ദോഹ: കാർബൺ പുറന്തള്ളൽ കുറക്കുന്നതിലൂടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന് ആധുനികവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത മാർഗങ്ങൾ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യം മുൻനിർത്തി പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയം കതാറ കൾചറൽ വില്ലേജിൽ വൈദ്യുത, ഹൈബ്രിഡ് വാഹനങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു.
പ്രദർശനത്തിൽ പങ്കെടുത്ത വാഹന ഉടമകൾ കാറുകളെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തിൽ അവയുടെ പ്രാധാന്യത്തെക്കുറിച്ചും സന്ദർശകർക്ക് വിവരിച്ചുനൽകി.
വൈദ്യുത കാർ സാങ്കേതികവിദ്യയിൽ പ്രമുഖനായ ശൈഖ് ഖലീഫ ബിൻ അലി ആൽഥാനിയുടെ സഹകരണത്തോടെ മന്ത്രാലയത്തിന് കീഴിലെ ഹരിത വികസന, പരിസ്ഥിതി സുസ്ഥിരത വകുപ്പാണ് പ്രദർശനം സംഘടിപ്പിച്ചത്.
പരിസ്ഥിതി സംരക്ഷണത്തിലും കാർബൺ പുറന്തള്ളൽ കുറക്കുന്നതിലും പ്രധാന പങ്കുവഹിക്കുന്ന വൈദ്യുത, ഹൈബ്രിഡ് കാറുകളെ സ്വീകരിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യവുമായാണ് മന്ത്രാലയം ഇത് സംഘടിപ്പിച്ചതെന്ന് വകുപ്പ് മേധാവി ശൈഖ് ഡോ. സഊദ് ബിൻ ഖലീഫ ആൽഥാനി പറഞ്ഞു.
രാജ്യത്തെ കാറുകളിൽ 25 ശതമാനമെങ്കിലും വൈദ്യുത കാറുകളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ശൈഖ് ഡോ. സഊദ് ആൽഥാനി കൂട്ടിച്ചേർത്തു.
ഖത്തർ, വൈദ്യുത വാഹനങ്ങൾക്കുള്ള ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത് കൂടുതൽ വിപുലീകരിക്കുകയും വാഹനങ്ങൾക്കായുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്.
നിരവധി സർക്കാർ ഏജൻസികളാണ് ഇതിനായി പ്രത്യേകം രൂപവത്കരിച്ച സമിതിയിൽ ഉൾപ്പെടുന്നത്.
ആധുനിക ഗതാഗത മേഖലകളിലെ പ്രധാന കണ്ടുപിടിത്തങ്ങളിലൊന്നാണ് വൈദ്യുത, ഹൈബ്രിഡ് കാറുകൾ. കാർബൺ പുറന്തള്ളുന്നത് കുറക്കുന്നതിലും ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറക്കുന്നതിലും ഇത് വളരെയധികം സംഭാവന ചെയ്യുന്നു.
പരമ്പരാഗത കാറുകളെ അപേക്ഷിച്ച് ഉയർന്ന ഊർജക്ഷമതയും കുറഞ്ഞ പ്രവർത്തന ചെലവും ഇത്തരം കാറുകളുടെ മാത്രം പ്രത്യേകതകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.