ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ രക്ഷാധികാരത്തിൽ പ്രഥമ ഖത്തർ സാമ്പത്തിക ഫോറത്തിന് പ്രൗഢമായ തുടക്കം. ബ്ലൂംബെർഗുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഫോറത്തിെൻറ ആദ്യദിവസം അമീർ മുഖ്യപ്രഭാഷണം നടത്തി. 'നാളേക്കുള്ള പുതിയ പരിേപ്രക്ഷ്യങ്ങൾ' എന്ന പ്രമേയത്തിൽ നടത്തിയ പ്രഭാഷണത്തിൽ വാക്സിൻ സഹകരണത്തിന് വൻകിട വ്യവസായിക രാഷ്ട്രങ്ങൾ മുന്നോട്ടുവരണമെന്ന് അമീർ ആവശ്യപ്പെട്ടു.
സാമ്പത്തികമായും ധനപരമായും അടുത്തഘട്ടം എല്ലാ രാജ്യങ്ങൾക്കും അത്ര ആയാസകരമായിരിക്കില്ല. വികസിതരാജ്യങ്ങളും വികസ്വര രാജ്യങ്ങളും തമ്മിലുള്ള ചെറിയ വിടവുപോലും നികത്തി സഹകരണം സാധ്യമാക്കണം. വാക്സിൻ എല്ലാവർക്കും എത്തിക്കുന്നതിലും മഹാമാരിയുടെ ആഘാതങ്ങൾ കുറക്കുന്നതിനും ഈ സഹകരണം അനിവാര്യമാണ്.
കോവിഡിനെതിരായ പോരാട്ടത്തിന് ലോകാരോഗ്യ സംഘടനക്കും വാക്സിൻ, ഇമ്യൂണൈസേഷൻ ആഗോള സംഘടനക്കും നൽകുന്ന പിന്തുണ ഖത്തർ തുടരുകയാണ്. നിരവധി രാജ്യങ്ങൾക്ക് വാക്സിനെത്തിക്കുന്ന കൊവാക്സ് പോലെയുള്ള സംരംഭങ്ങൾക്കും ഖത്തർ പിന്തുണ നൽകുന്നുണ്ട്. 80ലധികം രാജ്യങ്ങൾക്കാണ് കോവിഡ് കാലത്ത് ഖത്തറിെൻറ പിന്തുണ നൽകിയത്. ചില രാജ്യങ്ങൾ അമിതമായി വാക്സിനുകൾ വാങ്ങിക്കൂട്ടുന്നതിൽ മത്സരിക്കുന്നത് മഹാമാരിക്കെതിരായ അന്താരാഷ്ട്ര ശ്രമങ്ങളെ തളർത്തുന്നതിന് കാരണമാകുന്നുണ്ട്. വികസ്വര, ദരിദ്ര രാഷ്ട്രങ്ങളിലെ വാക്സിൻ വിതരണം അവതാളത്തിലാക്കാനും ഇത് കാരണമാകുന്നു. ആഗോള വ്യവസായിക, വികസിത രാഷ്ട്രങ്ങളും രാഷ്ട്രത്തലവന്മാരും വികസ്വര, ദരിദ്ര രാജ്യങ്ങളിലേക്കും വാക്സിനേഷെൻറ സന്തുലിതത്വ വിതരണം ഉറപ്പാക്കുന്നതിനും മുന്നോട്ടുവരേണ്ടതുണ്ടെന്നും അമീർ പറഞ്ഞു.
നമ്മുടെ ജനതയുടെ മികച്ച ഭാവിക്കും നമുക്കു മുന്നിലുള്ള പ്രതിസന്ധികൾ തരണംചെയ്യാനും നമ്മുടെ രാജ്യങ്ങളുടെയും സമൂഹങ്ങളുടെയും വളർച്ചക്കും വികാസത്തിനും വ്യാപാരമേഖലയുമായുള്ള സഹകരണത്തിനും പ്രഥമ ഖത്തർ സാമ്പത്തിക ഫോറം വലിയ പങ്കുവഹിക്കുമെന്ന് ആത്മവിശ്വാസമുണ്ടന്ന് അമീർ പറഞ്ഞു.
