെളിച്ചം പകർന്ന് ഖത്തർ ആസ്ഥാനമായ എജുക്കേഷൻ എബൗവ് ഓൾ ഫൗണ്ടേഷൻ. ഖത്തർ ഡെവലപ്മെന്റ് ഫണ്ട് (ക്യു.എഫ്.എഫ്.ഡി) പിന്തുണയിൽ ഇ.എ.എ ഏഷ്യൻ രാജ്യങ്ങളിലും നിരവധി വിദ്യാഭ്യാസ പദ്ധതികൾക്ക് നേതൃത്വം നൽകുന്നതായി സി.ഇ.ഒ ഫഹദ് ബിൻ ഹമദ് അൽസുലൈത്തി ഖത്തർ ന്യൂസ് ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
21 ഏഷ്യൻ രാജ്യങ്ങളിലായി 33 പദ്ധതികളാണ് ഇപ്പോൾ ഇ.എ.എ നേതൃത്വത്തിൽ നടക്കുന്നത്. എല്ലാ ഏഷ്യൻ രാജ്യങ്ങളിലെയും 70 ലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കാനുള്ള അവസരം ക്യു.എഫ്.എഫ്.ഡി സംയുക്ത പദ്ധതികൾ വാഗ്ദാനം ചെയ്യുന്നതായി അഭിമുഖത്തിൽ അൽ സുലൈത്തി കൂട്ടിച്ചേർത്തു. 105 പുതിയ സ്കൂളുകൾ നിർമിച്ച് വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുകയും കുട്ടികൾക്ക് വിദ്യാഭ്യാസ അവസരങ്ങൾ നൽകുകയും, മറ്റ് 145 സ്കൂളുകളുടെ നിലവാരം ഉയർത്തുകയും ചെയ്തു. ക്യു.എഫ്.എഫ്.ഡി പിന്തുണയോടെ 13 പദ്ധതികൾ വിജയകരമായി മുന്നോട്ടു പോകുകയാണ്.
ഫിലിപ്പീൻസിൽ റീച്ച് മിൻഡാനവോ പദ്ധതിയിലൂടെ യുവാക്കൾക്ക് സ്വയംതൊഴിൽ കണ്ടെത്താനും വിദ്യാർഥികളെ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കി സ്വയംപര്യാപ്തത കൈവരിക്കാനും സഹായിക്കുന്നു. ബംഗ്ലാദേശിൽ ക്യു.എഫ്.എഫ്.ഡി പിന്തുണയോടെ 12 പദ്ധതികളാണ് നടപ്പാക്കുന്നത്. ഒമ്പത് ലക്ഷത്തോളം കുട്ടികളെയാണ് പദ്ധതി ലക്ഷ്യംവെച്ചിരുന്നതെങ്കിലും പത്ത് ലക്ഷത്തിനടുത്തെത്തി. നേപ്പാൾ, ഫിലിപ്പീൻസ്, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ പിന്തുണക്കുകയും വിദ്യാഭ്യാസ മേഖലയിൽ മാതൃകാപരമായ മാറ്റം കൈവരിക്കുകയും ചെയ്യുന്നതിൽ ഇ.എ.എ അതിന്റെ പദ്ധതികളിലൂടെ വിജയിച്ചിട്ടുണ്ടെന്ന് സി.ഇ.ഒ സൂചിപ്പിച്ചു.
പുതിയ സ്കൂളുകളുടെ നിർമാണത്തോടെ വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങൾ നൽകാനും ആയിരക്കണക്കിന് കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസ അവസരങ്ങൾ വാഗ്ദാനം ചെയ്യാനും യുവാക്കാളെ ശാക്തീകരിക്കാനും അവരുടെ കഴിവുകൾ വളർത്താനും നേപ്പാളിലെ വിദ്യാഭ്യാസ പദ്ധതികളിലൂടെ സാധിച്ചതായി അദ്ദേഹം പറഞ്ഞു. ദാരിദ്ര്യത്തിന്റെ വിപത്തിൽനിന്നുള്ള മോചനത്തിന് വിദ്യാഭ്യാസമാണ് ഏകവഴി. നീതിയും സമാധാനവും ആസ്വദിക്കുന്ന സമൂഹങ്ങൾ സ്ഥാപിക്കുന്നതിനുള്ള അടിത്തറ വിദ്യാഭ്യാസമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ കേന്ദ്രീകൃത പദ്ധതികൾക്ക് ക്യു.എഫ്.എഫ്.ഡി പിന്തുണയോടെ തുടക്കം കുറിച്ചത്. വ്യത്യസ്തമായ സാമൂഹിക, സാമ്പത്തിക വെല്ലുവിളികളാൽ ഏഷ്യൻ രാജ്യങ്ങൾ വലയുകയാണെന്നും, മികച്ച വിദ്യാഭ്യാസവും പരിശീലനവും നൽകി യുവ തലമുറയെ ശാക്തീകരിക്കുന്നതിലൂടെ ശക്തമായൊരു സമൂഹത്തെ കെട്ടിപ്പടുക്കാൻ കഴിയുമെന്നും അൽ സുലൈത്തി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.