ദോഹ: മേഖലയിൽ ഒന്നര മാസത്തോളമായി നില നിൽക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളുമായി തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ ഗൾഫ് പര്യടനത്തിനൊരുങ്ങുന്നു. ഖത്തർ, കുവൈത്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളാകും തുർക്കി പ്രസിഡൻറ് സന്ദർശിക്കുക. ഞായറാഴ്ച സൗദിയിലെത്തുന്ന ഉർദുഗാൻ തിങ്കളാഴ്ചയാണ് ഖത്തറിലേക്ക് തിരിക്കുക. ശേഷം കുവൈത്തും സന്ദർശിക്കും.
ജർമനിയിലെ ഹാംബർഗിൽ സമാപിച്ച ജി20 ഉച്ചകോടിക്ക് ശേഷം ഉർദുഗാൻ ഗൾഫ് മേഖല സന്ദർശിക്കുമെന്ന് അറിയിച്ചിരുന്നു. പട്ടാള അട്ടിമറി ശ്രമം പരാജയപ്പെടുത്തിയതിെൻറ ഒന്നാം വാർഷികാഘോഷം കഴിഞ്ഞ ഉടനെ പര്യടനം നടത്തുമെന്ന് പ്രസിഡൻറ് വക്താവും വ്യക്തമാക്കി. കുവൈത്ത് നടത്തിവരുന്ന മധ്യസ്ഥ ശ്രമങ്ങൾക്ക് നേരത്തെ തന്നെ തുർക്കി പിന്തുണ അറിയിച്ചിരുന്നു.
അതിനിടെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, ഉർദുഗാനുമായി ടെലഫോൺ സംഭാഷണം നടത്തി. തുർക്കിയുടെ ദേശീയ, ജനാധിപത്യ ദിനാഘോഷത്തിൽ ആശംസയറിയിക്കാനാണ് അമീർ വിളിച്ചത്. ഇതോടൊപ്പം മേഖലയിലെ സംഭവവികാസങ്ങളും സംഭാഷണ വിഷയമായി. ഖത്തറിന് മേൽ അയൽ രാജ്യങ്ങൾ ഏർപ്പടുത്തിയ ഉപരോധം അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടാണ് തുർക്കി സ്വീകരിക്കുന്നത്. ഉപരോധം നീക്കുന്നതിന് ഈ രാജ്യങ്ങൾ മുേമ്പാട്ടുവെച്ച ഉപാധികളെ ഉർദുഗാൻ വിമർശിച്ചിരുന്നു.
സഹോദരങ്ങൾക്കടിയിൽ ഉണ്ടാകുന്ന ഭിന്നതകൾ ആർക്കും ഉപകാരം ചെയ്യില്ല എന്നാണ് അദ്ദേഹം പ്രതികരിച്ചത്. എത്രയും വേഗം മേഖലയിൽ സമാധാനം പുനസ്ഥാപിക്കാൻ എല്ലാവരും മുൻകൈ എടുക്കണമെന്നും ഉർദുഗാൻ ആവശ്യപ്പെട്ടിരുന്നു. ഉപരോധം ആരംഭിച്ചതിന് ശേഷം മേഖല സന്ദർശിക്കുന്നത് രണ്ടാമത്തെ രാഷ്ട്രത്തലവനാണ് ഉർദുഗാൻ. കഴിഞ്ഞ ദിവസം സുഡാൻ പ്രസിഡൻറ് ഉമർ ബഷീർ കുവൈത്തും സൗദി അറേബ്യയും സന്ദർശിച്ചിരുന്നു.
ഖത്തറിൽ സൈനിക താവളം അടക്കമുള്ള തുർക്കിയുടെ പ്രസിഡൻറ് എന്ന നിലക്ക് ഉർദുഗാെൻറ സന്ദർശനത്തിന് വലിയ പ്രധാന്യമാണ് നിരീക്ഷകർ കൽപിക്കുന്നത്. ഉപരോധ രാജ്യങ്ങൾ മുന്നോട്ടുവെച്ച ഉപാധികളിൽ ഖത്തറിലെ തുർക്കി സൈനിക താവളം ഒഴിവാക്കണമെന്ന നിർദേശമുള്ള സാഹചര്യത്തിൽ പ്രത്യേകിച്ചും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.