സാമ്പത്തിക മേഖലയടക്കം മനുഷ്യനുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും മുമ്പെങ്ങുമില്ലാത്ത കടുത്ത പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ജനങ്ങളുടെ ആരോഗ്യം സംബന്ധിച്ചും സാമ്പത്തിക മേഖലയുടെ ആരോഗ്യം സംബന്ധിച്ചും നിലക്കാത്ത ചർച്ചകളും സംവാദങ്ങളുമാണ് നടക്കുന്നത്. കൊറോണ വൈറസിെൻറ പുതിയ വകഭേദങ്ങൾ വീണ്ടും വീണ്ടും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. നാം ഇപ്പോഴും കോവിഡാനന്തര ഘട്ടത്തിലേക്ക് പ്രവേശിച്ചിട്ടില്ല. ആഗോള സാമ്പത്തിക മേഖലയുടെ ഭാവി സംബന്ധിച്ച അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ പ്രതീക്ഷകൾക്കെല്ലാം മങ്ങലേറ്റു. ഈ പ്രതിസന്ധിയിലും ലോകം ഈ വർഷം ആറു ശതമാനം സാമ്പത്തിക വളർച്ചയും അടുത്ത വർഷം 4.4 ശതമാനം സാമ്പത്തിക വളർച്ചയും കൈവരിക്കുമെന്ന് അന്താരാഷ്ട്ര നാണയനിധി ഏപ്രിൽ മാസം പുറത്തുവിട്ട റിപ്പോർട്ടുകളിൽ വ്യക്തമാക്കിയിട്ടുണ്ട്. നിരവധി രാജ്യങ്ങൾ തങ്ങളുടെ സാമ്പത്തിക മേഖലക്ക് പിന്തുണ നൽകുന്നതിെൻറ ഭാഗമായി വൻ സാമ്പത്തിക ഉത്തേജന പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ലോകത്തുടനീളം കോവിഡിനെതിരായ വാക്സിനേഷൻ കാമ്പയിനുകൾ തുടർന്നുകൊണ്ടിരിക്കുകയാണ്, വാക്സിൻ വിതരണം സന്തുലിതമല്ലെങ്കിലും.
കോവിഡ് രൂപപ്പെടുത്തിയ പ്രതിസന്ധികൾക്കിടെ സമൂഹം ഡിജിറ്റൽ സാങ്കേതികവിദ്യകൾ കൂടുതലായി ഉപയോഗപ്പെടുത്തി തുടങ്ങി. ജീവിതം അതിന് പാകപ്പെടുത്തി. വിദ്യാഭ്യാസ മേഖലയിലും വിദൂര തൊഴിൽ സാധ്യതകളിലും ഡിജിറ്റൽ സാങ്കേതികവിദ്യയെ ഇനി മാറ്റിനിർത്താനാകില്ല. മഹാമാരിക്കുശേഷം വരുന്നകാലത്ത് ആഗോള സാമ്പത്തിക മേഖലയിൽ ഇതിെൻറ സ്വാധീനവും ചെറുതായിരിക്കുകയില്ല.
ആധുനിക സമൂഹത്തിെൻറ പ്രകൃതിയുമായുള്ള ബന്ധം, സർക്കാർ പൊതുജനാരോഗ്യ നയത്തിൽ സമൂഹത്തിെൻറ പ്രതീക്ഷകൾ, സാമ്പത്തിക മേഖലയുമായുള്ള രാഷ്ട്രത്തിെൻറ ബന്ധം, ദാരിദ്യ്ര, അഭയാർഥി പ്രതിസന്ധികൾ, പകർച്ചവ്യാധി, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ പ്രതിസന്ധികളിൽ അതിർത്തികൾക്കപ്പുറത്ത് ദേശ, ഭാഷ, സംസ്കാര ഭേദമന്യേയുള്ള അന്താരാഷ്ട്ര സഹകരണം തുടങ്ങിയ പ്രധാന മേഖലകളിൽ പുതിയ ചോദ്യങ്ങൾ ഉയർന്നുവരാനും മഹാമാരി കാരണമായിട്ടുണ്ട്.
