ദോഹ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീതി പരത്തുന്ന എംപോക്സ് വൈറസ് (കരുങ്ങുപനി) ഖത്തറിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. രാജ്യത്തെ പൊതു-സ്വകാര്യ ആരോഗ്യ മേഖലകളിൽ എംപോക്സ് പ്രതിരോധ പ്രവർത്തനങ്ങളിൽ അതി ജാഗ്രത പാലിക്കുന്നതായും, സംശയിക്കപ്പെടുന്നതോ സ്ഥിരീകരിച്ചതോ ആയ കേസുകൾ റിപ്പോർട്ട് ചെയ്താൽ കൈകാര്യം ചെയ്യാനുള്ള തയാറെടുപ്പുകള്‍ മന്ത്രാലയം നടത്തിയതായും അധികൃതർ അറിയിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എംപോക്സ് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഖത്തര്‍ എംപോക്സ് മുക്തമാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്. രോഗം സ്ഥിരീകരിച്ച രാജ്യങ്ങളിൽനിന്ന് ഖത്തറിലേക്ക് വരുന്നവരിൽ എംപോക്സ് കേസുകൾ ഇല്ലെന്ന് ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
മധ്യവേനലവധി കഴിഞ്ഞ് ആഫ്രിക്കൻ മേഖലയിൽ നിന്നുൾപ്പെടെ നിരവധി പേർ ഖത്തറിലേക്ക് തിരിച്ചെത്തുന്ന സമയം കൂടിയാണിത്. ആഫ്രിക്കൻ മേഖലയിലെ രാജ്യങ്ങളിലേക്ക് അടുത്തിടെ യാത്ര ചെയ്യുകയോ വൈറസ് ബാധിച്ചവരുമായി അടുത്ത ബന്ധം പുലർത്തുകയോ ചെയ്തവരിലാണ് കൂടുതലായി രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
കിഴക്കൻ, മധ്യ ആഫ്രിക്കയിലെ ബാധിത പ്രദേശങ്ങളിൽ കേസുകളുടെ ദ്രുതഗതിയിലുള്ള വർധനവ് കാരണം ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തുമെന്നും ഖത്തർ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
1958ലാണ് എംപോക്സ് വൈറസ് ആദ്യമായി കണ്ടെത്തിയത്. 1970ൽ ആഫ്രിക്കയിലാണ് ആദ്യത്തെ മനുഷ്യ കേസ് റിപ്പോർട്ട് ചെയ്തത്. രോഗബാധിതനായ മനുഷ്യനുമായോ മൃഗവുമായോ വൈറസ് ബാധിച്ച വസ്തുക്കളുമായോ അടുത്ത സമ്പർക്കത്തിലൂടെയാണ് ഇത് പകരുന്നതെന്നാണ് മനസ്സിലാക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.