ഇതിൽനിന്ന് മുഖംതിരിക്കാൻ രാഷ്ട്രങ്ങൾക്കോ സർക്കാറുകൾക്കോ കഴിയില്ല. കൂടാതെ, ഇവയോട് അവധാനതയോടെ പ്രതികരിക്കാതെ യഥാർഥ ഉത്തരം കണ്ടെത്താനും കഴിയില്ല.
പ്രതിസന്ധികളെയൊന്നും രാഷ്ട്രത്തിന് ഒറ്റക്ക് നേരിടാനാകില്ല. ഇതിൽ സമൂഹത്തിെൻറയും വ്യാപാര വാണിജ്യ മേഖലയുടെയും കൂട്ടായ പരിശ്രമം അനിവാര്യമാണ്. അതോടൊപ്പം ഗവേഷണം, വരാനിരിക്കുന്ന മഹമാരികൾ കണ്ടെത്തുക, വാക്സിൻ കണ്ടെത്തലും വിതരണവും തുടങ്ങിയ രംഗത്ത് ആഗോളതലത്തിലുള്ള സഹകരണം അനിവാര്യവുമാണ്. ഒരു രാജ്യത്തിന് ഒറ്റക്ക് നേരിടാൻ കഴിയുന്നതല്ല ഇതെന്ന് ഒരിക്കൽകൂടി ഓർമിപ്പിക്കുന്നു. കേവലം സൈദ്ധാന്തികപരമായ ഉത്തരങ്ങളും മൂർച്ചയേറിയ ആശയങ്ങളും ഇവിടെ വിലപ്പോകില്ലെന്ന് തെളിയിക്കപ്പെട്ടതാണ്.
കോവിഡിനെ പ്രതിരോധിക്കുന്നതിനും പൊതുസമൂഹത്തിെൻറ സുരക്ഷ ഉറപ്പാക്കുന്നതിനും പരിണത ഫലങ്ങളെ നേരിടുന്നതിനുമായി ഖത്തർ വളരെ വേഗത്തിൽ പ്രതികരിച്ചിട്ടുണ്ട്.
മൂന്ന് മേഖലകളിലൂന്നിയാണ് ഖത്തർ പ്രവർത്തനങ്ങൾ നിയന്ത്രിച്ചത്. ഖത്തർ നടപ്പാക്കിയ ദേശീയ വാക്സിനേഷൻ േപ്രാഗ്രാം വിജയകരമായി മുന്നേറുകയാണ്. ഇതുവരെയായി രണ്ടര ദശലക്ഷത്തിലധികം ഡോസുകൾ വിതരണം ചെയ്തിട്ടുണ്ട്. 65 ശതമാനം ആളുകളും പൂർണമായും വാക്സിൻ സ്വീകരിച്ചിട്ടുമുണ്ട്.
കോവിഡിെൻറ ആഘാതം കുറക്കുന്നതിന് സ്വകാര്യമേഖലക്ക് പിന്തുണ നൽകുന്നതിെൻറ ഭാഗമായി 75 ദശലക്ഷം റിയാലിെൻറ സാമ്പത്തിക പാക്കേജാണ് പ്രഖ്യാപിച്ചത്. ലോക്ഡൗൺ നടപ്പാക്കുന്നതിൽ തീവ്രതയോ അലസതയോ കാണിച്ചിട്ടില്ല. ഖത്തർ നേരേത്ത ആർജിച്ചെടുത്ത പരിചയസമ്പത്തും വളരെ വേഗത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതും കോവിഡിെൻറ രണ്ടാംവരവിനെ തടുക്കുന്നതിൽ നിർണായമായി. സാധ്യമാകുന്ന മേഖലകളിലെല്ലാം സ്വയംപര്യാപ്തത കൈവരിക്കുന്നതിന് കൂടുതൽ േപ്രാത്സാഹനം നൽകി. സാമ്പത്തിക വൈവിധ്യവത്കരണം, സ്വകാര്യ മേഖലയെ പിന്തുണക്കുക, ദേശീയ വികസന കാഴ്ചപ്പാട് ലക്ഷ്യത്തിലെത്തിക്കുന്നതിനുള്ള നിക്ഷേപങ്ങളെ ഊർജിതമാക്കുക എന്നീ മേഖലകളിലൂന്നിയാണ് പ്രവർത്തിച്ചത്.
അടുത്ത ഘട്ടത്തിലേക്കുള്ള തയാറെടുപ്പുകളുടെ ഭാഗമായി സന്തുലിത സാമ്പത്തികനയമാണ് ഖത്തർ മുന്നോട്ടുവെക്കുന്നത്. നോർത്ത് ഫീൽഡിൽ ഉൽപാദനം വർധിപ്പിക്കുന്നതിനുള്ള പദ്ധതി പുരോഗമിക്കുകയാണ്. 2026ഓടെ ദ്രവീകൃത പ്രകൃതിവാതക ഉൽപാദനം 40 ശതമാനം വർധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാവി തലമുറയുടെ വളർച്ചക്കും വികാസത്തിനുമായിരിക്കും ഇതിെൻറ വരുമാനം വിനിയോഗിക്കുക. വരുമാന േസ്രാതസ്സുകൾ വൈവിധ്യമാക്കുന്നതിൽ ഇത് വലിയ പങ്കുവഹിക്കും. എണ്ണയിതര മേഖലയിൽ വലിയ പിന്തുണയാണ് നൽകുന്നത്. 2020ലെ ജി.ഡി.പിയിൽ 61 ശതമാനത്തിലധികമാണ് ഇതിൽ നിന്നുള്ള സംഭാവന.
രാജ്യത്ത് കൂടുതൽ വ്യാപാരസൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനും നിക്ഷേപം ആകർഷിക്കാനുമായി നിയമനിർമാണമടക്കമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സാമ്പത്തിക ക്രയവിക്രയങ്ങളിൽ നോൺ-ഖത്തരി മൂലധനം, പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള പങ്കാളിത്തം, ആരോഗ്യം, സാങ്കേതികവിദ്യ, ഫ്രീസോൺ തുടങ്ങിയവ അതിൽ പ്രധാനപ്പെട്ടതാണ്. ഹമദ് രാജ്യാന്തര വിമാനത്താവളം, തുറമുഖം എന്നിവയുടെ വികസനം രാജ്യത്തിെൻറ വളർച്ചക്ക് വൻ മുതൽക്കൂട്ടാകും.പരിസ്തിഥി ആഘാതം കുറക്കുന്നതും കുറവ് കാർബൺ പുറന്തള്ളപ്പെടുന്നതുമായ പ്രകൃതിവാതകമാണ് ഉൽപാദിപ്പിക്കുന്നതും കയറ്റുമതി ചെയ്യുന്നതും.
എന്നാൽ ഹരിത, സുസ്ഥിര, സമാന്തര ഊർജ േസ്രാതസ്സുകൾക്കായുള്ള ഗവേഷണം പുരോഗമിക്കുകയാണെന്നും അമീർ പറഞ്ഞു. കോവിഡ് മഹാമാരിയെത്തുടർന്ന് ആഗോള സാമ്പത്തിക മേഖലയെ ബാധിച്ച പ്രതിസന്ധിയെ മറികടക്കുകയെന്നതാണ് ഫോറത്തിെൻറ പ്രധാന ഉള്ളടക്കം. പൂർണമായും ഒാൺലൈനായി സംഘടിപ്പിക്കുന്ന മൂന്നു ദിവസം നീളുന്ന ഫോറത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അടക്കമുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളും സാമ്പത്തിക വിദഗ്ധരും നയരൂപകർത്താക്കളും പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.